News >> സീറോ മലബാർ സഭയിൽ ദളിത് വികാസ് സൊസൈറ്റി രൂപീകരിക്കും

Source: Deepikaകൊച്ചി: ദളിത് കുടുംബങ്ങളിലെ യുവജനങ്ങളുടെ ഉപരിപഠനത്തിനു സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങൾ നൽകുന്നതിനു സീറോ മലബാർ സഭ ദളിത് വികാസ് സൊസൈറ്റി രൂപീകരിക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന സഭയുടെ 25-ാം സിനഡിന്റെ ഒന്നാം സമ്മേളനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.  ദളിത് സഹോദരങ്ങളുടെ ആത്മീയ, സാമൂഹ്യ മേഖലകളിലെ വളർച്ചയ്ക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നതിനു സഭ പ്രതിജ്‌ഞാബദ്ധമാണെന്നു സിനഡ് അഭിപ്രായപ്പെട്ടു.  സമൂഹത്തിലെ എല്ലാവർക്കും ലഭിക്കുന്ന അവകാശങ്ങളും നീതിയും ദളിതർക്കും ലഭിക്കണം. പഠനത്തിൽ മികവു പുലർത്തുന്ന അനേകം വിദ്യാർഥികൾ ദളിത് സമൂഹത്തിലുണ്ട്. ഇവരെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണ്. സഭയിലെ ദളിത് യുവജനങ്ങളുടെ ഉപരിപഠനത്തിനു സഹായം ലഭ്യമാക്കുന്നതിനു സഭയുടെ ആസ്‌ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ പ്രത്യേക കാര്യാലയം തുടങ്ങാനും സിനഡ് തീരുമാനിച്ചു.  ഭാരതത്തിനകത്തുള്ള മുഴുവൻ സീറോ മലബാർ പ്രവാസികൾക്കും, വിശ്വാസപരിശീലനത്തിനും പ്രഘോഷണത്തിനും അവസരമൊരുക്കാൻ പരിശ്രമങ്ങൾ തുടരേണ്ടതുണ്ട്.  നിലവിലെ സാഹചര്യത്തിൽ ജോലിക്കും പഠനത്തിനുമായി കേരളത്തിനു പുറത്തു പലയിടങ്ങളിലായി താമസിക്കുന്ന സഭാവിശ്വാസികൾക്കു വിശ്വാസപരമായ ആവശ്യങ്ങൾ നിർവഹിക്കാൻ മതിയായ സൗകര്യങ്ങൾ ലഭിക്കാത്തതിൽ സിനഡ് ആശങ്ക രേഖപ്പെടുത്തി.