News >> ക്രൈസ്തവ ആശുപത്രികള്‍ സുവിശേഷാരൂപിയില്‍ പ്രവര്‍ത്തിക്കണം


Source: Vatican Radio

ക്രൈസ്തവ ആശുപത്രികള്‍ പാവങ്ങള്‍ക്ക് മുന്‍ഗണന നല്കണം. കുട്ടികള്‍ക്കായുള്ള റോമിലെ വത്തിക്കാന്‍റെ ആശുപത്രിയുടെ പ്രസിഡന്‍റ്, മരിയേല ഈനോക് പ്രസ്താവിച്ചു.  കുട്ടികളുടെ ചികിത്സയ്ക്കായുള്ള വത്തിക്കാന്‍റെ റോമിലെ ആശുപത്രി, ജേസു ബംബീനോയുടെ (Gesu Bambino) പ്രസിഡന്‍റായി സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍ മരിയേല ഈനോക് ജനുവരി 10-Ɔ൦ തിയതി ചൊവ്വാഴ്ച  വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഇങ്ങനെ പ്രസ്താവിച്ചത്.

കത്തോലിക്കാ ആശുപത്രികള്‍ സുവിശേഷാരൂപി ഉള്‍ക്കൊള്ളുകയും പാവങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയുംവേണം. ക്രിസ്തുവിന്‍റെ മാതൃകയില്‍ പരിത്യക്തരെയും പാവങ്ങളെയും പ്രത്യേകമായി പരിചിരിക്കുകയായിരിക്കണം ക്രൈസ്തവ സ്ഥാപനങ്ങളുടെ ലക്ഷ്യം. പാപ്പാ ഫ്രാന്‍സിസിന്‍റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ഡോക്ടര്‍ മരിയേല വ്യക്തമാക്കി.

മറ്റുള്ള ആശ്രുപത്രികളുടെ പ്രവര്‍ത്തനശൈലിയും രീതികളും ഭരണസംവിധാനങ്ങളും അനുകരിക്കുന്നതില്‍ ഇന്ന് ക്രൈസ്തവസ്ഥാപനങ്ങള്‍ സംതൃപ്തി തേടിയിരിക്കുന്നത് ഖേദകരമാണ്.  വൈദ്യശാസ്ത്രത്തിന്‍റെയും സാങ്കേതികതയുടെയും മേഖലയില്‍ വികസനവും അനുകരണവും നല്ലതാണ്. എന്നാല്‍ പാവങ്ങളും സാധാരണക്കാരുമായവരെ അവഗണിച്ചുകൊണ്ടുള്ള വികസനം, വൈദഗ്ദ്ധ്യം, ആധുനികീകരണം, പാവങ്ങള്‍ക്ക് മുന്‍ഗണനയില്ലാത്ത പ്രവര്‍ത്തനരീതി, പേരെടുക്കാനുളള ശ്രമം എന്നിവ സുവിശേഷാരൂപിക്ക് വിരുദ്ധമാണെന്ന് ഡോക്ടര്‍ മരിയേല വിശദമാക്കി.

സഭയുടെ സുവിശേഷാധിഷ്ഠിതമായ പ്രേഷിതദൗത്യത്തില്‍ ഊന്നിനിന്നുകൊണ്ടുവേണം ആശുപത്രിയുടെ സാമ്പത്തിക ക്രമം പാലിക്കാന്‍. കത്തോലിക്കാ ആശുപത്രികളില്‍ ലാഭേച്ഛ അസ്ഥാനത്താണ്. സ്വകാര്യമേഖലയുടെയും പൊതുആരോഗ്യസുരക്ഷാ സംവിധാനങ്ങളുടെയും (Insurance based private treatments) സാമ്പത്തികരീതികള്‍ കത്തോലിക്കാ സ്ഥാപനങ്ങള്‍ അനുകരിക്കേണ്ടതില്ല. ഏറ്റവും നല്ല ശുശ്രൂഷയാണ് ലക്ഷ്യംവയ്ക്കേണ്ടത്. ഒപ്പം പാവങ്ങളാണ് മറ്റാരെയുംകാള്‍ അവിടങ്ങളില്‍ നന്നായി പരിചരിക്കപ്പെടേണ്ടതും. അതിനാള്‍ കത്തോലിക്കാ ആശുപത്രികള്‍ അവയുടെ പ്രവര്‍ത്തന ശൈലി പുനരാവിഷ്ക്കരിച്ച് സുവിശേഷരീതികളിലേയ്ക്ക് തിരിയണം. നഗരത്തിലെ അല്ലെങ്കില്‍ പട്ടണത്തിലെ മറ്റേത് ആശുപത്രിയുംപോലെ പ്രവര്‍ത്തിക്കാനും, അവയോടു കിടപിടിക്കാനുമുള്ള രീതിയിലുമാണ് മുന്നോട്ടുപോകുന്നതെങ്കില്‍‍ നമ്മുടെ അസ്തിത്വത്തിനുതന്നെ അര്‍ത്ഥമില്ലെന്ന് ഡോക്ടര്‍ മരിയേലാ അഭിപ്രായപ്പെട്ടു.

രോഗീപരചണം സുവിശേഷവീക്ഷണത്തില്‍ കാരുണ്യപ്രവൃത്തിയാണ്. മരിയേല കൂട്ടിച്ചേര്‍ത്തു.

മരിയേല ഈനോക് കുട്ടികള്‍ക്കായുള്ള വത്തിക്കാന്‍റെ റോമിലെ ചികിത്സാ-ഗവേഷണ കേന്ദ്രത്തിന്‍റെ പ്രസിഡന്‍റായി നിയമിതയായത് 2015 ഫെബ്രുവരിയിലാണ്. 2017 ജനുവരി 1-ന് വീണ്ടും ആ നിയമനം 4 വര്‍ഷത്തേയ്ക്കുകൂടെ പാപ്പാ ഫ്രാന്‍സിസ് നീട്ടിയതായി വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു. 72 വയസ്സുകാരി ഡോക്ടര്‍ മരിയേല ഈനോക് വടക്കെ ഇറ്റലിയിലെ നൊവാറാ സ്വദേശിനിയാണ്.

1869-ല്‍ സ്ഥാപിതമാണ് കുട്ടിക്കാള്‍ക്കായുള്ള വത്തിക്കാന്‍റെ 'ജേസു ബംബീനോ,' ഉണ്ണീശോയുടെ നാമത്തിലുള്ള ആശുപത്രി. ഇറ്റലിയിലും യൂറോപ്പിലും, അതിനുമപ്പുറവും വിഖ്യാതമാണ് "പാപ്പായുടെ ആശുപത്രി". റോമാനഗരത്തിന്‍റെ നാലു വ്യത്യസ്ത സ്ഥാനങ്ങളില്‍ ശാഖകളുള്ള വത്തിക്കാന്‍റെ സ്ഥാപനത്തില്‍ കുട്ടികളുടെ അത്യപൂര്‍വ്വരോഗങ്ങളുടെ ചികിത്സാസൗകര്യങ്ങളുണ്ട്. രാജ്യാന്തര ഗവേഷണ പഠനകേന്ദ്രവും ഇതിന്‍റെ പ്രത്യേകതയാണ്.  

2014-ല്‍ 'ജേസു ബംബീനോ' ആശുപത്രിയുമായി പ്രത്യേക കരാരില്‍ ഒപ്പുവച്ചുകൊണ്ട് അയല്‍പക്കത്തു സ്ഥിതിചെയ്യുന്ന ആശുപത്രിക്കായി വത്തിക്കാന്‍ തോട്ടത്തിലുള്ള 'ഹെലിപ്പാട്' പാപ്പാ ഫ്രാന്‍സിസ് തുറന്നുകൊടുത്തു.

2015 നവംബറില്‍ മദ്ധ്യാഫിക്ക സന്ദര്‍ശിച്ച പാപ്പാ ഫ്രാന്‍സിസ്, അഭ്യന്തരകലാപത്തിന്‍റെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും കെടുതിയില്‍പ്പെട്ട അവിടത്തെ കുട്ടികളുടെ അവസ്ഥകണ്ട് 'ജേസൂ ബംബീനോ' ആശുപത്രിയുടെ മറ്റൊരു ശാഖ തലസ്ഥാനഗരമായ ബാംഗ്വിയില്‍ ഉടനെ തുടങ്ങാന്‍ ഏര്‍പ്പാടാക്കിയതും ശ്രദ്ധേയമാണ്. കുട്ടികളുടെ ജീവന്‍ രക്ഷിക്കാനുള്ള ആശുപത്രിയുടെ അടിസ്ഥാന ലക്ഷ്യത്തോടൊപ്പം പാപ്പാ ഫ്രാന്‍സിസിന്‍റെ അതിയായ അജപാലന ദര്‍ശനവുമാണിത്.