News >> മേജർ ആർക്കി എപ്പിസ്‌കോപ്പൽ പദവിക്ക് 25 വയസ്; രജതജൂബിലി ഉദ്ഘാടനം ജനു.13 വൈകിട്ട് നാലിന്
Source: Sunday Shalom
കൊച്ചി: മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയായി ഉയർത്തപ്പെട്ടതിന്റെ 25-ാം വർഷത്തിൽ സീറോ മലബാർ സഭ. രജതജൂബിലി ആചരണത്തിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിനു സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും. സഭയിലെ മെത്രാന്മാർക്കൊപ്പം വൈദീക, സന്യസ്ത, അല്മായ പ്രതിനിധികളും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.
സഭാംഗങ്ങൾക്കായി രജതജൂബിലി വർഷത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രബോധനരേഖ നൽകും. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലിയുടെ പശ്ചാത്തലത്തിൽ ഒന്നായ് മുന്നോട്ട് എന്ന പേരിൽ തയാറാക്കിയ പ്രബോധനരേഖയിൽ ക്രിസ്തുവിന്റെ പ്രത്യക്ഷീകരണ തിരുനാൾ ദിനമായ ജനുവരി ആറിനു മേജർ ആർച്ച്ബിഷപ് ഒപ്പുവച്ചു. പ്രബോധനരേഖയുടെ പ്രകാശനം ഇന്നു കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും.
പൗരസ്ത്യ കത്തോലിക്കാ സഭകളിൽ വിശ്വാസികളുടെ എണ്ണത്തിലും അജപാലനമേഖലകളുടെ വ്യാപ്തിയിലും മുൻനിരയിലുള്ള സീറോ മലബാർ സഭയെ 1992 ഡിസംബർ പതിനാറിനു ജോൺപോൾ രണ്ടാമൻ മാർപാപ്പയാണു മേജർ ആർക്കി എപ്പിസ്‌കോപ്പൽ പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള ബ്യൂളയിൽ (പേപ്പൽ ഉത്തരവ്) ഒപ്പുവച്ചത്.
മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയായി ഉയർത്തിയതും കർദിനാൾ മാർ ആന്റണി പടിയറയെ പ്രഥമ മേജർ ആർച്ച്ബിഷപ്പായി നിയമിച്ചതും സംബന്ധിച്ചുള്ള മാർപാപ്പയുടെ തീരുമാനം (ക്യൂ മജോറി ക്രിസ്തീസിതേലിയും) 1993 ജനുവരി 29നു എറണാകുളം മേജർ ആർച്ച്ബിഷപ്‌സ് ഹൗസിലെത്തി ഇന്ത്യയിലെ അപ്പസ്‌തോലിക് പ്രൊനുൺഷ്യോ ആർച്ച്ബിഷപ് ഡോ. ജോർജ് സൂർ ആണ് ഔദ്യോഗികമായി അറിയിച്ചത്. ആർച്ച്ബിഷപ് ഏബ്രഹാം കാട്ടുമനയെ സഭയുടെ പൊന്തിഫിക്കൽ ഡലഗേറ്റായി മാർപാപ്പ നിയമിച്ച വിവരവും അദ്ദേഹം പ്രഖ്യാപിച്ചു.
1997 ജനുവരി 18നു കർദിനാൾ മാർ വർക്കി വിതയത്തിൽ സഭയുടെ രണ്ടാമത്തെ മേജർ ആർച്ച്ബിഷപ്പായി അഭിഷിക്തനായി. 2011 ഏപ്രിൽ ഒന്നിനു അദ്ദേഹം ദിവംഗതനായി. മേയ് 26നു സഭയുടെ സിനഡ് തക്കല ബിഷപ്പായിരുന്ന മാർ ജോർജ് ആലഞ്ചേരിയെ സഭയുടെ മൂന്നാമത്തെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെടുത്തു. മേയ് 29നായിരുന്നു സ്ഥാനാരോഹണം.
മേജർ ആർക്കി എപ്പിസ്‌കോപ്പൽ പദവിയിലേക്കുയർത്തപ്പെട്ടശേഷം സീറോ മലബാർ സഭയുടെ അജപാലനപ്രവർത്തനങ്ങൾ ലോകമെമ്പാടും സജീവമായി. ലോകമെമ്പാടും അമ്പതു ലക്ഷത്തോളം വിശ്വാസികളുള്ള സീറോ മലബാർ സഭയ്ക്കു 32 രൂപതകളും 58 മെത്രാന്മാരുമുണ്ട്. കാ്യൂഡയിൽ മിസിസാഗ ആസ്ഥാ്യൂമായി സഭയ്ക്ക് എക്‌സാർക്കേറ്റു്യു്. ഇന്ത്യയിലും ്യൂ്യൂസിലാൻഡിലും യൂറോപ്പിലും ഇപ്പോൾ സഭയ്ക്ക് അപ്പസ്‌തോലിക് വിസിറ്റേറ്റർമാരുമു്യു്.
ഇന്ത്യയ്ക്കുള്ളിൽ 29 രൂപതകളാണു സഭയ്ക്കുള്ളത്. അദിലാബാദ്, ബൽത്തങ്ങാടി, ഭദ്രാവതി, ബിജ്‌നോർ, ഛാന്ദ, ചെങ്ങനാശേരി, എറണാകുളം-അങ്കമാലി, ഫരീദാബാദ്, ഖരക്പൂർ, ഇടുക്കി, ഇരിങ്ങാലക്കുട, ജഗദൽപുർ, കല്യാൺ, കാഞ്ഞിരപ്പിള്ളി, കോതമംഗലം, കോട്ടയം, മാനന്തവാടി, മാണ്ഡ്യ, പാല, പാലക്കാട്, രാജ്‌കോട്ട്, രാമനാഥപുരം, സാഗർ, സത്‌ന, തലശേരി, താമരശേരി, തക്കല, തൃശൂർ, ഉജ്ജയിൻ എന്നിവയാണ് ഇന്ത്യയിലെ സീറോ മലബാർ രൂപതകൾ.
2875 ഇടവകകൾ സീറോ മലബാർ സഭയിലുണ്ട്. 4065 രൂപത വൈദികരും 3540 സന്യാസസമൂഹങ്ങളിലെ വൈദികരും 36000 സന്യാസിനികളും സീറോ മലബാർ സഭയിൽ ശുശ്രൂഷ ചെയ്യുന്നു. 309 പേരാണ് 2016ൽ സീറോ മലബാർ സഭയിൽ നവവൈദികരായി അഭിഷിക്തരായത്.
സഭയിലെ 5048 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും 3141 സന്നദ്ധസ്ഥാപനങ്ങളുടെയും സേവനം ജാതിമതഭേദമന്യേയുള്ള ജനങ്ങൾക്കു ലഭിക്കുന്നു. ഗൾഫിലും മറ്റു രാജ്യങ്ങളിലും സഭയുടെ അജപാലനശുശ്രൂഷയ്ക്കു സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയിലെ ചിക്കാഗോ, ഓസ്‌ട്രേലിയയിലെ മെൽബൺ, ഗ്രേറ്റ് ബ്രിട്ടണിലെ പ്രസ്റ്റൺ എന്നിവയാണു ഇന്ത്യയ്ക്കു പുറത്തുള്ള സീറോ മലബാർ രൂപതകൾ. ഇന്ത്യയ്ക്കു പുറത്ത് ആറു മെത്രാന്മാർ ശുശ്രൂഷ ചെയ്യുന്നു. ഇന്ത്യയിൽ സീറോ മലബാർ രൂപതാതിർത്തികൾക്കു പുറത്തുള്ള മേഖലകളുടെ അജപാലനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അപ്പസ്‌തോലിക് വിസിറ്റേറ്ററുണ്ട്.