News >> ബംഗ്ലാദേശിലെ സഭയ്ക്ക് ദൈവവിളിയുടെ വസന്തകാലം

Source: Sunday Shalom


നാേട്ടാർ: ബംഗ്ലാദേശിലെ സഭയ്ക്ക് 13 നവവൈദികർ. രാജ്ഷാഹി രൂപതയിലെ നാട്ടോറിലുള്ള ബോൻപുരാ ദൈവാലയത്തിൽ നടന്ന പൗരോഹിത്യ അഭിഷേക ചടങ്ങിൽ രാജ്ഷാഹി രൂപതാ അധ്യക്ഷൻ ഗർവാസ് റൊസാരിയോ മുഖ്യകാർമികത്വം വഹിച്ചു. 500റോളം വിശ്വാസികൾക്ക് പുറമെ 40 വൈദികരും ചടങ്ങിൽ പങ്കെടുത്തു.

യുറോപ്പിൽനിന്നും അമേരിക്കയിൽ നിന്നും വ്യതസ്തമായി സമീപകാലഘട്ടങ്ങളിൽ വൈദിക ജീവിതാന്തസ്സ് തിരഞ്ഞെടുക്കുന്നവരുടെ സംഖ്യയിൽ വർദ്ധനയുണ്ടെന്ന് രാജ്യത്തെ ഏക മേജർ സെമിനാരിയായ പരിശുദ്ധാത്മ മേജർ സെമിനാരി റെക്ടർ ഫാ. ഇമ്മാനുവൽ കാൻ റൊസാരിയോ പങ്കുവച്ചു. സെമിനാരി നിറയെ യുവജനങ്ങളാണ്. ഒരോ വർഷവും വൈദികാന്തസ്സ് തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന നിരവധിയയാളുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വൈദികരായ പലരും ഇപ്പോൾ വിദേശത്ത് മിഷനറിമാരായി സേവനം ചെയ്യുന്നു. ബംഗ്ലാദേശിൽ നിന്നുള്ള മിഷനറിമാരെ ചൈനയിലേക്ക് അയക്കണമെന്ന് രണ്ട് ചൈനീസ് ബിഷപ്പുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് കുടുംബങ്ങൾ നേരിടുന്ന പ്രതിസന്ധിയും കുട്ടികളുടെ കുറവും ഭാവിയിൽ ദൈവവിളി കുറയാൻ ഇടയാക്കിയേക്കാം എന്ന മുന്നറിയിപ്പും ഫാ. റൊസാരിയോ നൽകുന്നു.

16 കോടി ജനങ്ങളുള്ള ബംഗ്ലാദേശിൽ .6 ശതമാനം ക്രൈസ്തവർ മാത്രമാണുള്ളത്. ആറ് ലക്ഷത്തോളം വിശ്വാസികളും 1000 സിസ്റ്റർമാരും 500-റോളം വൈദികരും ഒരു കർദിനാളും അടങ്ങുന്ന റോമൻ കത്തോലിക്കരാണ് ക്രൈസ്തവ വിശ്വാസികളിൽ കൂടുതലുള്ളത്.