News >> 2018-ലെ മെത്രാന്‍സിനഡിന് ഒരുക്കമായുള്ള രേഖ: സ്നേഹശിഷ്യന്‍റെ കാല്‍ച്ചുവടുകളില്‍


Source: Vatican Radio

''യുവജനം, വിശ്വാസവും ദൈവവിളിവിവേചിക്കലും'' എന്ന വിഷയത്തെ ആധാരമാക്കി 2018 ഒക്ടോബറില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡിന് ഒരുക്കമായുള്ള രേഖ  പ്രസിദ്ധീകരിച്ചു.  2017 ജനുവരി പതിമൂന്നാം തീയതി സിനഡിനൊരുക്കമായുള്ള ഈ രേഖ, ''സ്നേഹിക്കപ്പെട്ട ശിഷ്യന്‍റെ കാല്‍ച്ചുവടുകളില്‍'' എന്ന ശീര്‍ഷകത്തോടെയാണ്  പ്രസിദ്ധീകൃതമായിരിക്കുന്നത്.  ഇന്നത്തെ യുവജനങ്ങളുടെ ലോകത്തെ മനസ്സിലാക്കുന്നതിനും ഇന്‍സ്ട്രുമെന്തും ലബോറിസ്  (Instrumentum Laboris) എന്ന സിനഡുരേഖ തയ്യാറാക്കുന്നതിനും ആവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതിനുതകുന്ന ചോദ്യങ്ങളോടെ പുറത്തിറക്കിയിരിക്കുന്ന ഈ രേഖ മൂന്നധ്യായങ്ങളിലായിട്ടാണ് തയ്യാറാക്കിയിരിക്കുന്നത്.

ആദ്യാധ്യായം ഇന്നത്തെ യുവജനങ്ങളുടെ ലോകത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ രണ്ടാമധ്യായം അവരുടെ വിശ്വാസത്തെക്കുറിച്ചും ദൈവവിളി വിവേചിക്കലിനെക്കുറിച്ചും, അതായത് വരുന്ന സിനഡിന്‍റെ വിഷയംതന്നെ ചര്‍ച്ച ചെയ്യുന്നു.  അതിനുള്ള അജപാലനപദ്ധതി വിശദീകരിക്കുന്ന മൂന്നാമധ്യായത്തില്‍ യുവജനങ്ങളോടൊത്തുള്ള സഹഗമനവും അതിനുള്ള പ്രവര്‍ത്തനസംഘവും വിഭവങ്ങളും എങ്ങനെയായിരിക്കണമെന്ന വിഷയമാണ് പഠനവിഷയമാക്കിയിരിക്കുന്നത്.  ഇക്കാര്യങ്ങളെക്കുറിച്ചുള്ള വിവരശേഖരണത്തിന് ഉപയുക്തമായ ചോദ്യാവലികൂടി ചേര്‍ത്തിരിക്കുന്ന ഈ രേഖ തികച്ചും വരാന്‍ പോകുന്ന സിനഡിനു സമഗ്രമായ ഒരു തയ്യാറെടുപ്പ് ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്.