News >> സ്നേഹത്തിന്‍റെ ആനന്ദവും അടുത്ത സിനഡുസമ്മേളനവും
Source: Vatican Radioജീവിതത്തിന്‍റെ ശരിയായ തിരഞ്ഞെടുപ്പുകളിലേയ്ക്ക് യുവജനങ്ങളെ നയിക്കുകയാണ് മെത്രാന്മാരുടെ അടുത്ത സിനഡു സമ്മേളനത്തിന്‍റെ ലക്ഷ്യമെന്ന് സിനഡിന്‍റെ സെക്രട്ടറി ജനറല്‍, കര്‍ദ്ദിനാള്‍ ലൊറെന്‍സോ ബാള്‍ദിസേരി പ്രസ്താവിച്ചു. ഒകടോബര്‍ 2018-ലാണ് അടുത്ത സിനഡ് സമ്മേളനം. "യുവജനങ്ങളുടെ വിശ്വാസവും, ജീവിത തിരഞ്ഞെടുപ്പുകളും" എന്നതാണ് പ്രമേയം.ജനുവരി 12-Ɔ൦ തിയതി വ്യാഴാഴ്ചത്തെ വത്തിക്കാന്‍റെ ദിനപത്രം 'ഒസര്‍വത്തോരെ റൊമാനോ'യ്ക്കു (L'Osservatore Romano) നല്കിയ അഭിമുഖത്തിലാണ് യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള അടുത്ത സിനഡു സമ്മേളനത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി ഇങ്ങനെ അഭിപ്രായപ്പെട്ടത്.കുടുംബങ്ങളെക്കുറിച്ചുള്ള കഴിഞ്ഞ രണ്ടു സിനഡുകളില്‍നിന്നും ഉരുത്തിരിഞ്ഞ പ്രബോധനമാണ് Amoris Laetitia 'സ്നേഹത്തിന്‍റെ ആനന്ദം'. യുവജനങ്ങളുടെ ജീവിത തിരഞ്ഞെടുപ്പുകളിലേയ്ക്കും, വിശിഷ്യാ അവരില്‍ ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്ന കുടുംബാംന്തസ്സിലേയ്ക്കും പ്രവേശിക്കുന്നതിന് സഹായകമാകുന്ന രീതിയിലാണ് 2018-ലെ സിനഡിന്‍റെ പ്രമേയം ക്രമീകരിക്കപ്പെട്ടിരിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി വ്യക്തമാക്കി.കുടുംബങ്ങളെക്കുറിച്ചുള്ള സിനഡിന്‍റെ പ്രബോധനം 'സ്നേഹത്തിന്‍റെ ആനന്ദം' മാനവികതയ്ക്ക്, വിശിഷ്യാ കുടുംബങ്ങള്‍ക്കുള്ള സഭയുടെ വിലപ്പെട്ട സമ്മാനമാണ്. അതുമായി ബന്ധപ്പെട്ടുവരുന്ന അടുത്ത സിനഡില്‍, യുവജനങ്ങളുടെ ജീവിതാന്തസ്സിന്‍റെ തിരഞ്ഞെടുപ്പ് - വിവാഹം, കുടുംബജീവിതം, മറ്റു ജീവിതാവസ്ഥകളിലേയ്ക്കുള്ള അവരുടെ ദൈവവിളി എന്നീ വിഷയങ്ങള്‍ പ്രത്യേകമായി ചര്‍ച്ചചെയ്യപ്പെടും. അതിനാല്‍ കുടുംബങ്ങളെക്കുറിച്ചുള്ള കഴിഞ്ഞ സിനഡിന്‍റെ തുടര്‍ച്ചതന്നെയാണ് യുവജനങ്ങള്‍ക്കായുള്ള ആസന്നമാകുന്ന സിനഡില്‍ പാപ്പാ ഫ്രാന്‍സിസ് വിഭാവനംചെയ്യുന്നതെന്ന് കര്‍ദ്ദിനാള്‍ ബാള്‍ദിസ്സേരി ചൂണ്ടിക്കാട്ടി.