News >> കെസിഎസ്എല്‍ ശതാബ്ദി മഹാസംഗമം നാളെ(2 Oct) വല്ലാര്‍പാടത്ത്
കൊച്ചി: കേരള കാത്തലിക് സ്റുഡന്റ്സ് ലീഗ് (KCSL) ശതാബ്ദി നിറവില്‍. പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ശതാബ്ദി മഹാസംഗമം നാളെ വല്ലാര്‍പാടം ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ ഉദ്ഘാടനംചെയ്യും. സമ്മേളനത്തിനു മുമ്പായി വല്ലാര്‍പാടം കണ്െടയ്നര്‍ ജംഗ്ഷനില്‍ ഉച്ചയ്ക്ക് ഒന്നിനു ശതാബ്ദി റാലി ചലച്ചിത്രനടന്‍ നിവിന്‍ പോളി ഫ്ളാഗ് ഓഫ് ചെയ്യും.
വല്ലാര്‍പാടം തീര്‍ഥാടനകേന്ദ്രത്തില്‍ മൂന്നിനാണു മഹാസംഗമത്തിന്റെ ഉദ്ഘാടനം. റെക്സ്ബാന്‍ഡ് ഒരുക്കുന്ന സംഗീത വിരുന്നിനുശേഷം എറണാകുളം സെന്റ് തെരേസാസ് ഹൈസ്കൂള്‍ വിദ്യാര്‍ഥിനികളുടെ രംഗപൂജ. തുടര്‍ന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാനും കെസിഎസ്എല്‍ രക്ഷാധികാരിയുമായ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യപ്രഭാഷണം നടത്തും.
ശതാബ്ദിയാഘോഷങ്ങളോടൊപ്പം സാമൂഹികനന്മയ്ക്കും രാഷ്ട്രപുരോഗതിക്കും ഉതകുന്ന മൂല്യങ്ങളുടെ വരുംതലമുറകളിലേക്കുള്ള കൈമാറ്റത്തിനു മഹാസംഗമവേദി സാക്ഷ്യം വഹിക്കുമെന്നു സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അവയവദാനം, രക്തദാനം, ലഹരിവിരുദ്ധപ്രവര്‍ത്തനം, പരിസ്ഥിതി സംരക്ഷണം, സമ്പാദ്യശീലം എന്നിവയെക്കുറിച്ചു വിദ്യാര്‍ഥികളെ ബോധവത്കരിക്കാനുള്ള പരിപാടി മഹാസംഗമവേദിയില്‍ സംഘടിപ്പിക്കുമെന്നു ശതാബ്ദിയാഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഫാ.അനില്‍ കിളിയേല്‍ക്കുടി, ജനറല്‍ കണ്‍വീനര്‍ ഫാ. ആന്റണി ലിജോ ഓടത്തക്കല്‍, സംസ്ഥാന ജനറല്‍ ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, ജനറല്‍ ഓര്‍ഗനൈസര്‍ എം.എസ്. ജോസ് അനൂബ് എന്നിവര്‍ പറഞ്ഞു.
കേരളത്തിലെ 24 രൂപതകളിലെ നാലായിരത്തോളം സ്കൂളുകളിലായി ആറു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ കെസിഎസ്എല്‍ അംഗങ്ങളാണ്. അധ്യാപകരായ ആറായിരത്തോളം ആനിമേറ്റര്‍മാരും സഖ്യത്തിലുണ്ട്. ശതാബ്ദിയോടനുബന്ധിച്ചു രൂപതാ യൂണിറ്റുകള്‍ ദുര്‍ബലര്‍ക്കുള്ള ഭവനനിര്‍മാണം, സൌജന്യ പഠനോപകരണ വിതരണം തുടങ്ങിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Source: Deepika