News >> കാരുണ്യക്കൂട്ടായ്മ ഫിലിപ്പീന്‍സില്‍
Source: Vatican Radioഫിലിപ്പീന്‍സില്‍ സമ്മേളിക്കുന്ന കാരുണ്യത്തിന്‍റെ നാലാമത് ആഗോള അപ്പസ്തോലിക സമ്മേളനത്തിന് (World Apostolic Congress on Mercy : Wacom IV) പാപ്പാ ഫ്രാന്‍സിസ് പ്രത്യേക പ്രതിനിധിയെ നിയോഗിച്ചു. ഫ്രാന്‍സിലെ ലിയോണ്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഫിലിപ്പെ ബാര്‍ബെരീനെയാണ് തന്‍റെ പ്രത്യേക പ്രതിനിധിയായി പാപ്പാ ഫ്രാന്‍സിസ് നിയോഗിച്ചത്.ഈ രാജ്യാന്തര അപ്പസ്തോലിക സമ്മേളനത്തിന്‍റെ സെക്രട്ടറി ജനറലും, ഫ്രാന്‍സിലെ ആര്‍സ് എന്ന സ്ഥലത്തെ വികാരിയുമായ ഫാദര്‍ പാട്രിക് ചോചോല്‍സ്കിയെയും, പ്രസ്ഥാനത്തിന്‍റെ ഏഷ്യന്‍ വിഭാഗം സെക്രട്ടറി ജനറലും, ഫിലിപ്പീന്‍സിലെ കാരുണ്യത്തിന്‍റെ ദേശീയ തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ റെക്ടറുമായ ഫാദര്‍ വിക്ടര്‍ തെനോരിയോ-യെയും കര്‍ദ്ദിനാള്‍ ബാര്‍ബെരീനോടൊപ്പം പ്രതിനിധി സംഘത്തില്‍ പാപ്പാ ഉള്‍പ്പെടുത്തിയിട്ടുള്ളതായി ജനുവരി 12-Ɔ൦ തിയതി പ്രസിദ്ധപ്പെടുത്തിയ വത്തിക്കാന്‍റെ പ്രസ്താവന അറിയിച്ചു.ജനുവരി 16-മുതല്‍ 20-വരെ തിയതികളിലാണ് ഫിലിപ്പീന്‍സില്‍ കാരുണ്യത്തിന്‍റെ ആഗോള അപ്പസ്തോലിക സമ്മേളനം നടക്കാന്‍ പോകുന്നത്. "കാരുണ്യത്തിന്‍റെ കൂട്ടായ്മയും പ്രേഷിതദൗത്യവും" എന്ന പ്രമേയവുമായിട്ടാണ് നാലാമത് രാജ്യാന്തര പ്രേഷിതസമ്മേളനം തലസ്ഥാനനഗരമായ മനിലയില്‍ ആരംഭിക്കുന്നത്.മനിലയിലെ ഭദ്രാസനദേവാലയം, സെന്‍റ് തോമസ് യൂണിവേഴ്സിറ്റി ക്യാമ്പസ്, ബതാംഗാസ്, ബുലാകാന്‍, ബത്താന്‍ എന്നിങ്ങനെ ഫിലിപ്പീന്‍സിന്‍റെ വിവിധ വേദികളിലായിട്ടാണ് കാരുണ്യത്തിന്‍റെ രാജ്യാന്തര അപ്പസ്തോലിക സംഗമം ഓരോ ദിവസവും അരങ്ങേറുന്നത്.