News >> പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന സമാധാനവഴികളെക്കുറിച്ച്


Source: Vatican Radio

ലോകത്തോടു സഭ കാണിച്ച ദൈവികമായ ഔദാര്യമായിരുന്നു കാരുണ്യത്തിന്‍റെ ജൂബിലി. ദക്ഷിണാഫ്രിക്കന്‍ രാജ്യമായ അംഗോളയുടെ വത്തിക്കാനിലേയ്ക്കുള്ള അംബാസഡര്‍, ഫെര്‍ണാണ്ടസ് ആര്‍മീന്തോ വെയിരായുടെ പ്രസ്താവനയാണിത്.

180 രാജ്യങ്ങളില്‍നിന്നും വത്തിക്കാനിലേയ്ക്കുള്ള അംബാസിഡര്‍മാരെ ജനുവരി 9-Ɔ൦ തിയതി തിങ്കളാഴ്ച പാപ്പാ ഫ്രാന്‍സിസ് ക്ലെമെന്‍റൈന്‍ ഹാളില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ച് പുതുവത്സരസന്ദേശം നല്കി. പാപ്പാ നല്കിയ സമാധാനത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പ്രഭാഷണത്തിനു നന്ദിയര്‍പ്പിച്ചുകൊണ്ടാണ് വെയിരാ ഇങ്ങനെ പ്രസ്താവിച്ചത്. വത്തിക്കാനിലേയ്ക്കുള്ള നയതന്ത്രപ്രതിനിധികളുടെ തലവന്‍ (Dean of the Diplomatic Corps to the Holy See) എന്ന നിലയിലാണ് പാപ്പായുടെ സാന്നിദ്ധ്യത്തില്‍ അംബാസിഡര്‍ വെയിരാ നന്ദിയര്‍പ്പിച്ചത്.

വിവിധതരത്തിലുള്ള സംഘട്ടനങ്ങളാല്‍ സമാധാനമില്ലാതെ കേഴുന്ന രാജ്യങ്ങള്‍ക്ക് അവരുടെ യാതനകള്‍ ലഘൂകരിക്കാനുള്ള അനുരഞ്ജനത്തിന്‍റെ മാര്‍ഗ്ഗമായിരുന്നു കാരുണ്യത്തിന്‍റെ ജൂബിലി ആചരണം. അതില്‍നിന്നും ഉരുത്തിരിഞ്ഞ Misericordia et Misera, 'കാരുണ്യവും കദനവും'  എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ നവമായ പ്രബോധനം ദൈവികകാരുണ്യത്തോടുള്ള ഭക്തിയിലും വിശ്വാസത്തിലും മെനഞ്ഞെടുത്ത ഒളിമങ്ങാത്ത മാനവികസാക്ഷ്യമാണ് പ്രതിഫലിപ്പിക്കുന്നത്. വെയിരാ പ്രസ്താവിച്ചു. ക്ഷമയാണ് അനുരഞ്ജനത്തിനുള്ള ഏകമാര്‍ഗ്ഗമെന്ന് ലോകത്തിന് വ്യക്തമാക്കിക്കൊടുക്കാന്‍ 'കരുണ' യെന്ന പുണ്യത്തിന്‍റെ അര്‍ത്ഥം ജൂബിലിവര്‍ഷത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് ചുരുളഴിച്ചു തന്നു. അമൂര്‍ത്തമായ ദൈവികപുണ്യമല്ല കാരുണ്യം. മറിച്ച് മാപ്പുനല്കിയും മാപ്പുസ്വീകിരിച്ചും അനുദിനം ജീവിക്കേണ്ടതും, ക്ഷമയിലൂടെ യാഥാര്‍ത്ഥ്യമാക്കേണ്ടതുമായ മാനുഷികഗുണവും പുണ്യവുമാണെന്ന് പാപ്പാ ജനതകളെ പഠിപ്പിച്ചു.

ക്രൈസ്തവൈക്യത്തിന്‍റെയും മതാന്തര സംവാദത്തിന്‍റെയും പാതയില്‍ പാപ്പാ ഫ്രാന്‍സിസിസ് എടുത്തിരിക്കുന്ന ചുവടുവയ്പുകള്‍ സമാധാനമാര്‍ഗ്ഗങ്ങളാണ്. അവ ലോകസമാധാന വഴികളിലെ സംവാദത്തിന്‍റെ നാഴികക്കല്ലുകളാണ്. ഈജിപ്തിലെ ശ്രേഷ്ഠനായ ഇമാം, റഷ്യയിലെ പാത്രിയര്‍ക്കിസ് കിരില്‍, ലൂതറന്‍ സഭാനേതൃത്വം എന്നിവരുമായുള്ള കൂടിക്കാഴ്ചകളും, ലെസ്ബോസ് ദ്വീപിലേയ്ക്കു സഭൈക്യതലത്തില്‍ നടത്തിയ സന്ദര്‍ശനവും സമാധാനവഴിയിലെ കാല്‍വയ്പുകളാണ്. അംബാസിഡര്‍ വെയിരാ ഒരോന്നും അനുസ്മരിച്ചു. ഈ സൗഹൃദവേദികളിലെല്ലാം പാപ്പാ ഫ്രാന്‍സിസ് ഒപ്പുവച്ച സംയുക്തപ്രഖ്യാപനങ്ങള്‍ സംഘട്ടനത്തിന്‍റെ വെല്ലുവിളികളെ സമാധാനത്തിന്‍റെ പാതയിലേയ്ക്കു തിരിച്ചുവിടാന്‍ പോരുന്നവയാണെന്ന് അംബാസഡര്‍ വെയിരാ വിശേഷിപ്പിച്ചു. 

 സാമൂഹ്യാതിര്‍ത്തികളിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ പക്കലേയ്ക്ക് പാപ്പാ ഫ്രാന്‍സിസ് നടത്തിയ അപ്പോസ്തോലിക യാത്രകള്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് മാതൃകയാണ്. പ്രതിസന്ധികള്‍ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ സമാധാനത്തിന്‍റെയും, പൗരന്മാരുടെ സാമൂഹ്യസുരക്ഷയുടെയും സംവിധാനങ്ങള്‍ തച്ചുടയ്ക്കുന്നത് ആവരുതെന്ന് രാഷ്ട്രങ്ങള്‍ക്കും അവയുടെ നയതന്ത്രജ്ഞന്മാര്‍ക്കും നല്കിയ സന്ദേശങ്ങളില്‍ പാപ്പാ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്‍റെ ജീവിതംകൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും ലാളിത്യത്തിന്‍റെ മാതൃകയാണ് പാപ്പാ ഫ്രാന്‍സിസ് ലോകത്തിന് ദൃശ്യമാക്കുന്നത്. "ഏറ്റവും വലിയവന്‍ ചെറിയവനെപ്പോലെയും അധികാരമുള്ളവന്‍ ശുശ്രൂഷകനെപ്പോലെയും ആയിരിക്കട്ടെ...!" (ലൂക്കാ 22, 26).

കുടിയേറ്റം ഒരു പ്രതിഭാസം മാത്രമല്ല, അത് ഭൂമിയില്‍ മനുഷ്യകുലത്തിന്‍റെ മാനവിക അവസ്ഥയാണെന്ന് അങ്ങ് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്. അതുപോലെ പരിസ്ഥിതിയും അതിന്‍റെ സന്തുലിതാവസ്ഥയും മാനവികതയുടെ നന്മയ്ക്കായി നീതിയിലും സമാധാനത്തിലും പരിരക്ഷിക്കപ്പെടണമെന്നും പ്രബോധിപ്പിക്കുന്നു.

ഇടയക്കുട്ടികള്‍വഴി ലോകത്തിന് സമാധാനസന്ദേശം നല്കിയ ഫാത്തിമാനാഥയുടെ ദര്‍ശനത്തിന്‍റെ ശതാബ്ദിനാളുകളാണിത്. മനുഷ്യമനസ്സുകളില്‍ മാപ്പിന്‍റെയും അനുരഞ്ജനത്തിന്‍റെയും വിത്തുപാകാന്‍ കന്യകാനാഥ രാഷ്ട്രനേതൃത്വങ്ങളെ തുണയ്ക്കട്ടെ! മുറിപ്പെട്ട കുടുംബങ്ങളില്‍ ഫാത്തിമാനാഥ സമാധാനം വളര്‍ത്തട്ടെ! ജനതകള്‍ സമാധാനത്തില്‍ വളരട്ടെ! നന്ദിയുടെ വാക്കുകള്‍ പുതുവത്സരാശംസകളോടെയാണ് അംബാസഡര്‍ ഫെര്‍ണാണ്ടസ് ആര്‍മീന്തോ വെയിരാ ഉപസംഹരിച്ചത്.