News >> യേശുവിന്‍റെ ദാസമനോഭാവമാണ് അവിടുത്തെ ആധികാരികത: ഫ്രാന്‍സീസ് പാപ്പാ


Source: Vatican Radio

2017 ജനുവരി പത്താം തീയതി സാന്താമാര്‍ത്തായിലര്‍പ്പിച്ച ദിവ്യബലിമധ്യേ,അധികാരത്തോടെയുള്ള യേശുവിന്‍റെ പ്രബോധനത്തെ അവതരിപ്പിക്കുന്ന സുവിശേഷഭാഗം (മര്‍ക്കോ 1:21-28) വ്യാഖ്യാനിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ  നല്കിയ സന്ദേശത്തില്‍നിന്ന്:

യേശു ആളുകളെ ശുശ്രൂഷിച്ചു.  അവര്‍ക്കു നന്നായി മനസ്സിലാകത്തക്കവിധം കാര്യങ്ങളെ വിശദീകരിച്ചു.  ഇതെല്ലാം അവിടുത്തെ ശുശ്രൂഷയായിരുന്നു.  അവിടുത്തേയ്ക്കുണ്ടായിരുന്നത് ദാസന്‍റെ മ നോഭാവമാണ്.  ഇതാണ് യേശുവിന് അധികാരം നല്‍കിയത്. എന്നാല്‍ നിയമഞ്ജര്‍, അതെ, അവരെ ജനം ശ്രവിച്ചു, ബഹുമാനിച്ചു; എന്നാല്‍ അവര്‍ക്ക് ജനത്തിന്‍റെ മേല്‍ അധികാരം ഉള്ളതായി തോന്നിയില്ല. പ്രമാണങ്ങളുടെ ഒരു മനശാസ്ത്രം അവര്‍ക്കുണ്ടായിരുന്നു.  'ഞങ്ങളാണ് യജമാനന്മാര്‍, ഈ പ്രമാണങ്ങള്‍, ഞങ്ങളതു നിങ്ങളെ പഠിപ്പിക്കും'.  അത് ശുശ്രൂഷയല്ല.  ഞങ്ങള്‍ കല്പിക്കുന്നു, നിങ്ങള്‍ അനുസരിക്കുക.  യേശു ഒരു രാജകുമാരനെപ്പോലെ ഒരിക്കലും നടന്നില്ല.  എല്ലാവര്‍ക്കും ശുശ്രൂഷ നല്‍കുന്ന ദാസനെപ്പോലെയായിരുന്നു അവിടുന്ന്.  അതാണ് അവിടുത്തേയ്ക്ക് അധികാരം നല്‍കിയത്.

എന്നാല്‍ നിയമജ്ഞരാകട്ടെ, ജനങ്ങളില്‍നിന്ന് അകലം പാലിച്ചു. യേശു ജനത്തിനു സമീപസ്ഥനായിരുന്നു.  അത് അവിടുത്തേയ്ക്ക് അവരുടെമേല്‍ അധികാരം നല്കി. ജനത്തില്‍നിന്ന് അകലം പാലിച്ച വേദപണ്ഡിതര്‍, ഒരുതരം വൈദികാധിപത്യ സ്വഭാവക്കാരായിരുന്നു. വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പായ്ക്കുണ്ടായിരുന്ന ജനത്തോടുള്ള അടുപ്പം ഞാനേറെ ഇഷ്ടപ്പെടുന്നു.  എവാഞ്ജലീ നുണ്‍സിയാന്ദി (Evangelii Nuntiandi) ഖണ്ഡിക 48-ല്‍ സമീപസ്ഥനായിരിക്കുന്ന ഒരു ഇടയന്‍റെ ഹൃദയം കാണുന്നു. അ വിടെയാണ് പാപ്പായുടെ അധികാരം; അത് സാന്നിധ്യമാണ്. തലവന്‍ ശുശ്രൂഷകനാകണം, തലകീഴാകു ന്ന രീതിയിലാണ് യേശുവിന്‍റെ സമീപനം. മഞ്ഞുമലയെന്നപോലെ, അതിന്‍റെ ഉയര്‍ന്നു നില്‍ക്കുന്ന ഭാഗമേ കാണാന്‍ കഴിയൂ. ആ മുകള്‍ഭാഗം ജനമാണ്. അധികാരമുള്ള യേശുവാകട്ടെ അതിന്‍റെ അടിഭാഗമാണ്, പ്രമാണങ്ങള്‍ അവിടെ അടിസ്ഥാനമാകുകയാണ്.

അതുകൊണ്ട് നിയമജ്ഞരെക്കുറിച്ച് യേശു പറയുന്നു, 'അവര്‍ പറയുന്നത് നിങ്ങള്‍ അനുസരിക്കുവിന്‍, എന്നാല്‍ അവര്‍ ചെയ്യുന്നതൊന്നും അരുത്'. ഒരു കാര്യം പറയുകയും മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍.  വൈരുധ്യമാണത്.  അവര്‍ വൈരുധ്യങ്ങളായിരുന്നു. അതുകൊണ്ട് യേശു അവരെ സൂചിപ്പിക്കുന്നതിന് ഈ പദം അനേകപ്രാവശ്യം ഉപയോഗിക്കുന്നു: കപടനാട്യക്കാര്‍.  നേരെമറിച്ച്, വിനീതനും, ശുശ്രൂഷിക്കുന്നവനും, സമീപസ്ഥനും, വൈരുധ്യമില്ലാത്തവനുമായ യേശുവാകട്ടെ, അധി കാരമുള്ളവനാണ്.  ഈ അധികാരമാണ് ദൈവജനത്തിന് അനുഭവവേദ്യമാകേണ്ടത്.