News >> ഗിനിയുടെ പ്രസിഡന്‍റ് ആല്‍ഫ കൊന്തേ പാപ്പായെ സന്ദര്‍ശിച്ചു


Source: Vatican Radio

ആഫ്രിക്കന്‍ നാടായ ഗിനി റിപ്പബ്ലിക്കിന്‍റെ പ്രസിഡന്‍റ് ആല്‍ഫ കൊന്തേയെ പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു.

തിങ്കളാഴ്ച(16/01/17) ആയിരുന്നു ഫ്രാന്‍സീസ് പാപ്പായും പ്രസിഡന്‍റ് ആല്‍ഫ  കൊന്തേയും തമ്മിലുള്ള കൂടിക്കാഴ്ച.

പരിശുദ്ധസിംഹാസനവും ഗിനി റിപ്പബ്ലിക്കും തമ്മിലുള്ള നല്ല ബന്ധങ്ങള്‍, വ്യക്തിയുടെ സമഗ്രപുരോഗതി, പരിസ്ഥിതി പരിപാലനം, സാമൂഹ്യ അനീതിയ്ക്കും  ദാരിദ്ര്യത്തിനുമെതിരായ പോരാട്ടം, കുടിയേറ്റ പ്രശ്നപരിഹൃതിക്കുചിതമായ നയരൂപീകരണം തുടങ്ങിയവ ഈ കൂടിക്കാഴ്ചാവേളയില്‍ ചര്‍ച്ചാവിഷയങ്ങളായി എന്ന് ഈ കൂടിക്കാഴ്ചയെ അധികരിച്ച് പരിശുദ്ധസിംഹാസനത്തിന്‍റെ   വാര്‍ത്താകാര്യാലയം (പ്രസ്സ് ഓഫീസ്) പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ കാണുന്നു.

വിദ്യഭ്യാസ ആരോഗ്യ മേഖലകളിലും അതുപോലെതന്നെ ഇസ്ലാം സമൂഹവുമായുള്ള മതാന്തരസംഭാഷണത്തിനും പ്രാദേശിക കത്തോലിക്കാസഭയേകിയുട്ടുള്ള സംഭാവനകള്‍  ഈ സൗഹൃദ കൂടിക്കാഴ്ചാവേളയില്‍ അനുസ്മരിക്കപ്പെട്ടു.

ആ പ്രദേശത്തെ സാമൂഹ്യ രാഷ്ട്രീയാവസ്ഥകളും, സമധാന സംസ്ഥാപനത്തിന് ഗിനി റിപ്പബ്ലിക്കേകുന്ന സമൂര്‍ത്ത സംഭാവനകളും പ്രത്യേകം പരാമര്‍ശിക്കപ്പട്ടു.