News >> സ്നാപകന്‍റെ ദൗത്യം നിര്‍വഹിക്കേണ്ട സഭയെക്കുറിച്ച് പാപ്പായുടെ ത്രികാലജപസന്ദേശം


Source: Vatican Radio

റോമില്‍ ശൈത്യം കഠിനമായിരുന്നെങ്കിലും പാപ്പായോ‌ടൊത്ത് ത്രികാലപ്രാര്‍ഥനയില്‍ പങ്കുകൊള്ളുന്നതിനും അതിനോടനുബന്ധിച്ചുള്ള സന്ദേശം ശ്രവിച്ച് അപ്പസ്തോലികാശീര്‍വാദം സ്വീകരിക്കുന്നതിനുമായി ഈ ഞായറാഴ്ചയിലും അനേകായിരങ്ങള്‍ വത്തിക്കാന്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. 

ത്രികാലപ്രാ൪ഥന നയിക്കുന്നതിനും അതോടനുബന്ധിച്ചുള്ള സന്ദേശം നല്കുന്നതിനുമായി ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനിലെ അരമന കെട്ടിടസമുച്ചയത്തിലെ പതിവു ജാലകത്തിങ്കലണഞ്ഞപ്പോൾ തീര്‍ഥാടകര്‍ കൈകളുയര്‍ത്തി വീശിയും വിവിധ ദേശങ്ങളില്‍നിന്നെത്തിയവര്‍ ബഹുവര്‍ണ പതാകകള്‍ വീശിയും ആനന്ദാരവത്തോടെ പാപ്പായെ എതിരേറ്റു. യോഹന്നാന്‍റെ സുവിശേഷത്തില്‍ നിന്നുള്ള വി. ഗ്രന്ഥവായനയെ (1,29-34) അടിസ്ഥാനമാക്കി പാപ്പാ ത്രികാലജപത്തിനുമുമ്പുള്ള സന്ദേശം നല്‍കി. ഈ സന്ദേശത്തിന്‍റെ പരിഭാഷ ശ്രവിക്കാം.

പ്രിയ സഹോദരീസഹോദരന്മാരെ, സുപ്രഭാതം,

ഇന്നത്തെ സുവിശേഷവായനയുടെ ഹൃദയഭാഗമായ വചനം സ്നാപകയോഹന്നാന്‍റെ വാക്കുകളാണ്: ഇതാ ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട് (വാ. 29).  കരങ്ങളാലും കണ്ണുകളാലുമുള്ള അംഗവിക്ഷേപത്തിന്‍റെ അകമ്പടിയോടെയുള്ള വാക്കുകള്‍, യേശുവിനെ ചൂണ്ടിക്കാണിക്കുന്നു.

ആ രംഗം നമുക്കൊന്നു സങ്കല്പിച്ചുനോക്കാം.  ജോര്‍ദാന്‍ നദിയുടെ തീരത്താണ് നാം.  സ്നാപക യോഹന്നാന്‍ സ്നാനം നല്കിക്കൊണ്ടിരിക്കുന്നു.  വിവിധ പ്രായക്കാരായ സ്ത്രീപുരുഷന്മാര്‍ ധാരാളം പേര്‍, ആ നദിയില്‍, ഏലിയായെ - ഏതാണ്ട് ഒമ്പത് ശതാബ്ദങ്ങള്‍ക്കുമുമ്പ്, ഇസ്രായേലിനെ, വിഗ്രഹാരാധനയില്‍നിന്നു ശുദ്ധീകരിക്കുകയും ഉടമ്പടിയുടെ ദൈവത്തില്‍, അബ്രാഹത്തിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവത്തിലുള്ള യഥാര്‍ഥ വിശ്വാസത്തിലേക്കു തിരികെക്കൊണ്ടുവരി കയും ചെയ്ത  മഹാനായ പ്രാവാചകനെ - അനുസ്മരിപ്പിക്കുന്ന മനുഷ്യന്‍റെ കരങ്ങളില്‍നിന്നു സ്നാനം സ്വീകരിക്കാന്‍ അവിടെ എത്തിയിട്ടുണ്ട്. 

യോഹന്നാന്‍ പ്രഘോഷിച്ചത് സ്വര്‍ഗരാജ്യം സമീപസ്ഥമാണെന്നും മിശിഹാ തന്നെത്തന്നെ വെളിപ്പെടുത്താന്‍ പോകുന്നെന്നും, അതുകൊണ്ട് നിങ്ങള്‍ ഒരുങ്ങിയിരിക്കണമെന്നും, മാനസാന്തരപ്പെട്ട് നീതിയുടെ പ്രവൃത്തികള്‍ ചെയ്യണമെന്നും, പശ്ചാത്താപത്തിന്‍റെ മൂര്‍ത്തരൂപമായ ജോര്‍ദാനിലെ നദിയില്‍വച്ചു ള്ള മാമ്മോദീസ സ്വീകരിക്കണമെന്നുമാണ് (മത്താ 3,1-6).  ഈ ജനം അവരുടെ പാപങ്ങളെക്കുറിച്ചു മനസ്തപിക്കുന്നതിനും പ്രായശ്ചിത്തമനുഷ്ഠിക്കുന്നതിനും അങ്ങനെ പുതിയൊരു ജീവിതം തുടങ്ങുന്ന തിനുമാണ് അവിടെ വന്നത്. സ്നാപകയോഹന്നാന്‍ അറിഞ്ഞിരുന്നു, മിശിഹാ, കര്‍ത്താവിന്‍റെ അഭിഷിക്തന്‍ സമീപസ്ഥനാണ് എന്ന്.  അവനെ തിരിച്ചറിയുന്നതിനുള്ള അടയാളമാകട്ടെ, അവന്‍റെ മേല്‍ പരിശുദ്ധാത്മാവ് ഇറങ്ങിവരുമെന്നുള്ളതും.  വാസ്തവത്തില്‍, അവി‌ടുന്നാണ് യഥാര്‍ഥ സ്നാനം - പരിശുദ്ധാത്മാവിനാലുള്ള സ്നാനം - നല്കുന്നവന്‍ എന്നതും (യോഹ 1,33) യോഹന്നാന് അറിയായമായിരുന്നു.

ഇവിടെയാണ് ആ നിമിഷങ്ങള്‍ വരിക. യേശു നദീതീരത്തു ജനമധ്യത്തില്‍, നമ്മെപ്പോലുള്ള പാപികളുടെയിടയില്‍ പ്രത്യക്ഷനാകുന്നു,  അവിടുത്തെ പരസ്യജീവിതത്തിലെ ആദ്യപ്രവൃത്തി, മുപ്പതുവര്‍ഷത്തിനുശേഷം നസ്രത്തിലെ വീട്ടില്‍നിന്നിറങ്ങി യൂദയായിലെ ജോര്‍ദാനിലെത്തി യോഹന്നാനില്‍നിന്നു സ്നാനം സ്വീകരിച്ചു എന്നതാണ്.  എന്തു സംഭവിച്ചുവെന്നു നമുക്കറിയാം.  കഴിഞ്ഞ ഞായറാഴ്ച നാം അതനുസ്മരിച്ചതാണ്.  പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ യേശുവിന്‍റെ മേല്‍ ഇറങ്ങിവരുന്നു, തനിക്കു പ്രസാദിച്ച പുത്രനെന്ന് പ്രഖ്യാപിക്കുന്ന പിതാവിന്‍റെ സ്വരം അവിടെ കേള്‍ക്കുന്നു.  അതാണ് യോഹന്നാന്‍ പ്രതീക്ഷിച്ചിരുന്ന അടയാളം.  എന്നാല്‍ യേശു, മിശിഹാ, യോഹന്നാനു ചിന്താക്കുഴപ്പമുണ്ടാക്കുന്ന വിധത്തില്‍, പാപികളുടെയിടയില്‍, അവരെപ്പോലെ സ്നാനപ്പെടാന്‍ അവിടെയെത്തി.  സത്യത്തില്‍ അവര്‍ക്കുവേണ്ടിയാണത്.  അരൂപി, യോഹന്നാന് ഉള്‍പ്രകാശം നല്കുകയും ദൈവനീതി, രക്ഷാകരപദ്ധതി, പൂര്‍ത്തിയാകേണ്ടതാണെന്നു മനസ്സിലാക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. യേശുവാണ് മിശിഹാ, ഇസ്രായേലിന്‍റെ രാജാവ്.  എന്നാല്‍ ഈലോകത്തിന്‍റെ ശക്തിയിലല്ല, ലോകത്തിന്‍റെ പാപം വഹിക്കുന്ന, നീക്കുന്ന, ദൈവത്തിന്‍റെ കുഞ്ഞാടെന്നപോലെയാണത്.

അതുകൊണ്ട് യോഹന്നാന്‍ ജനത്തെയും തന്‍റെ ശിഷ്യരെയും ഇങ്ങനെയാണ് യേശുവിനെ ചൂണ്ടിക്കാണിക്കുന്നത്. യോഹന്നാനെ തങ്ങളുടെ ആത്മീയനിയന്താവായി കരുതിയിരുന്ന ഒരു വലിയ ശിഷ്യസമൂഹം അദ്ദേഹത്തിനു ചുറ്റും ഉണ്ടായിരുന്നു.  അവരില്‍നിന്നുള്ള കുറച്ചുപേരാണ് ആദ്യം ഈശോയുടെ ശിഷ്യന്മാരായിത്തീര്‍ന്നത്.  അവരുടെ പേരുകള്‍ നമുക്കറിയാം. പത്രോസ് എന്ന് പിന്നീട് വിളി ക്കപ്പെട്ട ശിമയോന്‍, സഹോദരന്‍ അന്ത്രയോസ്, യാക്കോബും സഹോദരന്‍ യോഹന്നാനും.  എല്ലാവരും മുക്കുവരും, യേശുവിനെപ്പോലെ ഗലിലേയരുമായിരുന്നു.

പ്രിയ സഹോദരീസഹോദരന്മാരെ, ഈ രംഗത്ത് നാം ദീര്‍ഘസമയം ചെലവഴിച്ചു അല്ലേ? എന്തുകൊണ്ടിതു നിര്‍ണായകമാകുന്നു! ഇത് രസകരമായതല്ല, എങ്കിലും ചരിത്രപരമായ നിര്‍ണായകസംഭവമാണ്.  നമ്മുടെ വിശ്വാസത്തിന്, സഭയുടെ ദൗത്യത്തിന് ഈ രംഗം നിര്‍ണായകമാണ്.  സഭ എല്ലാ  കാലഘട്ടത്തിലും സ്നാപകയോഹന്നാന്‍റെ ദൗത്യം നിര്‍വഹിക്കേണ്ടവളാണ്, ജനത്തിന് യേശുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട്, 'ഇതാ ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാ‌ട്' എന്നു പറയേണ്ടവള്‍.  അവിടുന്നാണ് ഏകരക്ഷകന്‍! അവിടുന്നാണ് കര്‍ത്താവ്! വിനയാന്വിതനായി, പാപികളുടെയിടയില്‍ നില്‍ക്കുന്നവന്‍!  അവിടുന്ന് ശക്തിയോടെ വരുന്നവനല്ല, അല്ല, അല്ല, അവിടുന്ന് അങ്ങനെയല്ല.

സ്നാപകന്‍റെ ഇതേ വാക്കുകളാണ്, വൈദികര്‍ ഓരോദിവസവും ദിവ്യബലിയില്‍ ജനത്തിന്, യേശുവിന്‍റെ തിരുശ്ശരീരരക്തങ്ങളായി മാറിയ അപ്പവും വീഞ്ഞും നല്കുമ്പോള്‍ ആവര്‍ത്തിക്കുന്നത്.  ഈ ആരാധനാക്രമ വിക്ഷേപം സഭയുടെ ദൗത്യത്തെ പ്രതിനിധാനം ചെയ്യുന്നു. സഭയെത്തന്നെയാണ് പ്രഘോഷിക്കുന്നതെങ്കില്‍ ആ സഭയ്ക്കു ദുരിതം! അതിന് ദിശാസൂചിക നഷ്ടപ്പെട്ടിരിക്കുന്നു, എങ്ങോട്ടുപോകുന്നുവെന്ന് അത് അറിയുന്നില്ല.  സഭ യേശുവിനെയാണ് പ്രഘോഷിക്കേണ്ടത്, അതിനെത്തന്നെ ജനത്തിനുമുമ്പില്‍ കൊണ്ടുവരികയല്ല, ക്രിസ്തുവിനെയാണ് കൊണ്ടുവരേണ്ടത്.  എന്തുകൊണ്ടെന്നാല്‍, അവിടുന്ന്, അവിടുന്നുമാത്രമാണ് ജനത്തെ പാപത്തില്‍നിന്നു രക്ഷിക്കുന്നതും മോചിപ്പിക്കുന്നതും ജീവന്‍റെ നാട്ടിലേക്ക്, യഥാര്‍ഥസ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതും.

കന്യകാമറിയം, ദൈവത്തിന്‍റെ കുഞ്ഞാടിന്‍റെ അമ്മ, നമ്മെ സഹായിക്കട്ടെ, അവിടുന്നില്‍ വിശ്വസിക്കാനും അവിടുത്തെ അനുഗമിക്കാനും നമ്മെ സഹായിക്കട്ടെ.

ഈ സന്ദേശത്തിനുശേഷം പാപ്പാ ത്രികാലജപം ചൊല്ലുകയും ആശീര്‍വാദം നല്കുകയും ചെയ്തു.

അതിനുശേഷം അഭയാര്‍ഥികളുടെയും കുടിയേറ്റക്കാരുടെയും ആഗോളദിനമായ ഈ ഞായറാഴ്ചയില്‍ അവരെ പ്രത്യേകമായി അനുസ്മരിച്ചുകൊണ്ട് ഇപ്രകാരം തുടര്‍ന്നു.

പ്രിയസഹോദരീസഹോദരന്മാരെ,

ഇന്ന് നാം കുടിയേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും ലോകദിനത്തില്‍, നാം ചിന്താവിഷയമാക്കി യിരിക്കുന്നത് ശബ്ദമുയര്‍ത്താന്‍ കഴിവില്ലാത്ത, വേഗം തകര്‍ക്കപ്പെടുന്നവരായ കുട്ടികളായ കുടിയേറ്റക്കാരെയാണ്. ഈ സഹോദരങ്ങള്‍, മിക്കവാറും മറ്റാരും കൂടെയില്ലാതെ നിരവധിയായ അപകടങ്ങളിലേക്കെത്തുകയാണ്.  അവര്‍ അനേകരുണ്ടെന്നു ഞാന്‍ നിങ്ങളോടു പറയട്ടെ. കുട്ടികളായ അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും സംരക്ഷിക്കുന്നതിനും അവര്‍ക്കു പ്രതിരോധം നല്കുന്നതിനും, അതുപോലെതന്നെ അവരെ സമൂഹത്തിലേക്കുള്‍ച്ചേര്‍ക്കുന്നതിനും പ്രായോഗികമായ എല്ലാ നടപടികളും സ്വീകരിക്കുവിന്‍.

വിവിധ സാംസ്കാരികവംശങ്ങളുടെ പ്രതിനിധികളായി എത്തിയിരിക്കുന്നവര്‍ക്കു പ്രത്യേകം അഭിവാദ്യമര്‍പ്പിക്കുന്നു.  പ്രിയ കൂട്ടുകാരെ, നിങ്ങളെ സ്വീകരിക്കുന്ന പട്ടണങ്ങളില്‍ നിങ്ങള്‍ക്കു സമാധാ നപൂര്‍ണമായ ജീവിതം ആശംസിക്കുന്നു, അവിടുത്തെ നിയമങ്ങളും പാരമ്പര്യങ്ങളും ആദരിച്ചു കൊണ്ട്, ഒപ്പം നിങ്ങളുടെ തനതുമൂല്യങ്ങളും സംസ്ക്കാരവും കാത്തുസൂക്ഷിച്ചുകൊണ്ട്. വ്യത്യസ്ത സംസ്ക്കാരങ്ങള്‍ തമ്മിലുള്ള കണ്ടുമുട്ടലുകള്‍ ഓരോന്നിനെയും സമ്പന്നമാക്കും.  കുടിയേറ്റക്കാര്‍ക്കു വേണ്ടിയുള്ള റോമന്‍രൂപതയുടെ ഓഫിസിന്, അവരെ സ്വീകരിക്കുകയും അവരുടെ പ്രയാസങ്ങളില്‍ അവര്‍ക്കു താങ്ങാവുകയും, ചെയ്യുന്നതിന് ഞാന്‍ നന്ദി പറയുന്നു, ഈ ജോലി തുടരുന്നതിന് ഉത്തേജിപ്പിക്കുന്നു. വി. ഫ്രാന്‍സെസ് സേവ്യര്‍ കബ്രീനിയെ, വിശുദ്ധയുടെ നൂറാം ചരമവാര്‍ഷികം ആചരി ക്കുന്ന ഈ വേളയില്‍ പ്രത്യേകം ഞാന്‍ അനുസ്മരിക്കുന്നു.  ധീരയായ ഈ സന്യാസിനി, തന്‍റെ ജീവി തം സ്വദേശത്തുനിന്നും കുടുംബത്തില്‍നിന്നും അകന്നിരിക്കുന്നവരില്‍ യേശുവിന്‍റെ സ്നേഹം എത്തി ക്കുന്നതിനുവേണ്ടി  സമര്‍പ്പിച്ചു. പരദേശിയില്‍ സന്നിഹിതനായിരിക്കുന്ന, മിക്കവാറും അവരിലെ സഹിക്കുന്ന, ഉപേക്ഷിക്കപ്പെടുകയും എളിമപ്പെടുത്തപ്പെടുകയും ചെയ്യുന്ന യേശുവിനുള്ള സാക്ഷ്യമായിത്തീര്‍ന്നു ആ ജീവിതം.  എത്രയോ പ്രാവശ്യം വിശുദ്ധ ഗ്രന്ഥത്തിലൂടെ കര്‍ത്താവ്, പരദേശികളെയും കുടിയേറുന്നവരെയും സ്വീകരിക്കാന്‍ - നാംതന്നെ പരദേശികളാണെന്നു സൂചിപ്പിച്ചുകൊണ്ട് - നമ്മോട് ആവശ്യപ്പെടുന്നു.

ഇറ്റലിയി ലെ വിവിധ ഇടവകകളില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും എത്തിയിട്ടുള്ളവരെയും വിവിധ സംഘടനകളെയും കൂട്ടായ്മകളെയും ഏറെ വാത്സല്യത്തോടെ ഞാന്‍  അഭിവാദ്യം ചെയ്യുന്നു. പ്രത്യേകിച്ചും, സ്പെയിനിലെ മെലേന്ദെസ് വാല്‍ദേസ് ദെ വില്ലാഫ്രാങ്കാ ദെ ലോസ് ബാറോസില്‍നിന്നും എത്തിയിട്ടുള്ള വിദ്യാര്‍ഥികളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. 

എല്ലാവര്‍ക്കും നല്ല ഞായറാഴ്ചയും ഉച്ചവിരുന്നും ആശംസിച്ചുകൊണ്ട്, തനിക്കുവേണ്ടി പ്രാര്‍ഥിക്കു ന്നതിനു മറക്കരുതേ എന്നപേക്ഷിച്ചുകൊണ്ട്, പാപ്പാ ത്രികാലജപത്തിനുശേഷമുള്ള സന്ദേശം അവസാനിപ്പിച്ചു.