News >> സഭകളുടെ ഐക്യം ക്രിസ്തുവിലുള്ള മാനസാന്തരമാണെന്ന് പാപ്പാ ഫ്രാന്‍സിസ്


Source: Vatican Radio

ക്രൈസ്തവൈക്യവാരത്തോട് അനുബന്ധിച്ച് വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ഫിന്‍ലന്‍ഡില്‍നിന്നും എത്തിയ എക്യുമേനിക്കല്‍ സഖ്യത്തെ ജനുവരി 19-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്.

ക്രിസ്തുവിനോട് അടുക്കുമ്പോഴാണ് അവിടുന്നില്‍ വിശ്വസിക്കുന്നവര്‍ ഒന്നിക്കുന്നത്. അകന്നിരിക്കുന്നവര്‍ക്ക് മാനസാന്തരത്തിലൂടെ അനുരഞ്ജനത്തിന്‍റെ അനുഭവം നല്ക്കാന്‍ പരിശുദ്ധാരൂപി സഹായിക്കട്ടെയെന്ന് ഈ സഭൈക്യവാരത്തില്‍ പ്രാര്‍ത്ഥിക്കാം. ഇങ്ങനെയാണ് ഫിന്‍ലന്‍ഡില്‍നിന്നും എത്തിയ ലൂതറന്‍, കത്തോലിക്കാ, ഓര്‍ത്തഡോക്സ് കൂട്ടായ്മയ്ക്കുള്ള പ്രഭാഷണം പാപ്പാ ഫ്രാന്‍സിസ് ആരംഭിച്ചത്.

ഫിന്‍ലന്‍ഡിന്‍റെ അയല്‍രാജ്യമായ സ്വീഡനില്‍ 2016 ഒക്ടോബര്‍ 31-ന് നടന്ന ലൂതറന്‍-കത്തോലിക്കാ സംഗമം സഭൈക്യ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു.  നമ്മെ ഭിന്നിപ്പിക്കുന്ന ഘടകങ്ങളെക്കാള്‍ ഒന്നിപ്പിക്കുകയും, പരസ്പരം ആദരിക്കുകയും ചെയ്യുന്ന കാര്യങ്ങളില്‍ ഐക്യപ്പെടാനും രമ്യതപ്പെടാനും സാധിച്ചത് സ്വീഡനില്‍ നടന്ന സഭകളുടെ സംയുക്ത സംഗമത്തിന്‍റെ വിജയമായിരുന്നു. 500 വര്‍ഷങ്ങള്‍ക്കുമുന്‍പ് മാര്‍ട്ടിന്‍ ലൂതര്‍ സഭയെ ഭിന്നിപ്പിക്കാനല്ല ശ്രമിച്ചത് നവീകരിക്കാനാണ്. ഇനിയും മുന്നോട്ടുള്ള സഭൈക്യ പ്രയാണത്തില്‍ ധൈര്യത്തോടെ മുന്നേറാന്‍ പ്രത്യാശപകരുന്ന സംഭവമാണ് സ്വീഡനിലെ ലുന്‍ഡില്‍ നടന്ന ലൂതറന്‍-കത്തോലിക്കാ സഭൈക്യസംഗമം. പാപ്പാ പ്രസ്താവിച്ചു.

വിശ്വാസം ഒരുമയോടും യഥാര്‍ത്ഥമായും ജീവിക്കാന്‍, സമൂഹത്തില്‍ സുവിശേഷാരൂപി പുനരാവിഷ്ക്കരിക്കാന്‍... അങ്ങനെ ഇനിയും നവോന്മേഷത്തോടെ ക്രിസ്തുവിന് സാക്ഷ്യമേകാനുമുള്ള പരിശ്രമിത്തിന്‍റെ തുടക്കമാണ് കത്തോലിക്ക-ലൂതറന്‍ കൂട്ടായ്മയുടെ നവമായ പരിശ്രമങ്ങള്‍. ഇന്ന് ലോകത്തുള്ള യാതനകളും പീഡനങ്ങളും അതിക്രമങ്ങളും, കുടിയിറക്കവും കുടിയേറ്റവും അനുഭവിക്കുന്ന ജനസഞ്ചയത്തെ തുണയ്ക്കാന്‍ സഭകള്‍ ഒരുമിക്കുന്നതായിരിക്കും ലോകത്തിനു നല്കാവുന്ന കാലികവും പൊതുവുമായ ക്രൈസ്തവസാക്ഷ്യം! ഇങ്ങനെ മാനവികതയുടെ പൊതുവായ ആവശ്യങ്ങളില്‍ ക്രൈസ്തവസഭകള്‍ ഒന്നിക്കുന്നത് സമ്പൂര്‍ണ്ണ ഐക്യത്തിന്‍റെ മാര്‍ഗ്ഗത്തിലുള്ള ക്രിയാത്മകമായ ചുവടുവയ്പ്പായിരിക്കും.

ഫിന്‍ലന്‍ഡിലെ ദേശീയ സഭൈക്യ കൗണ്‍സില്‍ (Finnish Ecumenical Council) അതിന്‍റെ ശതാബ്ദി ആഘോഷിക്കുകയാണ്. ഒപ്പം ഫിന്‍ലന്‍‍‍ഡ് രാഷ്ട്രവും അതിന്‍റെ സ്വതന്ത്ര്യസ്ഥാപനത്തിന്‍റെ 100-Ɔ൦ വാര്‍ഷികം ആചരിക്കുകയാണ്. അവിടത്തെ വിവിധക്രൈസ്തവ സഭകളില്‍ വിശ്വാസത്തിന്‍റെയും പൊതുജീവന്‍റെയും കൂട്ടായ്മയ വളര്‍ത്തുന്നതില്‍ ഈ സഭൈക്യകൗണ്‍സില്‍ വഹിച്ചിട്ടുള്ള പങ്ക് വലുതാണ്.

ലൂതറന്‍ നവോത്ഥാന പ്രസ്ഥാനത്തിന്‍റെ 500-Ɔ൦ വാര്‍ഷികവും ഫിന്‍ലന്‍ഡിലെ സഭൈക്യ കൂട്ടായ്മയുടെ 100-Ɔ൦ വാര്‍ഷികവും നാടിന്‍റെ സ്വാതന്ത്ര്യലബ്ധിയുടെ ശതാബ്ദിയും സംഗമിക്കുന്ന ചരിത്രമുഹൂര്‍ത്തമാണിത്. അന്നാടിന്‍റെ പ്രേഷിതനും എല്ലാ ക്രൈസ്തവസമൂഹങ്ങള്‍ക്കും പ്രിയങ്കരനുമായിരുന്ന വിശുദ്ധ ഹെണ്‍റിയുടെ (C.1115) മാതൃകയാലും മാദ്ധ്യസ്ഥത്താലും കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്‍റെയും ക്രിയാത്മകമായ പ്രവൃത്തികളിലൂടെ ക്രിസ്തുവിന് സാക്ഷ്യമേകാന്‍ ഏവര്‍ക്കും സാധിക്കട്ടെ! വിശുദ്ധ ഹെന്‍റിയുടെ അനുസ്മരണനാളായ  ജനുവരി 19-Ɔ൦ തിയതി ഫിന്‍ലന്‍ഡിന്‍റെ സഭൈക്യകൂട്ടായ്മ വത്തിക്കാനിലെത്തി പത്രോസിന്‍റെ പിന്‍ഗാമിയുമായി കൂടിക്കാഴ്ച നടത്തുന്ന പതിവിന്‍റെ 13-Ɔമത്തെ വര്‍ഷമാണ്. ഈ ഓര്‍ത്തഡോക്സ്-ലൂതറന്‍-കത്തോലിക്കാ കൂട്ടായ്മയുടെ തീര്‍ത്ഥാടനത്തിലൂടെ ഫിന്‍ലന്‍ഡില്‍ മാത്രമല്ല, ലോകമെമ്പാടും വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും സ്നേഹത്തിന്‍റെയും സാക്ഷ്യമേകാന്‍ വിശുദ്ധ ഹെന്‍റിയുടെ മാദ്ധ്യസ്ഥ്യം ഏവര്‍ക്കും തുണയാവട്ടെ!