News >> വിധിക്കുന്ന സ്വാര്‍ഥമനോഭാവത്തെ വിജയിക്കുക: ഫ്രാന്‍സീസ് പാപ്പാ


Source: Vatican Radio

എപ്പോഴും മറ്റുള്ളവരെ വിധിക്കുന്ന നിയമജ്ഞരുടെ സ്വാര്‍ഥമനോഭാവത്തെ വിജയിക്കുക. 2017 ജനുവരി ഇരുപതാം തീയതി പാപ്പാ കാസാ സാന്താമാര്‍ത്തായിലര്‍പ്പിച്ച ദിവ്യബലിമധ്യേ നല്‍കിയ സന്ദേശത്തില്‍ വിശ്വാസികളെ ഉദ്ബോധിപ്പിക്കുകയായിരുന്നു പാപ്പാ. ഹെബ്രായര്‍ക്കെഴുതപ്പെട്ട ലേഖനത്തില്‍നിന്നുള്ള ആദ്യവായനയെ വ്യാഖ്യാനിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. പുതിയ ഉടമ്പടി ഹൃദയങ്ങളെ മാറ്റുകയും പുതിയ ഹൃദയത്തോടെ, മനസ്സോടെ കര്‍ത്താവിന്‍റെ നിയമങ്ങള്‍ കാണുന്നതിനു പ്രാപ്തരാക്കുകയും ചെയ്യുന്നു. യേശുവിനെ പീഡിപ്പിച്ച നിയമജ്ഞരെക്കുറിച്ചു ചിന്തിക്കുക. നിയമം അനുശാസിച്ചപോലെ, സര്‍വതും ചെയ്തിരുന്ന, അവര്‍ക്ക് അതു ചെയ്യുന്നതിന്, എല്ലാ അവകാശവും ഉ ണ്ടായിരുന്നു. എന്നാല്‍ അവരുടെ ഈ മനോഭാവം ദൈവത്തില്‍നിന്ന് വളരെ അകലെയായിരുന്നു.  ആ സ്വാര്‍ഥമനോഭാവം, അവരില്‍ത്തന്നെ കേന്ദ്രീകൃതവുമായിരുന്നു.  അവര്‍ക്കുണ്ടായിരുന്നത് എല്ലാവരെയും വിധിക്കുന്ന, എപ്പോഴും വിധിച്ചുകൊണ്ടിരിക്കുന്ന ഒരു മനോഭാവമായിരുന്നു.

എന്നാല്‍, പുതിയ ഉടമ്പടി നമ്മുടെ ഹൃദയങ്ങളെ മാറ്റുന്നു. നമ്മുടെ മനസ്സുകളെയും മനോഭാവങ്ങളെ യും വ്യത്യാസപ്പെടുത്തുന്നു.

കര്‍ത്താവ്, ക്ഷമിച്ച പാപങ്ങള്‍ പിന്നീട് ഓര്‍മിക്കുന്നതേയില്ല.  കര്‍ത്താവിനു ഒരു നല്ല ഓര്‍മശക്തി ഇല്ല. അവിടുത്തെ ബലഹീനതയാണ്, പാപം പൊറുക്കുമ്പോള്‍ അതു മറക്കുകകൂടി ചെയ്യുക എന്നത്. മനസ്തപിക്കുന്ന ഹൃദയത്തിനുമുമ്പില്‍ പൊറുക്കുകയും മറക്കുകയും ചെയ്യുകയാണു ദൈവം.  അവിടുന്നു മറക്കുന്നു, എന്തെന്നാല്‍ അതു ക്ഷമിക്കപ്പെട്ടതാണ്.

ദൈവത്തെ പാപം ഓര്‍മിപ്പിക്കരുത്. എന്നു പറഞ്ഞാല്‍, ഇനി പാപം ചെയ്യരുത്.  പുതിയ ഉടമ്പടി എന്നെ നവീകരിക്കുകയും എന്‍റെ ജീവിതത്തെ വ്യത്യാസപ്പെടുത്തുകയും ചെയ്യും. മനോഭാവത്തിലും ഹൃദയത്തിലും മാത്രമല്ല, ജീവിതത്തിലും മാറ്റം വരുത്തും. ഇതേപ്രകാരത്തില്‍ ജീവിക്കുക, പാപത്തില്‍നിന്നകന്ന്, പാപം ചെയ്യാതെ.  ഇതാണ് പുനഃസൃഷ്ടി. ദൈവം നമ്മിലെല്ലാവരിലും പുനഃസൃഷ്ടി നടത്തുന്നു. പുതിയ ഉടമ്പടിയുടെ മുദ്ര വിശ്വസ്തതയാണ്.  ദൈവത്തിന്‍റെ പുനഃസൃഷ്ടിയോട് വിശ്വസ്തരായിരിക്കുക. 

അപ്പോള്‍ നമുക്കു ലഭിക്കുന്ന പുതിയ അംഗത്വത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത് ഇന്ന് ദൈവം നമ്മുടെ പാപങ്ങള്‍ മറന്നുകൊണ്ട് പുതിയ അംഗത്വം നമുക്കു നല്കുകയാണ്, ഈ ലോകത്തിന്‍റ, സമൂഹത്തിലെ വിശിഷ്ടാംഗത്വമല്ല, മറിച്ച് ലോകത്തിന്‍റെ ഭോഷത്വമായി മാറുന്ന, ദൈവത്തിനുവേണ്ടി മാത്രമായ ഒരംഗത്വം.