News >> ലോക രോഗീദിനം ലൂര്‍ദ്ദില്‍ - കര്‍ദ്ദിനാള്‍ പരോളിന്‍ പാപ്പായുടെ പ്രതിനിധി


Source: Vatican Radio

എല്ലാവര്‍ഷവും ലൂര്‍ദ്ദുനാഥയുടെ തിരുനാള്‍ ദിനമായ ഫെബ്രുവരി 11-‍Ɔ൦ തിയതിയാണ് ലോക രോഗീദിനം ആചരിക്കപ്പെടുന്നത്. അജപാലന കാരണങ്ങളാല്‍ ചിലയിടങ്ങളില്‍ ആ ദിനത്തോടു ചേര്‍ന്നുവരുന്ന ഞായറാഴ്ചയിലും ആചരിക്കപ്പെടാറുണ്ട്. പ്രസിദ്ധ രാജ്യാന്തര മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ ആചരിക്കപ്പെടുന്ന 2017-Ɔമാണ്ടിലെ 25-Ɔമത് ലോക രോഗീദിനത്തില്‍ പാപ്പാ ഫ്രാന്‍സിസിനെ പ്രതിനിധീകരിച്ച് കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ പങ്കെടുക്കുന്ന വിവരം ജനുവരി 19-Ɔ൦ തിയതി വ്യാഴാഴ്ചയാണ് വത്തിക്കാന്‍ പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയത്.

"ശക്തനായവന്‍ എന്നില്‍ വന്‍കാര്യങ്ങള്‍ ചെയ്തിരിക്കുന്നു...!  ദൈവത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ അത്ഭുതാവഹങ്ങളാണ്" (ലൂക്കാ 1, 49).  ഇതാണ്  25-Ɔമത് ലോകരോഗീ ദിനത്തിലെ പ്രതിപാദ്യവിഷയം.

വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ മനസ്സില്‍ 1992-ല്‍ വിരിഞ്ഞ ചിന്തയാണ് ലോക രോഗീദിനം! തുടര്‍ന്ന് 1993-ല്‍ പ്രഥമ ലോക രോഗീദിനം ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ ആചരിക്കപ്പെട്ടു. ബര്‍ണഡീറ്റ് സുബിയേരോ എന്ന യുവതിക്ക് കന്യകാനാഥ നല്കിയ ആദ്യ ദര്‍ശനദിനമായ ഫെബ്രുവരി 11-Ɔ൦ തിയതിയാണ് ലോക രോഗീദിനം ഇന്നും അനുവര്‍ഷം ആചരിക്കപ്പെടുന്നത്.

1858-Ɔമാണ്ടിലാണ് ഫ്രാന്‍സിലെ പിറനീസ് പര്‍വ്വത താഴ്വാരത്തെ മാസബിയേല മലയില്‍ (ഇന്നത്തെ ലൂര്‍ദ്ദില്‍) കന്യകാനാഥ പ്രത്യക്ഷപ്പെട്ട് 'അമലോത്ഭവ'സത്യം വെളിപ്പെടുത്തിയതും ആത്മീയ സൗഖ്യത്തിനായി സകലരെയും ക്ഷണിച്ചതും.  

സമൂഹത്തില‍ രോഗികളെക്കുറിച്ചും അതുപോലെ, ശാരീരികവും മാനസികവുമായ വ്യഥകളും, മറ്റു വിധത്തിലുള്ള ക്ലേശങ്ങളും അനുഭവിക്കുന്നവരെക്കുറിച്ച് സമൂഹം പരിചിന്തിക്കുകയും പ്രാര്‍ത്ഥിക്കുകയുംചെയ്യുന്ന ദിവസമാണിത്. രോഗകിളെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, വൈദ്യശാസ്ത്രത്തിന്‍റെ മേഖലയിലെ സാങ്കേതികവിദഗ്ദ്ധര്‍‍, ഗവേഷകര്‍ എന്നിവരെയും ഈ ദിനത്തില്‍ പ്രത്യേകമായി അനുസ്മരിക്കുകയും അവരെ ആദരിക്കുകയുംചെയ്യുന്നു.

ഉദാഹരണത്തിന് സമൂഹത്തിന്‍റെ അടിയന്തിരമായ സാഹചര്യങ്ങളിലേയ്ക്ക് നിസ്വാര്‍ത്ഥമായി ഇറങ്ങിപ്പുറപ്പെടുന്ന ആരോഗ്യപരിചാരകരെയും സന്നദ്ധസേവകരെയും, നിശ്ശബ്ദമായി നിസ്വാര്‍ത്ഥ സേവനംചെയ്യുന്ന ആയിരങ്ങളെയും ഈ ദിനത്തില്‍ സഭ പ്രത്യേകമായി ഓര്‍ക്കുന്നു. ജീവിതയാത്രയില്‍ രോഗഗ്രസ്ഥരാകുന്ന നമ്മുടെ സഹോദരങ്ങളെ ശുശ്രൂഷിക്കുവാനും, ജീവിതാന്ത്യംവരെ ക്ഷമോയോടും സാന്ത്വനത്തോടുംകൂടി അവരെ അനുധാവനംചെയ്യുവാനുമുള്ള സന്നദ്ധയാണ് രോഗീപരചരണത്തിന്‍റെ സേവനപാത. ഒരു തൊഴില്‍ എന്നതിനെക്കാള്‍ ദൈവവിളിയായി ഇതിനെ കാണേണ്ടതാണ്. ഈ ദിനത്തില്‍ സഭ പ്രബോധിപ്പിക്കുന്ന ഏറെ ശക്തമായ സന്ദേശം രോഗികളായ നമ്മുടെ സഹോദരങ്ങളെ സന്തോഷത്തോടും സഹോദര മനോഭാവത്തിലും ശുശ്രൂഷിക്കുന്ന രീതിയാണ്.

ലോകത്തുള്ള നിരവധിയായ പാവങ്ങളെയും രോഗികളെയും,  വിവിധ തരത്തിലും തലത്തിലും യാതനകള്‍ അനുഭവിക്കുന്നവരെയും,  പരിത്യക്തരെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും സ്വീകരിക്കാനും ശുശ്രൂഷിക്കുവാനുമുള്ള സഭയുടെ അടിസ്ഥാന വീക്ഷണവും ലക്ഷ്യവും നവീകരിക്കാനും ഊര്‍ജ്ജിതപ്പെടുത്താനുമുള്ള ദിവസംകൂടിയാണ് അനുവര്‍ഷം സഭ ആചരിക്കുന്ന ലോകരോഗീദിനം (Doletium Hominum, 11, Feb. 1985).  അന്നേദിവസം ലോകത്തെവിടെയുമുള്ള സഭാകേന്ദ്രങ്ങളില്‍, വിശിഷ്യാ  രോഗികള്‍ക്ക് ആശ്രയവും അഭയവും സൗഖ്യദായികയുമായ ലൂര്‍ദ്ദുനാഥയുടെ സന്നിധിയില്‍ പ്രാര്‍ത്ഥനകളും, ദിവ്യകാരുണ്യ ശുശ്രൂഷകളും, രോഗീലേപനവും നടത്തപ്പെടുന്നു. മാത്രമല്ല, ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും പ്രത്യേകമായി നടത്തപ്പെടുന്ന ജീവന്‍റെ ധാര്‍മ്മികതയെക്കുറിച്ചുള്ള പഠനങ്ങള്‍, അജപാലനപരവും ദൈവശാസ്ത്രപരവുമായ ചര്‍ച്ചാ സമ്മേളനങ്ങള്‍ എന്നിവ ലോകരോഗീദിനത്തിന്‍റെ പ്രത്യേകതകള്‍ തന്നെയാണ്.