News >> യുവജനങ്ങൾക്ക് പാപ്പയുടെ തുറന്ന കത്ത്
Source: Sunday Shalom
കാര്യങ്ങൾ നമുക്ക് മാറ്റിമറിക്കുവാൻ സാധിക്കുമോ?. ലോകയുവജനസമ്മേളനത്തിനായി ക്രാക്കോവിലെത്തിയ യുവജനങ്ങളോട് പാപ്പ പല തവണ ചോദിച്ച ചോദ്യമാണിത്. ഒരോ തവണ പാപ്പ ഈ ചോദ്യം ചോദിച്ചപ്പോഴും തിങ്ങിനിറഞ്ഞ ഗ്രൗണ്ടിലെ യുവജനങ്ങൾ ഒന്നടങ്കം വിളിച്ചുപറഞ്ഞു-യേസ്. ലോകയുവനജനസമ്മേളനത്തിലെ തന്റെ ചോദ്യവും യുവജനങ്ങളുടെ ഉജ്ജ്വലമായ പ്രതികരണവും അനുസ്മരിച്ചുകൊണ്ട് പാപ്പ ഒരിക്കൽ കൂടെ യുവജനങ്ങളെ ആവേശത്തേരിലേറ്റുകയാണ്.
2018ൽ യുവജനങ്ങളെ കേന്ദ്രമാക്കി നടക്കുന്ന ബിഷപ്പുമാരുടെ സിനഡിന് മുന്നോടിയായി യുവജനങ്ങൾക്ക് അയച്ച തുറന്ന കത്തിലാണ് അനീതി പൊറുക്കാത്ത, നിസംഗതയുടെ ആഗോളവൽക്കരണത്തിന് വഴങ്ങാത്ത, എറിഞ്ഞുകളയൽ സംസ്‌കാരത്തിന്റെ മുന്നിൽ തലകുനിക്കാത്ത യുവഹൃദയങ്ങളുടെ യേസിനെ പാപ്പ ഓർത്തെടുത്തത്.
യുവജനങ്ങളുടെ പ്രയത്‌നത്തിന്റെയും ഉദാരതയുടെയും ഫലമായി മെച്ചപ്പെട്ട ലോകം നിർമ്മിക്കാനാവുമെന്ന് പാപ്പ ഓർമിപ്പിച്ചു. പരിശുദ്ധാത്മാവ് പ്രചോദിപ്പിക്കുന്ന ധീരമായ തീരുമാനങ്ങളെടുക്കുക. നിങ്ങളുടെ ഗുരുവിനെ പിന്തുടരുവാൻ മനസാക്ഷി ആവശ്യപ്പെടുന്ന സമയത്ത് അത് താമസിപ്പിക്കരുത്. നിങ്ങളുടെ ശബ്ദം കേൾക്കുവാനും താൽപ്പര്യങ്ങളും വിശ്വാസവും അതോടൊപ്പം സംശയങ്ങളും വിമർശനങ്ങളും അറിയുവാനും സഭയ്ക്ക് താൽപ്പര്യമുണ്ട്. വരുന്ന സിനഡിലൂടെ എനിക്കും സഹോദര ബിഷപ്പുമാർക്കും നിങ്ങളുടെ സന്തോഷത്തിനായി കൂടുതൽ നിങ്ങളോടൊത്ത് പ്രവർത്തിക്കുവാൻ ആഗ്രഹമുണ്ട്. ഇതാ ഞാൻ എന്ന് ദൈവത്തിന്റെ വിളിയോട് സന്തോഷത്തോടെയും ഉദാരമായും പ്രതികരിക്കുവാൻ മറിയം നിങ്ങളുടെ കരം ഗ്രഹിച്ച് നിങ്ങളെ സഹായിക്കട്ടെ എന്ന് പാപ്പ ആശംസിച്ചു.