News >> വത്തിക്കാൻ പത്രം ഇനി പുതിയ രൂപത്തിൽ

Source: Sunday Shalom


വത്തിക്കാൻ സിറ്റി: വത്തിക്കാൻ പത്രമായ ഒസർവത്താരോ റൊമാനോയുടെ വാരിക പതിപ്പിന്റെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വരുത്തി. പേപ്പൽ പ്രബോധനങ്ങളുടെ പ്രതിധ്വനിയായ പത്രത്തിന്റെ കോളങ്ങളിൽ കത്തോലിക്ക എഴുത്തുകാരുടെ പംക്തികൾക്കൊപ്പം മതേതരസ്വഭാവമുള്ള ലേഖനങ്ങളും ഇതരസഭാവിഭാഗങ്ങളിലുള്ള എഴുത്തുകാരുടെ ലേഖനങ്ങളും ഇനിമുതൽ ഉണ്ടാകുമെന്ന് ഡയറക്ടർ ജിയോവാനി മരിയ വിയാൻ അറിയിച്ചു.

വത്തിക്കാൻ അറിയിപ്പുകൾ, അന്താരാഷ്ട്ര വാർത്തകൾ, മതപരമായ വാർത്തകൾ, സാംസ്‌കാരിക വാർത്തകൾ എന്നീ നാല് പ്രധാന വിഭാഗങ്ങളാകും പത്രത്തിലുണ്ടാവുക. എന്നൽ പാപ്പയുടെ പ്രബോധനങ്ങളുടെ പൂർണരൂപവും പാപ്പയുടെ പരിപാടികളും ഉൾക്കൊള്ളിക്കുന്ന പത്രത്തിന്റെ അടിസ്ഥാനസ്വഭാവത്തിൽ മാറ്റമുണ്ടാകില്ലെന്നും ഡയറക്ടർ വ്യക്തമാക്കി. 1948 ജനുവരി 19ന് ആരംഭിച്ച വാരിക രൂപത്തിലുള്ള ഇറ്റാലിയൻ പതിപ്പിന്റെ 69ാം വാർഷികത്തോടനുബന്ധിച്ചാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ദിനപത്രത്തിന്റെ പ്രധാന പതിപ്പ് ഇറ്റാലിയൻ ഭാഷയിലാണ് പ്രസിദ്ധീകരിക്കുന്നത്. ഇംഗ്ലീഷ് വാരികാ പതിപ്പിന് പുറമെ ജർമൻ, സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ്, മലയാളം എന്നീ ഭാഷകളിലും വാരിക പ്രസിദ്ധീകരിക്കുന്നു.