News >> മികച്ച ഇടവക ആകണോ ? കുറ്റം പറയുന്നത് ഒഴിവാക്കുക
Source: Sunday Shalom
വത്തിക്കാൻ സിറ്റി: അപവാദങ്ങൾ പ്രചരിപ്പിക്കാത്ത ജനങ്ങളുള്ള ഇടവകയാണ് ഏറ്റവും മികച്ച ഇടവകയെന്ന് ഫ്രാൻസിസ് മാർപാപ്പ. രോഗബാധിനതനായ ഒരു വൈദികനെ സന്ദർശിക്കുന്നതിനായി റോമിന്റെ പ്രാന്തപ്രദേശത്തുള്ള ഇടവക സന്ദർശിച്ച് അർപ്പിച്ച ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
ഒരു ക്രിസ്ത്യാനി ആയിരിക്കുക എന്ന് പറഞ്ഞാൽ യേശുവിന്റെ സാക്ഷിയാവുക എന്നുള്ളതാണ് ഏറ്റവും പ്രധാനമെന്ന് പാപ്പ വിശദീകരിച്ചു. നിയമങ്ങളുടെ അനുഷ്ഠാനം മാത്രമല്ല അത്. സാക്ഷ്യവും രക്തസാക്ഷിത്വവും ഒന്ന് തന്നെയാണ്. ചെറിയ കാര്യങ്ങളിൽ സാക്ഷ്യം നൽകുന്നവരാണ് പിന്നീട് അപ്പസ്‌തോലൻമാരെപ്പോലെ ജീവൻ നൽകിക്കൊണ്ട് ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നത്. എങ്ങനെ ക്രിസ്തു സാക്ഷികളാകാം എന്നതിനെക്കുറിച്ച് അപ്പസ്‌തോലൻമാർ കോഴ്‌സൊന്നും പഠിച്ചിട്ടില്ലെന്ന് പാപ്പ തുടർന്നു. അവരുടെ ഉള്ളിലുണ്ടായിരുന്ന ദൈവതാത്മാവിന്റെ പ്രചോദനത്തോട് അവർ സഹകരിച്ചു. അവർ വിശ്വസ്തരായിരുന്നെങ്കിലും പാപികളുമായിരുന്നു. യൂദാസ് മാത്രമല്ല, എല്ലാവരും തങ്ങളിൽ ആരാണ് വലിയവൻ എന്ന തർക്കത്തെക്കുറിച്ചൊക്കെ സുവിശേ,ത്തിൽ നാം വായിക്കുന്നുണ്ട്. യേശുവിനെ പിടിച്ചുകൊണ്ടുപോയപ്പോൾ ഭയം മൂലം ഒളിച്ച അവർ ചതിയൻമാരായി. യേശുവിനെ പരസ്യമായി തള്ളിപ്പറഞ്ഞ ആദ്യത്തെ മാർപാപ്പയായിരുന്നു പത്രോസ് ഉൾപ്പെടെ
എന്നാൽ അവരുടെ പാപങ്ങൾക്ക് ഉപരിയായി ദൈവത്തിന് അവർ സാക്ഷ്യം വഹിച്ചു. യേശുവിന് സാക്ഷ്യം വഹിക്കുന്നവർ വിശുദ്ധരാകണമെന്നില്ല. സ്വയം പാപിയാണെന്ന് തിരിച്ചറിയുന്ന വ്യക്തിക്കും യേശു കർത്താവാണെന്ന് സാക്ഷ്യം വഹിക്കാൻ സാധിക്കും. ഒരോ ദിവസവും നേരായ വഴിയിലൂടെ സഞ്ചരിച്ച് ജീവിതത്തെ രൂപാന്തരപ്പെടുത്താൻ പരിശ്രമിച്ചാൽ അത് സാധ്യമാകുമെന്ന് പാപ്പ വ്യക്തമാക്കി..
അപ്പസ്‌തോലൻമാർ പാപികളായിരുന്നെങ്കിലും അവർ അപവാദങ്ങൾ പറഞ്ഞിരുന്നില്ലെന്ന് പാപ്പ നിരീക്ഷിച്ചു. മറ്റുള്ളവരുടെ കുറ്റങ്ങൾ പറയുന്ന സമൂഹത്തിന് സാക്ഷ്യം നൽകാൻ സാധിക്കുകയില്ല. നിങ്ങൾക്ക് ഏറ്റവും മികച്ച ഇടവകയാകണോ? അപവാദങ്ങൾ പറയാതിരിക്കുക. ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടോ? അത് അവരോട് തന്നെ പറയുക. നിങ്ങൾ പാപികളാണെങ്കിലും സാക്ഷികളാകുവാൻ സാധിക്കും. അതാണ് ആദിമക്രൈസ്തവർ നൽകിയത്. മറ്റുള്ളവരുടെ കുറ്റങ്ങൾ അവർ കേൾക്കാതെ പറയാതിരിക്കുവാനുള്ള കൃപയ്ക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ് പാപ്പ പ്രസംഗം അവസാനിപ്പിച്ചത്.