News >> ക്രിസ്തുവിന്‍റെ പൗരോഹിത്യമെന്ന മഹാവിസ്മയം


Source: Vatican Radio

ക്രിസ്തുവിന്‍റെ പൗരോഹിത്യമെന്ന മഹാവിസ്മയത്തിനു മുന്നില്‍ ഹൃദയം അടയ്ക്കപ്പെടാതിരിക്കുന്നതിനുള്ള കൃപ നാം യാചിക്കണമെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍ തിങ്കളാഴ്ച (23/01/17) അര്‍പ്പിച്ച പ്രഭാത ദിവ്യപൂജാവേളയില്‍ സുവിശേഷസന്ദേശം നല്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

നമ്മുടെ പാപങ്ങള്‍ മോചിക്കുന്നതിന് ക്രിസ്തു എന്നന്നേക്കുമായി ഒരിക്കല്‍ ബലി അര്‍പ്പിച്ചു, ഇന്ന് അവിടന്ന് പിതാവിന്‍റെ പക്കല്‍ നമുക്കായി മാദ്ധ്യസ്ഥ്യം വഹിക്കുന്നു, ഇനി, നമ്മെ പിതാവിന്‍റെ പക്കലേക്കാനയിക്കാനായി വീണ്ടും വരും ഈ മൂന്നു ഘട്ടങ്ങളാണ് യേശുവിന്‍റെ പൗരോഹിത്യമെന്ന മഹാ വിസ്മയത്തില്‍ അടങ്ങിയിരിക്കുന്നതെന്നു പാപ്പാ വിശദീകരിച്ചു.

പാപമോചനത്തെപ്പറ്റി പരാമര്‍ശിക്കവെ പാപ്പാ, നാം ഹൃദയം തുറക്കുന്ന പക്ഷം യേശുനാഥന്‍ സകല പാപങ്ങളും പൊറുക്കുമെന്നും എന്നാല്‍ പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവന്‍റെ പാപം ഒരുകാലത്തും മോചിക്കപ്പെടുകയില്ല എന്ന്, യേശുവിന്‍റെ തന്നെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഇത് പാപം പൊറുക്കാന്‍ ദൈവത്തിന് ഇഷ്ടമില്ലാത്തതു കൊണ്ടല്ലെന്നും പരിശുദ്ധാരൂപിക്കെതിരായി ദൂഷണം പറയുന്നവന്‍റെ ഹൃദയം പാപപ്പൊറുതി കടന്നു ചെല്ലാത്തവിധം അടയ്ക്കപ്പെട്ടിരിക്കന്നതിനാലാണെന്നും പാപ്പാ  വിശദീകരിച്ചു.