News >> പ്രോ-ലൈഫ് നയവുമായി ട്രംപ്; വിശ്വാസികൾ ആഹ്ലാദത്തിൽ
Source: Sunday Shalom
വാഷിംഗ്ടൺ ഡി. സി: പുതിയ യു. എസ് പ്രസിഡന്റിലുള്ള ക്രൈസ്തവവിശ്വാസികളുടെ പ്രതീക്ഷകൾക്ക് ചിറക് നൽകിക്കൊണ്ട് പ്രോ-ലൈഫ് മെക്‌സിക്കോ സിറ്റി നയം ട്രംപ് പുനഃസ്ഥാപിച്ചു. പുതിയതായി നിയമിക്കപ്പെടുന്ന പ്രസിഡന്റ് ഗർഭഛിദ്രത്തോട് പുലർത്തുന്ന നയത്തിന്റെ സൂചനയായാണ് ഈ നയത്തെ കാണുന്നത്.
കുടുംബാസൂത്രണ മാർഗമായി ഗർഭഛിദ്രത്തെ പ്രോത്സാഹിപ്പിക്കുന്ന വിദേശ എൻജിഒകൾക്ക് ഗവൺമെന്റ് ധനസഹായങ്ങൾ നിഷേധിക്കുന്ന നയമമാണ് പ്രോ ലൈഫ് മെക്‌സിക്കോ സിറ്റി നയം. 1984ൽ പ്രസിഡന്റ് റൊണാൾഡ് റീഗനാണ് ഈ നയത്തിന് രൂപം നൽകിയത്. പ്രസിഡന്റ് ബിൽ ക്ലിന്റണും ബരാക്ക് ഒബാമയും അട്ടിമറിച്ച ഈ നയത്തിനൊപ്പം ജനിക്കാനിരിക്കുന്ന ആയിരക്കണക്കിന് കുട്ടികൾക്കും കൂടിയാണ് ട്രംപ് പുതുജീവൻ നൽകിയിരിക്കുന്നത്.
ഈ നയം പുനഃസ്ഥാപിക്കുമെന്നത് പ്രചരണകാലത്തെ ട്രംപിന്റെ പ്രഖ്യാപിത നയമല്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ തീരുമാനം ആകാംക്ഷയോടെയാണ് വിശ്വാസികൾ ഉറ്റുനോക്കിയിരുന്നത്. പ്രോ-ലൈഫായിട്ടുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ നോമിനേഷൻ, ഗർഭകാലത്തിന്റെ അവസാനഘട്ടത്തിലുള്ള ഗർഭഛിദ്രങ്ങളുടെ നിരോധനം, പ്ലാൻഡ് പേരന്റ്ഹുഡിനുള്ള ഗവൺമെന്റ് ധനസഹായങ്ങൾ ഗർഭഛിദ്രം നടത്താത്ത മറ്റ് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾക്കായുള്ള വകമാറ്റൽ, സാധാരണ ജനങ്ങൾ നൽകുന്ന ടാക്‌സ് ഉപയോഗിച്ച് ഗർഭഛിദ്രം നടത്തുന്നതിനുള്ള നിരോധനം തുടങ്ങിയ വാഗ്ദാനങ്ങൾ ട്രംപ് പ്രചരണകാലത്ത് നൽകിയിരുന്നു.