News >> ചലോ ഡി.സി, ചലോ ബാൾട്ടിമൂർ
Source: Sunday Shalom
വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രത്തിന് നിയമസാധുത കൊടുത്ത സുപ്രീം കോടതിവിധിയിൽ പ്രതിഷേധിക്കാൻ 1973മുതൽ സംഘടിപ്പിക്കുന്ന മാർച്ച് ഫോർ ലൈഫിൽ അണിചേരാൻ എത്തുന്നവർക്കായി വാഷിംഗ്ടൺ ഡി.സി തയാറെടുത്തു കഴിഞ്ഞു. ജനുവരി 26, 27 തിയതികളിലാണ് മാർച്ച് ഫോർ ലൈഫ്. ഇതോടനുബന്ധിച്ച് ജനുവരി 28ന് 4 ലൈഫ് മിനിസ്ട്രി സംഘടിപ്പിക്കുന്ന വിവോ 2017ൽ പങ്കെടുക്കാനെത്തുന്ന മലയാളി സമൂഹത്തെ വരവേൽക്കാൻ ബാൾട്ടിമൂർ സെന്റ് അൽഫോൻസാ ദൈവാലയങ്കണവും ഒരുങ്ങുകയാണ്.
ഈ വർഷത്തെ മാർച്ച് ഫോർ ലൈഫ് ജനുവരി 27ന് വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ മാളിലാണ് നടക്കുക. മാർച്ച് ഫോർ ലൈഫിനു മുന്നോടിയായി 26ന് നാഷണൽ ഷ്രൈൻ ഓഫ് ദ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ബസിലിക്കയിൽ പതിവുപോലെ ജാഗരണപ്രാർത്ഥന ഉണ്ടാകും. രാവിലെ 10.00 മുതൽ വൈകിട്ട് 5.00വരെ കുമ്പസാരം. തുടർന്ന് കരുണയുടെ ജപമാലയർപ്പണം. 5.30ന് പ്രാരംഭ ദിവ്യബലി. പ്രോ ലൈഫ് പ്രവർത്തനങ്ങൾക്കായുള്ള യു.എസ്.മെത്രാൻ സമിതി ചെയർമാനും ന്യൂയോർക്ക് ആർച്ച്ബിഷപ്പുമായ കർദിനാൾ തിമോത്തി എം. ഡോളനാണ് മുഖ്യകാർമികൻ.
അതിനുശേഷം 8.30മുതൽ 10.30 വരെ കുമ്പസാരം തുടരും. 8.30നുതന്നെ ജീവനുവേണ്ടിയുള്ള ദേശീയജപമാല അർപ്പിക്കപ്പെടും. പിറ്റ്‌സ്ബർഗ് ബിഷപ്പ് ഡേവിഡ് എ. സുബിക്കിന്റെ നേതൃത്വത്തിലാണ് ജപമാലയർപ്പണം. 10.00ന് ബൈസന്റൈൻ റീത്തുപ്രകാരമുള്ള യാമപ്രാർത്ഥന. പസക്കിലെ ബൈസന്റൈൻ എപ്പാർക്കി ബിഷപ്പ് കുർട് ആർ. ബേർണറ്റാണ് മുഖ്യകാർമികൻ. തുടർന്ന്, പിറ്റേന്ന് പ്രഭാതംവരെ നീളുന്ന ജാഗരണപ്രാർത്ഥനകൾ ആരംഭിക്കും.
അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്ന് മാർച്ചിൽ പങ്കെടുക്കാനെത്തുന്ന പ്രോ ലൈഫ് സെമിനാരിയന്മാരുടെ നേതൃത്വത്തിലായിരിക്കും ജാഗരണപ്രാർത്ഥന. രാവിലെ 6.00ന് ദിവ്യകാരുണ്യ ആരാധന. 6.30ന് പ്രഭാത പ്രാർത്ഥന. 7.30ന് അർപ്പിക്കുന്ന ദിവ്യബലിക്ക് ന്യൂ ഓർലിയൻസ് ആർച്ച്ബിഷപ്പ് ഗ്രിഗറി എം. എയ്‌മോൻഡ് മുഖ്യകാർമികത്വം വഹിക്കും.
നാഷണൽ മാളിൽ ഉച്ചയ്ക്ക് കൃത്യം 12ന് റാലിക്ക് തുടക്കമാകും. തുടർന്ന്, ആരംഭിക്കുന്ന മാർച്ച് പതിവിൻപടി കോൺസ്റ്റിറ്റിയൂഷൻ അവന്യൂവഴി കാപ്പിറ്റോൾ ഹില്ലിലെ സുപ്രീം കോടതി കെട്ടിടത്തിനുമുന്നിൽസമാപിക്കും. സുപ്രീം കോടതി കെട്ടിടത്തിനു മുന്നിൽ അണിനിരക്കുന്ന മാർച്ചിൽനിന്നും പ്രകോപനപരമായ മുദ്രാവാക്യങ്ങളോ അത്തരം പ്ലക്കാർഡ് പ്രദർശനങ്ങളോ ഉണ്ടാകാൻ പാടില്ലെന്നും പതിവുപോലെ, ദൈവത്തിനു കൃതജ്ഞതാസ്‌തോത്രങ്ങൾ അർപ്പിക്കുകയും സൗഹൃദങ്ങൾ പുതുക്കുകയും ഗാനങ്ങൾ ആലപിക്കുകയുമാണ് വേണ്ടതെന്ന് സംഘാടകർ അറിയിച്ചു.
ജനുവരി 28ന് രാവിലെ 8.30ന് വിവോ 2017ന്റെ രജിസ്േ്രടഷൻ ആരംഭിക്കും. തുടർന്ന് സ്തുതി ആരാധന. 10.00ന് സംഘടിപ്പിക്കുന്ന സെമിനാറിന് പ്രോ ലൈഫ് ആക്ടിവിസ്റ്റും സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വവുമായ ബാരി സള്ളിവൻ നേതൃത്വം വഹിക്കും. 11.30ന് ചിക്കാഗോ സീറോ മലബാർ രൂപതാ സഹായമെത്രാൻ മാർ ജോയ് അലപ്പാട്ടിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലിയർപ്പണം. ജീവന്റെ സംരക്ഷണവുമായ് ബന്ധപ്പെട്ട് ഉച്ചതിരിഞ്ഞ് 2.30ന് ക്ലാസ് നടക്കും. മുതിർന്നവരുടെ ക്ലാസിന് ഡോ. മനോജ് എബ്രഹാമും യുവജനങ്ങൾക്കും കൗമാരക്കാർക്കുംവേണ്ടിയുള്ള ക്ലാസിന് ബാരി സള്ളിവനും നേതൃത്വ വഹിക്കും.
കുടുംബത്തെ മുഖ്യവിഷയമായി സ്വീകരിച്ച് നയിക്കുന്ന ക്ലാസ് ഫാമിലി അപ്പസ്തലേറ്റിന്റെയും യൂത്ത് അപ്പസ്തലേറ്റിന്റെയും നിയുക്ത ഡയറക്ടർ ഫാ. പോൾ ചാലിശേരി നയിക്കും.ക്ഷമയെക്കുറിച്ച് വൈകിട്ട് 5.00ന് ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. മുതിർന്നവരുടെ ക്ലാസിന് ഫാ. വിനോദ് മ~ത്തിപ്പറമ്പിലും യുവജനങ്ങളുടെ ക്ലാസിന് ജീസസ് യൂത്ത് അംഗങ്ങളും നേതൃത്വം വഹിക്കും. ഷെറിനും സെബിനും ചേർന്നാണ് കൗമാരക്കാരുടെ സെഷൻ നയിക്കുക. വൈകിട്ട് 7.00ന് ദിവ്യകാരുണ്യ ആരാധനയും ക്രമീകരിച്ചിട്ടുണ്ട്.