News >> ശ്രീലങ്കൻ സഭക്ക് 2017 വിശുദ്ധ ജോസഫ് വാസിന്റെ വർഷം

Source: Sunday Shalom


ചെന്നൈ: വിശുദ്ധ ജോസഫ് വാസിന്റെ വർഷമായി 2017 ആചരിക്കുവാൻ ശ്രീലങ്കൻ കത്തോലിക്ക സഭ തീരുമാനിച്ചു. ഇതു സംബന്ധിക്കുന്ന പ്രഖ്യാപനം കൊളംമ്പോ ആർച്ച് ബിഷപ് കർദിനാൾ മാൽക്കം രജ്ഞിത്ത് നടത്തി. ശ്രീലങ്കയിലെ വിശുദ്ധനായ ജോസഫ് വാസിന്റെ ജീവിതം കൂടുതൽ ആളുകളിൽ എത്തിക്കുവാനുള്ള ശ്രമങ്ങളാണ് സഭയുടെ ഭാഗത്തു നിന്നും ഇനി ഉണ്ടാകുന്നതെന്ന് കർദിനാൾ അറിയിച്ചു.

രാജ്യത്തു നിന്നും ദാരിദ്ര്യം നിർമ്മാർജനം ചെയ്യുന്നതിനുള്ള പദ്ധതികൾക്കായിരിക്കും ഈ വർഷം സഭ മുൻഗണന നൽകുന്നത്. പാവപ്പെട്ട സ്‌കൂൾ കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കി നൽകുന്നതിനായി ഭക്ഷണശാല ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ഗവണ്മെന്റ് നൽകിയ സ്ഥലത്ത് വിശുദ്ധന്റെ പേരിൽ ദൈവാലയം നിർമ്മിക്കാനുളള ശ്രമങ്ങളും ആരംഭിച്ചു. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള ഐക്യവും പ്രധാന ലക്ഷ്യമാണ്.
ഇന്ത്യയിലെ ഗോവയിലേക്ക് തീർത്ഥാടനം നടത്തുവാനാണ് മറ്റൊരു പദ്ധതി. 1651ൽ ഗോവയിൽ ആണ് ജോസഫ് വാസ് ജനിക്കുന്നത്. ഒററ്റോറിയൻ സഭാംഗമായ വിശുദ്ധൻ് 1676ൽ പൗരോഹിത്യം സ്വീകരിച്ചു. ലങ്കയിലെ തമിഴരുടെയും, സിംഗളരുടെയും ഇടയിൽ ഒരുപോലെ ബഹുമാനിക്കപ്പെട്ട വ്യക്തിയായിരിന്നു വിശുദ്ധ ജോസഫ് വാസ്. സിംഗള ഭാഷയും, തമിഴും പഠിച്ച അദ്ദേഹം, ശത്രുക്കളായി കഴിഞ്ഞിരുന്ന ഇരുവിഭാഗങ്ങളേയും തമ്മിൽ സ്‌നേഹത്തോടെ നയിച്ചു.

ശ്രീലങ്കയുടെ അപ്പസ്‌തോലൻ എന്നറിയപ്പെടുന്ന വിശുദ്ധ ജോസഫ് വാസ് 23 വർഷം അതിസാഹസികമായി അവിടെ സുവിശേഷപ്രഘോഷണം നടത്തിയിരുന്നു.

ഉത്തമ കത്തോലിക്കാജീവിതം നയിച്ചിരുന്ന ക്രിസ്റ്റഫർ വാസിന്റെയും മരിയ ഡി മിറാൻഡയുടെയും ആറ് മക്കളിൽ മൂന്നാമനായിരുന്നു ജോസഫ്. സ്‌കൂൾവിദ്യാഭ്യാസ കാലത്തുതന്നെ മാതൃഭാഷയായ കൊങ്കിണിക്കു പുറമേ പോർച്ചുഗീസും ലാറ്റിനും ജോസഫ് സ്വന്തമാക്കി. വൈദികനാകാൻ ആഗ്രഹിച്ച അദ്ദേഹം സെമിനാരിയിൽ ചേർന്നു. ഗോവയിൽ ഉന്നതവിദ്യാഭ്യാസം നേടി ഹുമാനിറ്റീസ്, തത്ത്വശാസ്ത്രം, ദൈവശാസ്ത്രം എന്നിവ പഠിച്ചു. 1676-ൽ വൈദികനായി.

സന്യാസജീവിതം നയിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. പട്ടമേറ്റതിനുശേഷം ആദ്യവർഷങ്ങളിൽ ജോസഫ് കാനറയിൽ അജപാലനശുശ്രൂഷ നടത്തി. 1684-ൽ ഗോവയിലേക്ക് തിരിച്ചുവന്നു. തുടർന്ന് ഗ്രാമങ്ങളിൽ സുവിശേഷപ്രസംഗകനായി. അടുത്തവർഷം ഗോവയിലെ ചില വൈദികർ ചേർന്ന് ഒരു സമൂഹത്തിന് രൂപം കൊടുത്തു. ഗോവയിൽ അന്നുണ്ടായിരുന്ന ഒരു സന്ന്യാസസമൂഹത്തിലും ഇന്ത്യാക്കാരെ ചേർത്തിരുന്നില്ല. പഴയ ഗോവയിലുള്ള അദ്ഭുതങ്ങളുടെ വിശുദ്ധ കുരിശിന്റെ പള്ളിയിൽ അവർ താമസമാക്കി. ഫാ. വാസിനെയാണ് അവർ സുപ്പീരിയറാക്കിയത്. ആദ്യ തദ്ദേശീയ സന്ന്യാസസമൂഹമായിരുന്നു അത്. വിശുദ്ധ ഫിലിപ്പ് നേരിയുടെ ഓറട്ടറിയുടെ നിയമാവലി സ്വീകരിച്ചുകൊണ്ടവർ പ്രവർത്തിച്ചു.

ഇക്കാലത്താണ് ശ്രീലങ്കയിലെ കത്തോലിക്കർ അനുഭവിക്കുന്ന പീഡനങ്ങളും ബുദ്ധിമുട്ടുകളും അദ്ദേഹം അവിടെ നിന്നുവന്ന ഒരു വൈദികനിൽ നിന്ന് അറിഞ്ഞത്. അവർക്ക് കൂദാശകൾ നിഷേധിക്കപ്പെട്ടിരുന്നു. കത്തോലിക്കാ വൈദികരെ സ്വീകരിക്കുകയോ സഹായിക്കുകയോ ചെയ്താൽ വധിക്കുമെന്ന് ഡച്ചുകാർ ഭീഷണിപ്പെടുത്തിയിരുന്നു. 1686-ൽ കാൽനടയായി ഫാ. ജോസഫ് വാസ് ശ്രീലങ്കയിലേക്ക് തിരിച്ചു. യാത്രക്കിടയിൽ തമിഴ് പഠിച്ചു. തന്റെ ഒരു കുടുംബസുഹൃത്തായ ജോണിനോടൊപ്പം വാസ് ഒരു കൂലിക്കാരന്റെ വേഷത്തിൽ ജാഫ്‌നയിൽ എത്തി. വിശപ്പും രോഗവും കൊണ്ട് അദ്ദേഹം തളർന്നിരുന്നു. പകൽ സമയം ഒളിച്ചു പാർത്തും രാത്രിയിൽ വിശുദ്ധ കുർബാനയും മറ്റു കൂദാശകളും പരികർമ്മം ചെയ്തും അദ്ദേഹം മുന്നേറി. ഉപദേശികളുടെ കീഴിൽ വിശ്വാസികളെ സംഘടിപ്പിച്ചു. കാനറയിൽ അദ്ദേഹം മുമ്പ് ചെയ്തത് അങ്ങനെയായിരുന്നു. നാടോടിയായ ഇന്ത്യൻ സന്ന്യാസിയുടെ വേഷത്തിലായിരുന്നു അദേഹത്തിന്റെ യാത്ര.

1689-ൽ ക്രിസ്മസ്സ് രാത്രിയിൽ അദേഹം വിശുദ്ധ കുർബാന അർപ്പിച്ചു കൊണ്ടിരുന്നപ്പോൾ ഡച്ചുകാർ അവിടം വളഞ്ഞു. ഡച്ചുപോലീസുകാർ വിശുദ്ധ രൂപങ്ങളെല്ലാം തകർത്ത് കത്തോലിക്കരെ ബന്ദികളാക്കി ജയിലിലടച്ചു. ഫാ. വാസ് കൂടെ ഉണ്ടെന്ന് പട്ടാളക്കാർ കരുതി. എന്നാൽ അദ്ദേഹം അദ്ഭുതകരമായി രക്ഷപ്പെട്ടു. ബന്ധിതർ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ഏഴ് യുവാക്കൾ രക്തസാക്ഷികളായി.

ഫാ. ജോസഫ് വാസ് വനത്തിലൂടെ ഓടി അതിർത്തി കടന്ന് സിംഹളപ്രദേശമായ കാൻഡിയിലെത്തി. അവിടെ അദ്ദേഹം കത്തോലിക്കരെ ശക്തിപ്പെടുത്താൻ തുടങ്ങി. തന്റെ ആസ്ഥാനം രാജ്യത്തിന്റെ തലസ്ഥാനത്തുതന്നെ ഉറപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ, അവിടെ ഫാ. വാസിനെ ഒരു പോർട്ടുഗീസ് ചാരൻ എന്നാരോപിച്ച് ബുദ്ധരാജാവ് വിമലധർമ്മ സൂര്യ രണ്ടാമൻ ജയിലിലടച്ചു. ജയിലിൽ അദ്ദേഹം കച്ചികൊണ്ട് ഒരു കുടിൽ കെട്ടി പരസ്യമായി പ്രാർത്ഥിക്കാൻ തുടങ്ങി. അവിടെവച്ച് അദ്ദേഹം സിംഹളഭാഷ പഠിച്ചു. ബുദ്ധഭിക്ഷുക്കളുമായി സംഭാഷണങ്ങളിൽ ഏർപ്പെട്ടു. ഒരു നിഘണ്ടു അദ്ദേഹം തയ്യാറാക്കി. നീണ്ടുനിന്ന രൂക്ഷമായ വരൾച്ച കൊണ്ട് ജനം വലഞ്ഞ സമയം. മഴയ്ക്കായി പ്രാർത്ഥിക്കാൻ രാജാവ് വാസിനോടാവശ്യപ്പെട്ടു. അദ്ഭുതമെന്നു പറയട്ടെ, അദ്ദേഹത്തിന്റെ പ്രാർത്ഥനയുടെ ഫലമായി പെട്ടെന്ന് നല്ല മഴ ലഭിച്ചു. വരൾച്ച മാറി. അതിൽ സംതൃപ്തനായ കാൻഡി രാജാവ് വാസിനെ സ്വതന്ത്രനാക്കി. ഗോവയിൽനിന്ന് വൈദികരെ കൊണ്ടുവരുന്നതിന് അനുവാദവും നല്കി. ബേക്കർ, കൈവള വില്പനക്കാരൻ, മത്സ്യത്തൊഴിലാളി, കൂലി, അലക്കുകാരൻ എന്നിവരുടെ വേഷങ്ങളിൽ മാറിമാറി അദ്ദേഹം ഡച്ച് അധിനിവേശസ്ഥലങ്ങൾ സന്ദർശിച്ചുപോന്നിരുന്നു.

1695-ൽ മൂന്നു മിഷണറിമാർ ഗോവയിലെ ഓറട്ടറിയിൽ നിന്നു വന്നു. ജോസഫ് വാസിനെ 1697-ൽ കൊച്ചി മെത്രാൻ ഡോ. പെദ്രോ പച്ചേക്കോ സിലോണിന്റെ വികാരി ജനറാൾ ആയി നിയമിച്ചു.

സാഹസികമായ സ്‌നേഹശുശ്രൂഷ
ആ ഇടയ്ക്ക് കാൻഡിയിൽ വസൂരി പടർന്നു പിടിച്ചു. ഫാ. ജോസഫ് വാസും തന്റെ സഹപ്രവർത്തകനായ ഫാ. ജോസഫ് കോൺവാലോയും സാഹസികമായി എല്ലാ ആളുകൾക്കും അവരുടെ മതമെന്തെന്ന് നോക്കാതെ ശുശ്രൂഷ ചെയ്തു. രാജാവും ഡോക്ടർമാരും നഴ്‌സുമാരും രോഗികളെ വിട്ട് ഓടിപ്പോയി. രോഗബാധിതരുടെ പിതാക്കന്മാരും ഡോക്ടർമാരും നഴ്‌സുമാരും പാചകക്കാരും സംരക്ഷകരുമായി വർത്തിച്ചത് ഈ വൈദികർ മാത്രമായിരുന്നു. അവരുടെ സ്‌നേഹശുശ്രൂഷ ജനങ്ങളുടെ ഹൃദയം കവർന്നു. രോഗബാധ അവസാനിച്ചപ്പോൾ മാത്രമാണ് രാജാവും കൂട്ടരും തിരിച്ചുവന്നത്. മിഷണറിമാരെക്കുറിച്ച് അദ്ദേഹത്തിന് വലിയ മതിപ്പു തോന്നി.

ഉപേക്ഷിക്കപ്പെട്ട എല്ലാ കത്തോലിക്കാ കോളനികളും ഫാ. ജോസഫ് വാസ് സന്ദർശിച്ച് വിശ്വാസികളെ ശക്തിപ്പെടുത്തി. അനേകം സിംഹളരെ വിശ്വാസത്തിലേക്ക് ആനയിച്ചു. നിഷ്പാദുകനായി അദ്ദേഹം മൈലുകൾ യാത്ര ചെയ്തു. വനങ്ങളിലൂടെയും മലകളിലൂടെയും താഴ്‌വാരങ്ങളിലൂടെയും യാത്ര ചെയ്യുമ്പോൾ ഭക്ഷണമോ മറ്റു കാര്യങ്ങളോ അദ്ദേഹം കരുതിയിരുന്നില്ല.ദൈവപരിപാലനയിൽ ആശ്രയിച്ചാണ് അദ്ദേഹം മുന്നോട്ടുപോയിരുന്നത്.

മതബോധനഗ്രന്ഥങ്ങളും പ്രാർത്ഥനകളും ഫാ. വാസ് തമിഴിലും സിംഹളയിലും എഴുതി പ്രസിദ്ധീകരിച്ചു. ഗോവയിലെ ദിവാറിൽ നിന്നുള്ള തന്റെ തന്നെ സമൂഹത്തിൽപ്പെട്ട ഫാ. ജാക്കാമോ ഗോൺസാൽവസിനെ ക്ലാസ്സിക്കൽ സിംഹളയിലും തമിഴിലും കത്തോലിക്കാ സാഹിത്യവും സുവിശേഷവും സംഗീതവും ഗാനങ്ങളും സൃഷ്ടിക്കാൻ ഫാ. വാസ് പ്രോത്സാഹിപ്പിച്ചു. ഇന്നും ശ്രീലങ്കയിൽ വിശ്വാസം നിലനിറുത്തുന്നതിന് ആ സംരംഭം സഹായകമായി.

ഫാ. വാസ് രാത്രിയിൽ നീണ്ട മണിക്കൂറുകൾ പ്രാർത്ഥനയിൽ ചെലവഴിക്കുക പതിവായിരുന്നു. മാലാഖയ്ക്കടുത്ത വൈദികൻ എന്ന് വിശ്വാസികൾ അദ്ദേഹത്തെ വിശേഷിപ്പിച്ചു. 1705-ൽ വാസിനോട് സിലോണിന്റെ മെത്രാനും ആദ്യവികാർ അപ്പസ്‌തോലിക്കയുമായി ചാർജ്ജ് എടുക്കാൻ റോം ആവശ്യപ്പെട്ടു. ഒരു എളിയ മിഷണറിയായി നിലകൊള്ളാനാണ് ആഗ്രഹിക്കുന്നതെന്നു പറഞ്ഞ് ആ സ്ഥാനം ഫാ. ജോസഫ് വാസ് നിരാകരിച്ചു. 24 വർഷത്തെ സാഹസികവും ഊർജ്ജസ്വലവും നിസ്വാർത്ഥവുമായ പ്രേഷിതപ്രവർത്തനത്തിനുശേഷം 1711 ജനുവരി 16-ന് ഫാ. ജോസഫ് വാസ് മരിച്ചു.

ശ്രീലങ്കയിൽ മിഷൻ പ്രവർത്തനത്തിന് ശക്തമായ അടിത്തറയിട്ടത് ഫാ. ജോസഫ് വാസും അദ്ദേഹത്തിന്റെ ഓറട്ടറിയിലെ അംഗങ്ങളുമാണ്. സാംസ്‌കാരികമായി അനുരൂപപ്പെട്ട സഭയ്ക്ക് അദ്ദേഹം രൂപം നല്കി. 15 വലിയ പള്ളികളും ശ്രീലങ്കയിൽ അങ്ങോളമിങ്ങോളം അനേകം ചാപ്പലുകളും സ്‌കൂളുകളും ആതുരാലയങ്ങളും അദ്ദേഹം സ്ഥാപിച്ചു. 150 വർഷത്തിലധികം കാലം ഫാ. വാസിന്റെ ഓറട്ടറി സമൂഹം സിലോണിൽ സേവനം ചെയ്തു. ഇന്ന് ശ്രീലങ്കയിൽ 10 രൂപതകൾ ഉണ്ട്. 6% കത്തോലിക്കരും. വിശുദ്ധ പൗലോസ്, വിശുദ്ധ ഫ്രാൻസീസ് സേവ്യർ എന്നിവരെപ്പോലെ ത്യാഗോജ്ജ്വലമായ പ്രേഷിതപ്രവർത്തനം ഓടിനടന്ന് നടത്തിയ തീക്ഷ്ണവാനായിരുന്നു ഫാ. ജോസഫ് വാസ്.

കൊളംബോയിൽവച്ച് 1995 ജനുവരി 21-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ വാസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന് ഒരു അദ്ഭുതവും കൂടി നടക്കേണ്ടതുണ്ട്. ഫ്രാൻസീസ് മാർപാപ്പാ തന്റെ അധികാരമുപയോഗിച്ച് അത് ഇളവു ചെയ്തുകൊണ്ട് തന്റെ ശ്രീലങ്കൻ സന്ദർശനത്തിനോടനുബന്ധിച്ച് 2015 ജനുവരി 15-ന് വാഴ്ത്തപ്പെട്ട ഫാ. ജോസഫ് വാസിനെ വിശുദ്ധനായി പ്രഖ്യാപിക്കുകയാണ്. ശ്രീലങ്കൻ ജനതയ്ക്ക് ഒരു വിശുദ്ധനെ ലഭിക്കണമെന്ന അത്യധികമായ ആഗ്രഹം അങ്ങനെ സഫലീകൃതമാകുന്നു. ആ നാട്ടിൽ വിശ്വാസത്തിനു വലിയ കരുത്തേകാൻ ഈ സംഭവം ഇടയാക്കും. 2014 സെപ്തംബർ 17-ന് വാഴ്ത്തപ്പെട്ട ഫാ. ജോസഫ് വാസിനെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള ഡിക്രിയിൽ മാർപാപ്പാ ഒപ്പുവച്ചു. 2015 ജനുവരി യിൽ വിശുദ്ധ പദവിയിലുമെത്തി.

വിശുദ്ധനിലൂടെ സഭക്കും സമൂഹത്തിനും ലഭിച്ച നന്മകൾ ലോകമറിയാൻ വിശുദ്ധ ജോസഫ് വാസ് വർഷമായി ശ്രീലങ്ക ഈ വർഷം തെരഞ്ഞെടുത്തുകഴിഞ്ഞു.