News >> കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രസമിതി നാളെ (3/10/2015)

കൊച്ചി: കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രസമിതി യോഗം നാളെ കോഴിക്കോട് പിഎംഒസിയില്‍ നടക്കും. ബിഷപ് ലെഗേറ്റ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനംചെയ്യും. 

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്, കാര്‍ഷിക മേഖലയിലെ അനിശ്ചിതാവസ്ഥ എന്നീ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. - കര്‍ഷകരെ വിഡ്ഢികളാക്കുന്ന വിധത്തിലുള്ള റബര്‍, നെല്ല് സംഭരണങ്ങള്‍, - വന്യമൃഗ, തെരുവുനായ് ശല്യം പരിഹരിക്കുന്നതില്‍ സര്‍ക്കാരിന്റെ അലംഭാവം, - തന്നാണ്ട് കൃഷി ഉത്പന്നങ്ങളുടെ തറവില പ്രഖ്യാപനം, - ഭൂനികുതി വര്‍ധന പിന്‍വലിക്കല്‍ തുടങ്ങി കത്തോലിക്കാ കോണ്‍ഗ്രസ് മോചനയാത്രയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ അനുകൂല നിലപാടു സ്വീകരിക്കാത്ത സാഹചര്യത്തിലാണു കേന്ദ്രസമിതി യോഗം വിളിച്ചിട്ടുള്ളത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കത്തോലിക്ക കോണ്‍ഗ്രസ് സ്വീകരിക്കേണ്ട സമീപനം യോഗം ചര്‍ച്ചചെയ്യും. 

പ്രസിഡന്റ് വി.വി. അഗസ്റിന്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി അഡ്വ.ബിജു പറയന്നിലം വിഷയാവതരണം നടത്തും. ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, കേന്ദ്രസമിതി ഭാരവാഹികളായ ജോസ്കുട്ടി മാടപ്പിള്ളി, അഡ്വ. ടോണി ജോസഫ്, സാജു അലക്സ്, സ്റീഫന്‍ ജോര്‍ജ്, ഡേവിസ് പുത്തൂര്‍, ബേബി പെരുമാലില്‍, സൈബി അക്കര, ഡേവിസ് തുളുവത്ത് എന്നിവരും രൂപത പ്രസിഡന്റുമാരും പങ്കെടുക്കും.

Source: Deepika