News >> സഭൈക്യവാരം സമാപിച്ചു : സഭകളുടെ കൂട്ടായ്മ സാഹോദര്യത്തിന്‍റെ ക്രിസ്തുസാക്ഷ്യം
Source: Vatican Radioജനുവരി 18-ന് ആരംഭിച്ച കൈസ്തവൈക്യവാരം 25-ബുധനാഴ്ച പ്രാദേശികസമയം വൈകുന്നേരം 5.30-ന് വിശുദ്ധ പൗലോസ്ലീഹായുടെ നാമത്തില്‍ റോമന്‍ ചുവരിനു പുറത്തുള്ള ബസിലിക്കയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട സായാഹ്ന പ്രാര്‍ത്ഥനാശുശ്രൂഷയോടെ സമാപിച്ചു.കിഴക്കിന്‍റെയും പടിഞ്ഞാറിന്‍റെയും പ്രമുഖ സഭാപ്രതിനിധികള്‍ പാപ്പാ ഫ്രാന്‍സിസിനോടൊപ്പം റോമിലെ സഭൈക്യ പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പങ്കെടുത്തു.സഭകള്‍ കൈകോര്‍ത്ത് വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന ആഗോള ക്രൈസ്തവകൂട്ടായ്മയുടെ പ്രതീകമാണ് അനുവര്‍ഷം ആചരിക്കപ്പെടുന്ന സഭൈക്യപ്രാര്‍ത്ഥനാവാരം (Christian Unity Octave). പൗലോസ് ശ്ലീഹായുടെ മാനസാന്തരത്തിരുനാളില്‍, ജനുവരി 25-ന് ശ്ലീഹായുടെ രക്തസാക്ഷിത്ത്വ സ്ഥാനത്തുനിന്നും വിദൂരത്തല്ലാത്ത റോമിലെ ബസിലിക്കയില്‍ അരങ്ങേറുന്ന അതിന്‍റെ സമാപനശുശ്രൂഷയും വിവിധ ക്രൈസ്തവ മേലദ്ധ്യക്ഷന്മാരുടെ സാന്നിദ്ധ്യംകൊണ്ട് ശ്രദ്ധേയമാണ്.