News >> വിഗ്രഹാരാധനയെന്ന അപകടം പതിയിരിക്കുന്ന മുതലാളിത്തവ്യവസ്ഥിതി


Source: Vatican Radio

മുതലാളിത്തവ്യവസ്ഥിതി ലാഭത്തില്‍ മാത്രം കണ്ണുവയ്ക്കുന്ന പക്ഷം അത് വിഗ്രഹാരാധനയുടെ രൂപമായിഭവിക്കുന്ന അപകടമുണ്ടെന്ന് മാര്‍പ്പാപ്പാ മുന്നറിയിപ്പുനല്കുന്നു.

റോമിനു പുറത്തുള്ള കാസ്തല്‍ ഗന്തോള്‍ഫോയില്‍ ഫോക്കൊളാരി പ്രസ്ഥാനം "സമ്പദ്ഘടനയും കൂട്ടായ്മയും" എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നവരടങ്ങിയ ഭാരതത്തില്‍നിന്നുള്‍പ്പടെ വിവിധരാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിഒരുനൂറോളം പേരെ വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ ശനിയാഴ്ച (04/02/17) സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ. ഒന്നാം തിയിതി ബുധനാഴ്ച ആരംഭിച്ച ഈ സമ്മേളനം അഞ്ചാം തിയതി ഞായറാഴ്ച സമാപിക്കും.

ധനം, ദാരിദ്ര്യം, ഭാവി എന്നീ മൂന്നു വിഷയങ്ങളില്‍ കേന്ദ്രീകൃതമായിരുന്ന തന്‍റെ  പ്രഭാഷണത്തില്‍ ജീവിതത്തില്‍ പണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ജീവിതാവശ്യങ്ങളുമായി, ഉദാഹരണമായി, ഭക്ഷ​ണം വിദ്യഭ്യാസം മക്കളുടെ ഭാവി തുടങ്ങിയവയുമായി ബന്ധപ്പെടുത്തി പരാമര്‍ശിച്ച പാപ്പാ പണം ഒരു ലക്ഷ്യമായി മാറുമ്പോള്‍ അത് ഒരു വിഗ്രഹമായി പരിണമിക്കുകയും പണം കുന്നുകൂട്ടുന്ന പ്രക്രിയ വിഗ്രഹാരാധനയായി ഭവിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പു നല്കി.

ധനത്തെ ഒരു വിഗ്രഹമാക്കി മാറ്റാതിരിക്കാനുള്ള മെച്ചപ്പെട്ടതും സമൂര്‍ത്തവുമായ മാര്‍ഗ്ഗം അത് മറ്റുള്ളവരുമായി, സര്‍വ്വോപരി, നിര്‍ദ്ധനരുമായി പങ്കുവയ്ക്കുകയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

ദാരിദ്ര്യത്തെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ മുതലാളിത്ത വ്യവസ്ഥിതി മനുഷ്യവ്യക്തികളെ പാഴ്വസ്തുകണക്കെ പുറന്തള്ളുകയും അത് മറച്ചുവയ്ക്കുകയും ചെയ്യുന്നതാണ് ഈ വ്യവസ്ഥിതിതിയുടെ മുഖ്യ നൈതിക പ്രശ്നമെന്നു പറഞ്ഞു.

ഒരു നാഗരികതയ്ക്ക് സ്വന്തം ദരിദ്രവിഭാഗത്തെ കാണാന്‍ കഴിയാതെ വരുന്നത് ദാരിദ്ര്യത്തിന്‍റെ ഗുരുതരമായ ഒരു രൂപമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

സമ്പദ്ഘടന മനുഷ്യവ്യക്തിയെ ഇരകളാക്കുന്നതു തുടരുകയും  മനുഷ്യവ്യക്തിയെ പുറന്തള്ളുകയും, അത് ഒരു വ്യക്തി മാത്രമാണെങ്കില്‍ കൂടിയും,  ആ സമൂഹത്തില്‍ കൂട്ടായ്മ സാക്ഷാത്ക്കരിക്കപ്പെട്ടിട്ടില്ലയെന്നും വിശ്വസാഹോദര്യത്തിന്‍റെ ആഘോഷം പൂര്‍ണ്ണമല്ലെന്നും പാപ്പാ പറഞ്ഞു.

നമ്മു‌ടെ ജീവിതത്തെ പരിവര്‍ത്തനം ചെയ്യുന്നതിന് നിരവധിഘടകങ്ങളുടെ ആവശ്യമില്ലെന്നും സുവിശേഷം സൂചിപ്പിക്കുന്നതായ ഉപ്പ്, പുളിമാവ് എന്നിവയുടെ സ്വാഭാവിക ഗുണം നഷ്ടമാകാതിരുന്നാല്‍ മതിയെന്നും പാപ്പാ ഭാവിയെക്കുറിച്ചു പരാമര്‍ശിക്കവെ പ്രതീകാത്മകമായി വിശദീകരിച്ചു.

പാവപ്പെട്ടവരെ വസ്മരിച്ചുകൊണ്ടുള്ള അധികാരസംവിധാനങ്ങള്‍ക്കൊന്നും ലോകത്തെ രക്ഷിക്കാനാകില്ലയെന്നും ഉപ്പും പുളിമാവും ആയി നിലകൊള്ളുകയാണ് കരണീയമെന്നും പറഞ്ഞ പാപ്പാ ജീവന്‍ സമൃദ്ധമായി ഉണ്ടാകണമെങ്കില്‍ ദാനമായിത്തീരാന്‍ പഠിക്കണമെന്നും ഉദ്ബോധിപ്പിച്ചു.