News >> നൊബേല്‍ പുരസ്കാരജേതാക്കളുടെ ഉച്ചകോടിക്ക് പാപ്പായുടെ ആശംസകള്‍


Source: Vatican Radio

അക്രമത്തിനിരകളായവര്‍, പ്രതികാരനടപടികള്‍ക്കുള്ള പ്രലോഭനത്തെ ജയിക്കുമ്പോള്‍ അഹിംസയുടെയും സമാധാനസംസ്ഥാപനത്തിന്‍റെയും വിശ്വാസയോഗ്യരായ പരിപോഷകരായിഭവിക്കുന്നുവെന്നു മാര്‍പ്പാപ്പാ.

തെക്കെ അമേരിക്കന്‍ നടായ കൊളൊംബിയായുടെ തലസ്ഥാനമായ ബൊഗോട്ടായില്‍ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന, നൊബേല്‍ സമാധാന പുരസ്കാരജേതാക്കളുടെ ഉച്ചകോടിക്ക് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രോ പരോളിന്‍ ഫ്രാന്‍സീസ് പാപ്പായുടെ നാമത്തില്‍ വെള്ളിയാഴ്ച (03/02/17) ഒപ്പിട്ടയച്ച സന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്.

വ്യക്തികള്‍ തമ്മിലുള്ള ധാരണയും സംഭാഷണവും പരിപോഷിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പ്രോത്സാഹനം പകരുന്ന പാപ്പാ, അഹിംസ നമ്മുടെ തീരുമാനങ്ങളുടെയും ബന്ധങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും രാഷ്ട്രീയത്തിന്‍റെ സകലരൂപങ്ങളുടെയും മുദ്രയായിരക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നു.

സമാധാനം കെട്ടിപ്പടുക്കാനും അനുരഞ്ജനത്തിനും കൊളൊംബിയ നടത്തുന്ന യത്നങ്ങള്‍ ബദ്ധവൈരവും ഭിന്നിപ്പുകളും തരണം ചെയ്യുന്നതിന് എല്ലാ സമൂഹങ്ങള്‍ക്കും പ്രചോദനമാകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്യുന്നു.

ബൊഗോട്ടയില്‍ വ്യാഴം (02/02/17) മുതല്‍ ഞായര്‍ (05/02/17) വരെയാണ് നൊബേല്‍ പുരസ്കാരജേതാക്കളുടെ പതിനാറാം ലോക സമ്മേളനം. "സമാധാനവും അനുരഞ്ജനവും" ആണ് സമ്മേളനത്തിന്‍റെ വിചിന്തന പ്രമേയം.