News >> സമര്‍പ്പിതര്‍ അതിജീവനത്തിനുള്ള പ്രലോഭനത്തെ ജയിക്കുക-പാപ്പാ


Source: Vatican Radio

അതിജീവനത്തിനുള്ള പ്രലോഭനം സമര്‍പ്പിതജീവിതത്തെ വന്ധ്യമാക്കിത്തീര്‍ക്കുമെന്ന് മാര്‍പ്പാപ്പാ.

കര്‍ത്താവിന്‍റെ സമര്‍പ്പണത്തിരുന്നാളും സമര്‍പ്പിതജീവിതദിനവും ആയിരുന്ന വ്യാഴാഴ്ച (02/02/17) വൈകുന്നേരം, വത്തിക്കാനില്‍, വിശുദ്ധ പത്രോസിന്‍റെ   ബസിലിക്കയില്‍ താന്‍ മുഖ്യകാര്‍മ്മികനായി അര്‍പ്പിച്ച സാഘോഷമായ സമൂഹദിവ്യബലി മദ്ധ്യേ നടത്തിയ സുവിശേഷപ്രഭാഷണത്തിലാണ് ഫ്രാന്‍സീസ് പാപ്പാ സമര്‍പ്പിതരെ അപകടത്തിലാക്കുന്ന ഈ പ്രലോഭനത്തെക്കുറിച്ചു മുന്നറിയിപ്പുനല്കിയത്.

"എല്ലാവരുടെയും മേല്‍ എന്‍റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും; യുവാക്കള്‍ക്ക് ദര്‍ശനങ്ങള്‍ ഉണ്ടാകും" (ജോയേല്‍ 2,28) കര്‍ത്താവിന്‍റെ ഈ വാക്കുകള്‍ ജോയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ നിന്നുദ്ധരിക്കുകയും ഉണ്ണിയേശുവിന്‍റെ   മാതാപിതാക്കള്‍ നിയമങ്ങള്‍ നിറവേറ്റുന്നതിനായി യേശുവിനെ ദേവാലയത്തില്‍ സമര്‍പ്പിക്കാന്‍ എത്തിയതും കര്‍ത്താവിനെ കാണുമെന്ന പ്രത്യാശയില്‍ കഴിഞ്ഞിരുന്ന വൃദ്ധനായ ശിമയോന്‍ ആ ഉണ്ണിയെ കരങ്ങളിലെടുത്ത് കര്‍ത്താവിനെ സ്തുതിച്ചതും അനുസ്മരിക്കുകയും ചെയ്ത പാപ്പാ പൂര്‍വ്വികരുടെ സ്വപ്നങ്ങളെയും ആ സ്വപ്നങ്ങള്‍ പ്രവചനാത്മകമായി അവര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കാണിച്ച ധൈര്യവും നാം ഓര്‍ക്കുന്നതുവഴി സംജാതമാകുന്ന മനോഭാവം സമര്‍പ്പിതജീവിതം ഫലദായകമാക്കിത്തീര്‍ക്കുകയും അതിജീവനത്തിന്‍റെ പ്രലോഭനത്തില്‍ വീഴാതിരിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് പറഞ്ഞു.

ഈ പ്രലോഭനം സമര്‍പ്പിതരുടെ ഉള്ളിലും സമര്‍പ്പിതജീവിത സമൂഹങ്ങള്‍ക്കുള്ളിലും പടിപടിയായി സ്ഥാനം പിടിക്കുകയും ഇത് നമ്മെ ഭീതിതരും പിന്തിരിപ്പന്മാരുമാക്കിത്തീര്‍ക്കുകയും സ്വഭവനങ്ങളിലും സ്വന്തംകാഴ്ചപ്പാടുകളിലും നമ്മെ ക്രമേണ, നിശബ്ദം തളച്ചിടുകയും ചെയ്യുമെന്ന് പാപ്പാ മുന്നറിയപ്പുനല്കി.

അതിജീവനത്തിന്‍റെ മനശാസ്ത്രം നമ്മുടെ സിദ്ധികളുടെ ശക്തിയെ, അവയുടെ രചനാത്മക ശക്തിയെ ക്ഷയിപ്പിക്കുമെന്നും, കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും സംവിധാനങ്ങളുടെയും വെറും സംരക്ഷകരാക്കി നമ്മെ മാറ്റുമെന്നും, അതുപോലെതന്നെ അതിജീവനത്തിന്‍റെതായ ഒരന്തരീക്ഷം, സ്വപ്നം കാണാനുള്ള നമ്മുടെ വൃദ്ധജനത്തിന്‍റെ കഴിവിന് കടിഞ്ഞാണിട്ടുകൊണ്ട് ഹൃദയങ്ങളെ ശുഷ്കമാക്കുകയും, യുവജനം പ്രഘോഷിക്കാനും യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാനും വിളിക്കപ്പെട്ടിരിക്കുന്ന പ്രവചനത്തെ ഫലരഹിതമാക്കുകയും ചെയ്യുന്നുമെന്നും പാപ്പാ വിശദീകരിച്ചു.

ക്രിസ്തുവിനോടൊപ്പം ജനമദ്ധ്യത്തിലായിരിക്കുക, യേശുവിനെ അവിടത്തെ ജനമദ്ധ്യത്തിലെത്തിക്കുക എന്നിവ സമര്‍പ്പിതരുടെ കടമയാണെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.