News >> സര്‍വ്വകലാശാല:സുവിശേഷവും സംസ്കാരവും തമ്മിലുള്ള സംഭാഷണ വേദി

Source: Vatican Radio

സുവിശേഷതത്ത്വങ്ങളാലും സഭാപാരമ്പര്യങ്ങളാലും പ്രചോദിതവും സാംസ്കാരിക പുരോഗതിയുടെ ഫലദായകോപാധിയും ആണ് കത്തോലിക്കാ സര്‍വകാലാശാലകളെന്ന് വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ പൊതുകാര്യവകുപ്പിന്‍റെ ചുമതല വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് ജൊവാന്നി ആഞ്ചെലൊ ബെച്ചു.

റോമിലെ കത്തോലിക്ക സര്‍വ്വകലാശാലയുടെ അദ്ധ്യായന വര്‍ഷോദ്ഘാടനത്തോടനുബന്ധിച്ച് ബുധനാഴ്ച (01/02/17) അര്‍പ്പിച്ച ദിവ്യബലി മദ്ധ്യേ സുവിശേഷസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

സുവിശേഷവും സംസ്കാരവുംമായും സുവിശേഷവും ശാസ്ത്രവുമായും സംഭാഷണത്തിനുള്ള വേദിയാണ് കത്തോലിക്കാസര്‍വ്വകലാശാലകളെന്നും അവ മനുഷ്യാവതാരത്തിന്‍റെയും, ആ അവതാരത്തിന്‍റെ എളിയ ഉപകരണങ്ങളുടെയും സുവിശേഷാത്മകയുക്തിയിലേക്ക് കടന്നുചെല്ലേണ്ടിയിരിക്കുന്നുവെന്നും ആര്‍ച്ചുബിഷപ്പ് ആഞ്ചെലൊ ബെച്ചു ഓര്‍മ്മിപ്പിച്ചു.

ഈ സവിശേഷതയാല്‍ത്തന്നെ കത്തോലിക്കാ സര്‍വ്വകലാശാല മനുഷ്യജീവിതത്തിന്‍റെ വിഭിന്നങ്ങളായ പ്രശ്നങ്ങളെ ധാര്‍മ്മികവും മതാത്മകവുമായ മാനങ്ങളെക്കുറിച്ചുള്ള അദ്വിതീയമായൊരു സൂക്ഷ്മബോധത്തോടെ നേരിടേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

 മാനവികതെയക്കുറിച്ച് പരാമര്‍ശിക്കാതെ കത്തോലിക്കാവിദ്യഭ്യാസത്തെക്കുറിച്ച് സംസാരിക്കാനാകില്ല എന്ന ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകളും ആര്‍ച്ചുബിഷപ്പ് ആഞ്ചെലൊ ബെച്ചു അനുസ്മരിച്ചു.