News >> ''സൃഷ്ടിയില്‍ ദൈവം നമുക്കു നല്‍കിയ ആദ്യദാനം അവിടുത്തെ ഛായ'': ഫ്രാന്‍സീസ് പാപ്പാ


Source: Vatican Radio

സൃഷ്ടിയില്‍ത്തന്നെ ദൈവം നമുക്കായി നല്കിയ മൂന്നു ദാനങ്ങള്‍, അവിടുത്തെ സാദൃശ്യവും അധീശത്വവും സ്നേഹവും എന്നു ഫ്രാന്‍സീസ് പാപ്പാ.

2017 ഫെബ്രുവരി ഏഴാംതീയതി സാന്താ മാര്‍ത്ത കപ്പേളയിലര്‍പ്പിച്ച ദിവ്യബലിമധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു പാപ്പാ. ദൈവത്തിന്‍റെ സൃഷ്ടികര്‍മത്തെക്കുറിച്ച് ഉല്‍പ്പത്തിഗ്രന്ഥത്തിലെ ആദ്യവായനയെ അധികരിച്ചു പാപ്പാ പറഞ്ഞു:  ദൈവം തന്‍റെ  മക്കളായ നമുക്കു നല്കിയ ആ ദ്യദാനം, അവിടുത്തെ ഛായയും സാദൃശ്യവുമാണ്.  അവിടുത്തെ ഡിഎന്‍എ നമുക്കു നല്കി.  ഒരു കുഞ്ഞ് പിതാവിന്‍റെ തനിമയില്‍ പങ്കുപറ്റുന്നു.  അതില്‍ പിതാവ് അഭിമാനിക്കുന്നു. കുഞ്ഞ് അഴകുള്ളതല്ലെങ്കിലും പിതാവു പറയുന്നു.  'സുന്ദരനാണ്'. കുട്ടി മോശമായി പെരുമാറിയാലോ.  അവനെ നീതീകരിച്ചുകൊണ്ട്, ക്ഷമയോടെ പ്രതീക്ഷയുള്ളവനാകുന്നു. യേശു പഠിപ്പിച്ചത് ദൈവം പിതാവാണെന്നാണ്. അവിടുത്തെ തനിമ, അതു ദൈവം നമുക്കു നല്‍കി. എന്തെന്നാല്‍, നാം ദൈവത്തിന്‍റെ മക്കളാണ്.

ദൈവം നല്കിയ രണ്ടാമത്തെ ദാനം, ഭൂമി നമുക്കായി നല്‍കി, 'അതിനെ കീഴടക്കുക' എന്നു പറഞ്ഞുകൊണ്ട് അവിടുന്നു നമുക്കു നല്‍കിയ രാജത്വമാണ്.  അടിമത്തമല്ല, പ്രഭുസ്ഥാനവും രാജത്വവുമാണ് ദൈവം നമുക്കു നല്കിയത്.  ഒപ്പം ഉത്തരവാദിത്വവും.  സൃഷ്ടിക്കപ്പെട്ടവയെ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്വം.  അതിനെ നശിപ്പിക്കാനുള്ളതല്ല, വളര്‍ത്താനും സുഖപ്പെടുത്താനും പരിചരിക്കാനും വേണ്ടിയാണത്.  ഈ ആധിപത്യം നമു ക്കു നല്കിയ ശേഷം അവിടുന്നു നല്കിയ ദാനം സ്നേഹമാണ്.  നമുക്കു നല്‍കിയ മൂന്നാമത്തെ ദാനമാണു സ്നേഹം. പുരുഷനെയും സ്ത്രീയെയും ഐക്യപ്പെടുത്തുന്ന ദാനം.

ഈ മൂന്നു സമ്മാനങ്ങളെയോര്‍ത്ത് നമുക്കു ദൈവത്തോടു നന്ദിയുള്ളവരായിരിക്കാം; നമുക്കു തന്ന ദൈവികസാദൃശ്യത്തെക്കുറിച്ച്, ദൗത്യത്തെക്കുറിച്ച്, സ്നേഹത്തെക്കുറിച്ച്. ദൈവമക്കളെന്ന തനിമ കാത്തുസൂക്ഷിക്കാനുള്ള കൃപ നമുക്കു യാചിക്കാം എന്നു പറഞ്ഞുകൊണ്ടാണ് പാപ്പാ വചനസന്ദേശം അവസാനിപ്പിച്ചത്.