News >> ബോധമില്ലാത്തവര്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ അശാന്തിക്കു കാരണം


Source: Vatican Radio

യുഎന്നിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ബര്‍ണദീത്തോ ഔസായാണ് ഇങ്ങനെ  പ്രസ്താവിച്ചത്. സുസ്ഥിതി  വികസനത്തെ (Sustainable Development) സംബന്ധിച്ച് യുഎന്നിന്‍റെ ന്യൂയോര്‍ക്ക് ആസ്ഥാനത്ത് ഫെബ്രുവരി 2-Ɔ൦ തിയതി വ്യാഴാഴ്ച സംഗമിച്ച 55-Ɔമത് പൊതുസമ്മേളനത്തില്‍ പാപ്പാ ഫ്രാന്‍സിസിനെ ഉദ്ധരിച്ചുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് ഔസാ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ലോകസമാധാനത്തെ ഇന്ന് ലാഘവത്തോടെ കാണുന്നവര്‍ ധാരാളമുണ്ട്. അതിനെപ്പറ്റി ഗൗരവകരമായി ചിന്തിക്കാന്‍പോലും അധികംപേരും അനാസ്ഥരും താല്പര്യമില്ലാത്തവരുമാണ്. മറ്റു ചിലര്‍ക്ക് മെനക്കെടാന്‍ ഇഷ്ടമില്ലാത്തൊരു വിദൂരസ്വപ്നവുമായി മാറിയിട്ടുണ്ട് സമാധാനം! കോടാനുകോടി ജനങ്ങളാണ് യുദ്ധത്തിന്‍റെയും അഭ്യാന്തര കലാപങ്ങളുടെ സ്വേച്ഛാഭരണകര്‍ത്താക്കളുടെയും ഭീകരതയുടെ പിടിയില്‍പ്പെട്ടു അശാന്തി അനുഭവിക്കുന്നത്.

ഉത്തരവാദിത്വങ്ങളില്‍ ഇരിക്കുന്നവര്‍തന്നെ സൃഷ്ടിക്കുന്നതും, ആളിക്കത്തിക്കുന്നതുമായ അക്രമവും വെറുപ്പും ഭീതിയുമാണിന്ന് രാഷ്ട്രങ്ങളിലും സമൂഹങ്ങളിലും അശാന്തിയുടെ തീപ്പൊരി പടര്‍ത്തുന്നത്. അതു കുടുംബങ്ങളെയും ബാധിക്കുന്നുണ്ട്. ലോകത്ത് സുരക്ഷമായിരുന്ന ഇടങ്ങളും, തങ്ങളുടെ വാസസ്ഥാനങ്ങളും ഇതുമൂലം ധാരാളംപേര്‍ക്ക് നഷ്ടമായിട്ടുണ്ട്. സ്ത്രീകളും കുഞ്ഞുങ്ങളും, കുടുംബങ്ങളും വഴിയാധാരമാക്കപ്പെടുന്നുണ്ട്. സുരക്ഷയില്ലായ്മ, നിര്‍ബന്ധിത കുടിയേറ്റം പ്രത്യാശയ്ക്കു വകയില്ലാത്ത അവസ്ഥ എന്നിവയാണ് ലോകസുസ്ഥിതിയെ അസ്ഥിരമാക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ ചൂണ്ടിക്കാട്ടി.

ഇന്ന് ബഹുഭൂരിപക്ഷം വരുന്ന ജനത ലോകത്ത് അനുഭവിക്കുന്ന ദാരിദ്ര്യം സാമ്പത്തിക പരാധീനതയാല്‍ മാത്രമല്ലെന്ന് ഐക്യരാഷ്ട്ര സംഘടനയിലെ വത്തിക്കാന്‍റെ സ്ഥാനപതി അഭിപ്രായപ്പെട്ടു. 2030 ലക്ഷ്യംവയ്ക്കുന്ന ആഗോള സുസ്ഥിതി വികസനപദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം അനിവാര്യഘടകവും ആഗോള വെല്ലുവിളിയുമാണ്. ദാരിദ്ര്യത്തെ സാമ്പത്തിക പ്രശ്നമായിട്ടു മാത്രം കണക്കാക്കാനാവില്ല. എല്ലാത്തലത്തിലും തരത്തിലും അതിനെ കാണുകയും മനസ്സിലാക്കുകയും വേണം. ഭൂമിയെ സംരക്ഷിക്കുന്നതും, ഇന്നു ലോകത്തുള്ള ബഹുഭൂരിപക്ഷം പാവങ്ങളെ ഉള്‍ക്കൊള്ളുന്നതുമായ ഒരു കൂട്ടായ്മയുടെ സാകല്യ സംസ്കൃതിയാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പ്രതിവിധികളിലൊന്നെന്ന് ആര്‍ച്ചുബിഷപ്പ് ഔസാ അഭിപ്രായപ്പെട്ടു.

ലോകത്തെവിടെയും - ജീവിതത്തിന്‍റെ സമൂഹ്യചുറ്റുപാടുകളില്‍ ഓരോ വ്യക്തിയും അവന്‍റെയും അവളുടെയും അടിസ്ഥാന അന്തസ്സും, സമത്വവും ആരോഗ്യകരമായ പാരിസ്ഥിതിക ചുറ്റുപാടുകളും അനുഭവിക്കുവാന്‍ അവകാശപ്പെട്ടവരാണ്. അതുകൊണ്ടു തന്നെ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം രാഷ്ട്രങ്ങളിലും സമൂഹങ്ങളിലുമുള്ള അസമത്വത്തിന് എതിരായ പോരാട്ടമാണ്. അത് സമാധാനത്തിനുള്ള മാര്‍ഗ്ഗവുമാണ്. ശാശ്വതമായ സമാധാനം ജീവിക്കേണ്ട പുണ്യമാണ്. അതിനാല്‍ സമൂഹത്തിന്‍റെ ആകമാനവും, പിന്നെ എല്ലാത്തട്ടിലും തലത്തിലുമുള്ള വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും സഹകരണവും പങ്കാളിത്തവും സമാധാന സ്ഥാപനത്തിനും, സമാധാനപാലനത്തിനും അനിവാര്യമാണ്. ആര്‍ച്ചുബിഷപ്പ് ഔസാ സമ്മേളനത്തോട് വത്തിക്കാന്‍റെ പേരില്‍ അഭിപ്രായപ്പെട്ടു.