News >> "ഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ട്"
Source: Vatican Radioഭയപ്പെടേണ്ട ഞാന്‍ നിന്നോടു കൂടെയുണ്ട്(ഏശയ്യാ, 41:10) എന്ന ദൈവവചനത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ രോഗികള്‍ക്കും ക്ലേശിതര്‍ക്കും പ്രചോദനം പകരുന്നു. ലൂര്‍ദ്ദ്നാഥയുടെ തിരുന്നാള്‍ ദിനത്തില്‍, പതിനൊന്നാം തിയതി ശനിയാഴ്ച (11/02/17) ആചരിക്കപ്പെട്ട ഇരുപത്തിയഞ്ചാം ലോക രോഗീദനത്തോടനുബന്ധിച്ച് ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍, വിശുദ്ധ പത്താം പീയുസിന്‍റെ ബസിലിക്കയില്‍ ഫ്രാന്‍സീസ് പാപ്പായുടെ പ്രത്യേക പ്രതിനിധിയെന്ന നിലയില്‍ മുഖ്യകാര്‍മ്മികനായി അര്‍പ്പിച്ച ദിവ്യബലിയില്‍ സുവിശേഷ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.നമ്മോടൊപ്പം ആയിരിക്കുകയെന്ന ഉത്തരവാദിത്വം ദൈവം സ്വപുത്രനായ യേശുവില്‍ എറ്റെടുത്തുവെന്നും ആകയാല്‍ വിശ്വാസികളായ നാം ഇതാ ഞങ്ങള്‍ അങ്ങയോടൊപ്പം ഉണ്ട് എന്ന് പ്രത്യുത്തരിക്കേണ്ടിയിരിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ ഉദ്ബോധിപ്പിച്ചു.ഭയം നമ്മുടെ ബലഹീനതയില്‍ വളക്കൂറുള്ള മണ്ണ് കണ്ടെത്തുന്നത് തടയാന്‍ ഇത്തരത്തിലുള്ള ദൈവമനുഷ്യ സംഭാഷണത്തിന് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ദൈവവുമായും മറ്റുള്ളവരുമായും ബന്ധത്തിലായിരിക്കുന്നതിന് നമ്മുടെ ബലഹീനത ഒരു വിഘാതമാകുന്നതും ഈ സംഭാഷണം തടയുമെന്ന് കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.