News >> നന്മയുടെ വിളംബരവുമായി കെ.സി.എസ്.എല്‍. റാലി
കൊച്ചി: ആത്മീയതയുടെയും സംസ്കാരത്തിന്റെയും ആഘോഷമായി കേരള കാത്തലിക് സ്റുഡന്റ്സ് ലീഗ് (കെ.സി.എസ്.എല്‍.) ശതാബ്ദി റാലി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരക്കണക്കിനു വിദ്യാര്‍ഥികളും അധ്യാപകരും അണിനിരന്ന റാലി കൊച്ചിയെയും വല്ലാര്‍പാടത്തെയും വര്‍ണാഭമാക്കി.
ഉച്ചയ്ക്ക് ഒന്നിനു വല്ലാര്‍പാടം കണ്െടയ്നര്‍ ജംഗ്ഷനില്‍നിന്നാരംഭിച്ച റാലി എസ്. ശര്‍മ എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു. വിശ്വാസം, പഠനം, സേവനം എന്ന കെസിഎസ്എല്‍ മുദ്രാവാക്യവും, മൂല്യാധിഷ്ഠിത സമൂഹനിര്‍മിതിക്കായി അണിചേരാനുള്ള ആഹ്വാനവും മുഴങ്ങിക്കേട്ട റാലി അംഗബലത്തില്‍ ആവേശവും അച്ചടക്കത്തില്‍ മാതൃകയുമായി.
മൂല്യങ്ങളുടെ സന്ദേശം പകരുന്ന നിശ്ചലദൃശ്യങ്ങള്‍, മാര്‍ഗംകളിയും ചവിട്ടുനാടകവും ഉള്‍പ്പെടെ പരമ്പരാഗത കലാരൂപങ്ങള്‍, നൃത്തച്ചുവടുകള്‍, ബാന്‍ഡ്, ചെണ്ട മേളങ്ങള്‍ എന്നിവ റാലിക്ക് നിറപ്പകിട്ടേകി. ഓരോ രൂപതയിലെയും സ്കൂളുകളില്‍നിന്നു വര്‍ണമനോഹരമായ പ്രത്യേക യൂണിഫോമില്‍ വര്‍ണക്കുടകളുമായാണു വിദ്യാര്‍ഥികള്‍ അണിനിരന്നത്. രണ്ടു നിരകളിലായി അച്ചടക്കത്തോടെ, ഗതാഗതത്തിനു തടസമില്ലാത്ത രീതിയില്‍ നടത്തിയ റാലി നഗരത്തിനു മാതൃകയുമായി.
റാലിയില്‍ മികച്ച പ്രകടനം നടത്തിയ രൂപതയ്ക്കുള്ള ഒന്നാം സ്ഥാനം വാരാപ്പുഴ നേടി. കൊച്ചി, എറണാകുളം-അങ്കമാലി രൂപതകള്‍ക്കാണു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. മികച്ച സ്കൂളിനുള്ള സമ്മാനം എറണാകുളം സെന്റ് തെരേസാസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്വന്തമാക്കി. തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വന്റ് ഗേള്‍സ് ഹൈസ്കൂള്‍ രണ്ടാം സ്ഥാനവും എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. സമ്മാനങ്ങള്‍ ശതാബ്ദി സംഗമ സമ്മേളനവേദിയില്‍ വിതരണം ചെയ്തു.
Source: Deepika