News >> ഡോണ്‍ബോസ്കോ ജന്മശതാബ്ദിയാഘോഷ സമാപനം തൃശൂരില്‍

തൃശൂര്‍: ആഗോള സലേഷ്യന്‍ സഭാസ്ഥാപകനായ ഡോണ്‍ ബോസ്കോയുടെ രണ്ടാം ജന്മശതാബ്ദിയാഘോഷങ്ങളുടെ കേരളത്തിലെ പരിസമാപ്തി ഇന്നു തൃശൂരില്‍ നടക്കും. വൈകിട്ട് അഞ്ചിനു ശക്തന്‍നഗറില്‍ നടക്കുന്ന പൊതുസമ്മേളനവും വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതിയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഫാ. വര്‍ഗീസ് തണ്ണിപ്പാറ, ഫാ. മാത്യു കപ്ളിക്കുന്നേല്‍, ഫാ. ജിയോ കല്ലടന്തിയില്‍, ടോജോ മാത്യു, സോളി തോമസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്കും. 

19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇറ്റാലിയന്‍ വൈദികനായിരുന്ന ജോണ്‍ ബോസ്കോ(ഡോണ്‍ ബോസ്കോ) ആഗോളതലത്തില്‍ യുവജനങ്ങളുടെ പിതാവും സ്നേഹിതനുമായി ആദരിക്കപ്പെടുന്ന വിശുദ്ധനാണ്. 26-ാം വയസില്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ട അദ്ദേഹം, ദരിദ്രരും നിരാലംബരുമായ യുവാക്കള്‍ക്കായി സ്വയം സമര്‍പ്പിച്ചു. യുവജനങ്ങള്‍ക്ക് ഒരു ജീവിതമാര്‍ഗം നല്കാനായി സാങ്കേതിക വിദ്യാലയങ്ങള്‍ ആരംഭിക്കുകയും ആ രംഗത്തു നിര്‍ണായക സ്വാധീനം ചെലുത്തുകയും ചെയ്തു. 1859ല്‍ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്റെ മധ്യസ്ഥതയില്‍ സലേഷ്യന്‍ സഭ എന്നപേരില്‍ സന്യാസ സമൂഹവും പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി 76ല്‍ സലേഷ്യന്‍ സിസ്റേഴ്സ് സന്യാസിനീസമൂഹവും അല്മായ സഹോദരീസഹോദരന്മാരുടെ ഒരു സംഘടനയും സ്ഥാപിച്ചു. സലേഷ്യന്‍ കുടുംബത്തില്‍ അംഗങ്ങളായി നാലുലക്ഷംപേര്‍ 34 വ്യത്യസ്ത സംഘടനകളിലായി ഇന്ന് ആഗോളതലത്തില്‍ സേവനം ചെയ്യുന്നുണ്ട്. 1888 ജനുവരി 31ന് ഇഹലോകവാസം വെടിഞ്ഞ ഡോണ്‍ ബോസ്കോയെ 1934 ഏപ്രില്‍ ഒന്നിനു വിശുദ്ധനും യുവാക്കളുടെ മധ്യസ്ഥനുമായി പീയൂസ് 11-ാമന്‍ മാര്‍പ്പാപ്പ പ്രഖ്യാപിച്ചു. 

1906ല്‍ ആറംഗസംഘമായി ഭാരതത്തില്‍ കാലുകുത്തിയ സലേഷ്യന്‍ കുടുംബം ഇന്നു പതിനായിരം അംഗങ്ങളായി വളര്‍ന്നു. ജമ്മു-കാഷ്മീര്‍ ഒഴികെയുള്ള 27 സംസ്ഥാനങ്ങളിലും നാലു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആയിരത്തോളം സ്ഥാപനങ്ങളില്‍ 30 ലക്ഷത്തോളം പേര്‍ സേവനം ചെയ്യുന്നുണ്ട്. Source: Deepika