News >> റബര്‍: കേന്ദ്രനിലപാട് പ്രതിസന്ധി രൂക്ഷമാക്കിയെന്ന് ഇന്‍ഫാം

കോട്ടയം: റബര്‍ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോഴും കേന്ദ്രസര്‍ക്കാര്‍ മുഖംതിരിഞ്ഞു നില്‍ക്കുന്നതു ദുഃഖകരമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ വി.സി.സെബാസ്റ്യന്‍. ഇറക്കുമതിത്തീരുവ 25 ശതമാനമായി കൂട്ടിയിട്ടും അഡ്വാന്‍സ് ലൈസന്‍സിംഗ് കാലാവധി ആറു മാസമായി ചുരുക്കിയിട്ടും സ്വാഭാവിക റബറിന്റെ വില ഉയരാതെ വിപണി കുത്തനെ ഇടിയുകയാണുണ്ടായത്. റബര്‍ ഇറക്കുമതിയില്‍ തുറമുഖനിയന്ത്രണത്തിനും ഗുണമേന്മാ പരിശോധനയ്ക്കും കേന്ദ്രസര്‍ക്കാര്‍ തയാറാകാത്തതു പ്രതിഷേധകരമാ ണന്നും സെബാസ്റ്യന്‍ പറഞ്ഞു. 

മുന്‍വര്‍ഷങ്ങളില്‍ റബറിനു വില ഉയര്‍ന്നുനിന്നപ്പോള്‍ ഓരോ വര്‍ഷവും 700 കോടി രൂപയോളം റബര്‍ കര്‍ഷകരില്‍നിന്നു വാറ്റ് ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിനു ലഭിച്ചതായി കണക്കുകള്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന് സെസ് ഇനത്തില്‍ 220 കോടി രൂപയോളം വേറെയും ലഭിച്ചു. കേന്ദ്ര സര്‍ക്കാരില്‍ 1011.69 കോടി രൂപയോളം വിലസ്ഥിരതാ ഫണ്ടും ഉണ്ട്. 

ഈ വിലസ്ഥിരതാ ഫണ്ടില്‍ കര്‍ഷകരില്‍നിന്നു പിരിച്ചെടുത്ത തുകയും ഉള്‍പ്പെടുന്നു. 1.53 കോടി രൂപ മാത്രമാണു വിലസ്ഥിരതാഫണ്ടില്‍നിന്നു കര്‍ഷകര്‍ക്കു നല്‍കിയിട്ടുള്ളതെന്നു വാണിജ്യമന്ത്രി തന്നെ പറയുന്നു. വിലസ്ഥിരതാഫണ്ട് റബര്‍പ്രതിസന്ധി ഘട്ടത്തില്‍ ഫലപ്രദമായി കര്‍ഷകന് നല്‍കി സഹായിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാടു കര്‍ഷകവഞ്ചനയാണെന്നും അദ്ദേഹം ആരോപിച്ചു. Source: Deepika