News >> മുറിപ്പെട്ട മാനവകുലത്തിന് നല്ല സമറിയക്കാരനാവുകയാണ് സഭയുടെ ദൗത്യം


കുടുംബങ്ങളെ സംബന്ധിച്ച സിന‍‍ഡു സമ്മേളനത്തിന് ആമുഖമായി ഒക്ടോബര്‍ 4-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ മെത്രാന്മാര്‍ക്കൊപ്പം പാപ്പാ ഫ്രാന്‍സിസ് അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പങ്കുവച്ച ചിന്തകള്‍:

"നാം പരസ്പരം സ്നേഹിച്ചാല്‍ ദൈവം നമ്മില്‍ വസിക്കും. അവിടുത്തെ സ്നേഹം നമ്മില്‍ പൂര്‍ണമാവുകയും ചെയ്യും" (1യോഹ. 4, 12).

1. ഏകാന്തത

ഉല്പത്തിപ്പുസ്തകത്തില്‍ വായിക്കുന്നതു പ്രകാരം ഏദന്‍ തോട്ടത്തിലാണ് ആദി മനുഷ്യന്‍, ആദം ജീവിച്ചിരുന്നത്. അവിടെയുണ്ടായിരുന്ന ജീവജാലങ്ങളുടെമേല്‍ തനിക്കുള്ള മേല്‍ക്കോയ്മയുടെ അടയാളമായി ആദം  അവയ്ക്കെല്ലാം പേരിട്ടു; അവയെ പേരുചൊല്ലി വിളിച്ചു. എന്നിട്ടും അയാളുടെ ഏകാന്തത മാറിയില്ല. കാരണം, 'തനിക്കിണയും തുണയുമായി ആരെയും  കണ്ടില്ല' (ഉല്പത്തി 2, 20). ആദം ഏകാകിയായിരുന്നു.  

എകാന്തത ഇന്നും മനുഷ്യജീവിതത്തിന്‍റെ ഭാഗമാണ്. പ്രിയപ്പെട്ടവരാലും മക്കളാലും പരിത്യക്തരായ പ്രായമായ മാതാ-പിതാക്കള്‍, വയോധികരും വിധവകളും, ബന്ധം വിച്ഛേദിക്കപ്പെട്ട് ഏകാന്തതയനുഭവിക്കുന്ന ദമ്പതിമാര്‍, തെറ്റിദ്ധരിക്കപ്പെട്ടവരും മൗനികളായവരും, യുദ്ധവും പീഡനങ്ങളുംമൂലം അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമായവര്‍, ധൂര്‍ത്തിന്‍റെയും, വലിച്ചെറിയലിന്‍റെയും ഉപഭോഗത്തിന്‍റെയും സംസ്ക്കാരങ്ങളുടെ അടിമകളായ യുവജനങ്ങള്‍ .

സുഖസമൃദ്ധിയുടെ കൊട്ടാരങ്ങളിലും അംബരചുംബികളായ ബഹുനിലക്കെട്ടിടങ്ങളിലും മോ‍ഡേണ്‍ ഫ്ലാറ്റുകളിലും, ഭവനത്തിന്‍റെയോ കുടുംബത്തിന്‍റെയോ ഊഷ്മളമല്ലാത്തതും ആഗോളവത്കൃതവുമായ ലോകത്തിന്‍റെ വിരോധാഭാസത്തിലാണ് നാം ജീവിക്കുന്നത്. അതിമോഹത്തിന്‍റെയും ആഡംബരത്തിന്‍റെയും ബൃഹത്തായ പ്ലാനും പദ്ധതികളും എവിടെയും പ്രകടമാണ്. എന്നാല്‍ അവ യഥാര്‍ത്ഥമായി ആസ്വദിക്കാനുള്ള സമയമില്ലാത്ത സമൂഹത്തെ നമുക്കു കാണാം. 

അതുപോലെ, വളരെ സങ്കീര്‍ണ്ണവും ഉപരിപ്ലവുമായ ഉല്ലാസ പരിപാടികള്‍ക്കിടയില്‍ ആന്തരികശൂന്യതയും ഇന്നിന്‍റെ പ്രത്യേകതയാണ്. സ്നേഹമില്ലായ്മയും അമിതസ്വാതന്ത്രവുമാണ് എവിടെയും. അതിനാല്‍ യാഥാര്‍ത്ഥ സ്വാതന്ത്ര്യം എന്തെന്ന് തിരിച്ചറിയാതെയാണ് മനുഷ്യര്‍ ജീവിക്കുന്നത്. വിനാശകരമായ അതിക്രമങ്ങളിലും പണത്തിന്‍റെയും സുഖലോലുപതയുടെയും അടിമത്വത്തിലും ജീവിക്കുന്നവരെപ്പോലെ തന്നെ, സ്വാര്‍ത്ഥതയ്ക്കും, മ്ലാനതയ്ക്കും കീഴ്പ്പെട്ട് ഏകാന്തത അനുഭവിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിച്ചുവരികയാണ്.

ശക്തിയും അധികാരവും മനഷ്യനുണ്ടെങ്കിലും, ആദിപിതാവായ ആദത്തെപോലെ ഏകാന്തമാണ് നമ്മ‌ുടെ ജീവിതങ്ങള്‍ അധികവും. ഇന്നത്തെ കുടുംബങ്ങള്‍ അതിന്‍റെ പ്രതിബിംബനമാണ്. ആരോഗ്യത്തിലും അനാരോഗ്യത്തിലും, നന്മയിലും തിന്മയിലും ഒരുപോലെ ആഴവും ഫലപ്രദവുമായ സ്നേഹബന്ധങ്ങള്‍ നിലനിറുത്തുന്നതില്‍ മനുഷ്യര്‍ക്കുള്ള പ്രതിബദ്ധത കുറഞ്ഞുവരികയാണ്. ശാശ്വതവും വിശ്വസ്തവും, മനസ്സാക്ഷിക്കനുസൃതവും, സ്ഥായീഭാവമുള്ളതും, ഫലപ്രദവുമെന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ദാമ്പത്യസ്നേഹത്തെ ഇന്ന് പഴമയുടെ ഭൗതികശേഷിപ്പായിട്ട് ഇടിച്ചു താഴ്ത്തുവാനും കണക്കാക്കുവാനുമാണ് പൊതുവെ താല്പര്യം കാണുന്നത്.

അതുകൊണ്ടുതന്നെ ഇന്ന് ലോകദൃഷ്ടിയില്‍ "സമ്പന്ന സംസ്ക്കാരം" എന്നു വിശേഷിപ്പിക്കപ്പെടുന്ന സമൂഹങ്ങളിലും, സമ്പന്നരുടെ ഇടയിലുമാണ് ശിശുക്കളുടെ ജനനനിരക്ക് ഏറ്റവും കുറ‍ഞ്ഞിരിക്കുന്നതും, ഏറിയ ശതമാനം ഭ്രൂണഹത്യയും, ആത്മഹത്യയും, വിവാഹമോചനവും, സാമൂഹികവും പാരിസ്ഥിതികവുമായ മലിനീകരണവുമുള്ളത്.  

2. സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹം

ബൈബിളിലെ ഉല്പത്തി പുസ്തകത്തില്‍ നാം വായിക്കുന്നതുപോലെ, "ദൈവം പറഞ്ഞു:മനുഷ്യന്‍ ഏകനായിരിക്കുന്നത് നല്ലതല്ല. ഞാന്‍ അവനൊരു തുണയെ നല്കും" (2,18). തന്നെ സ്നേഹിക്കുകയും തന്‍റെ ജീവിതത്തിലെ ഏകാന്തത എടുത്തുകളയുംചെയ്യുന്ന ഒരു വ്യക്തിയുടെ സ്നേഹത്തോളം സന്തുഷ്ടിയും സന്തോഷവും നല്കുന്ന മറ്റൊന്ന് മനുഷ്യജീവിതത്തില്‍ ഇല്ലെന്ന് നാം മനസ്സിലാക്കണം. കൂടാതെ, ദുഃഖത്തിലും ഏകാന്തതയിലും ജീവിക്കാന്‍വേണ്ടിയല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്നും ഈ വചനം നമ്മെ പഠിപ്പിക്കുന്നു. പരസ്പരപൂരകമാകുന്നവര്‍ തമ്മില്‍ ജീവിതയാത്രയില്‍ തുണയായി, സ്നേഹത്തിന്‍റെ വിസ്മയകരമായ അനുഭവം പങ്കുവയ്ക്കുന്ന ജീവിത സന്തുഷ്ടിക്കായിട്ടാണ് ദൈവം സ്ത്രീപുരുഷന്മാരെ സൃഷ്ടിച്ചത്. അതേ, സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും, പിന്നെ ആ സ്നേഹം ദാമ്പത്യത്തെ അതിന്‍റെ ഫലപ്രാപ്തിയിലെത്തിക്കുന്ന വിധത്തില്‍ ശിശുക്കളുടെ ജനനത്തിനും കാരണമാക്കുന്നു.

സങ്കീര്‍ത്തനം 128

നീ സന്തുഷ്ടനായിരിക്കും നിനക്കു നന്മ കൈവരും

നിന്‍റെ ഭാര്യ ഭവനത്തില്‍ ഫലസമൃദ്ധമായ മുന്തിരിപോലെയായിരിക്കും

നിന്‍റെ മക്കള്‍ നിന്‍റെ മേശയ്ക്കു ചുറ്റും ഒലിവുതൈകള്‍പോലെയും.

അങ്ങനെ കര്‍ത്താവിന്‍റെ ഭക്തര്‍ അനുഗൃഹീതരായിരിക്കും.  

ഭാര്യഭര്‍ത്താക്കന്മാര്‍ പരസ്പരം പങ്കുവയ്ക്കുന്ന ദാമ്പത്യസ്നേഹത്തിന്‍റെ ഫലമായും, അവര്‍ താങ്ങും തുണയുമായി മുന്നേറുന്ന ജീവിതയാത്രയിലും ദൈവത്തിന്‍റെ ഇഷ്ടപദ്ധതിയായ സൃഷ്ടികര്‍മ്മം തന്നെയാണ് സാക്ഷാത്ക്കരിക്കപ്പെടുന്നത്. ആ പദ്ധതിതന്നെയാണ് സുവിശേഷത്തില്‍ ക്രിസ്തു അവതരിപ്പിച്ചിട്ടുള്ളത് . സൃഷ്ടിയുടെ ആരംഭം മുതലേ ദൈവം മനുഷ്യനെ പുരുഷനും സ്ത്രീയുമായി സൃഷ്ടിച്ചു. ഇക്കാരണത്തില്‍  മാതാപിതാക്കളെ വിട്ട് പുരുഷന്‍ ഭാര്യയോടു ചേരുന്നു, അങ്ങനെ അവര്‍ രണ്ടല്ല ഒരു ശരീരമായി തീരുന്നു (മര്‍ക്കോസ് 10, 6-8, ഉല്പത്തി 1, 27, 2, 24). 

ക്രിസ്തുവിനെ വെട്ടില്‍വീഴ്ത്തുവാനും, അവിടുത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അപ്രീതി ജനിപ്പിക്കുവാനുംവേണ്ടി ഫരീസേയര്‍ മെനഞ്ഞെടുത്ത പദ്ധതിയായിരുന്നു സ്ഥാപിതവും അലംഘനീയവുമായ വിവാഹത്തിന്‍റെ മോചനത്തെപ്പറ്റി ഉയര്‍ത്തിയ തന്ത്രപൂര്‍വ്വമായ ചോദ്യം :- ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോ? (മര്‍ക്കോസ് 10, 2). ക്രിസ്തു ഇതിന് ഏറെ അപ്രതീക്ഷിതമായ, എന്നാല്‍ തുറന്ന മറുപടിയാണ് നല്കിയത്. സൃഷ്ടികര്‍മ്മത്തിന്‍റെ പ്രാരംഭത്തിലേയ്ക്ക് അവിടുന്നെല്ലാം എത്തിക്കുന്നു; മനുഷ്യസ്നേഹത്തെ ആശീര്‍വ്വദിക്കുന്നു; പരസ്പരം സ്നേഹിക്കുന്നവരുടെ ഹൃദയങ്ങളെ അഭേദ്യമാം വിധം ഒന്നിപ്പിക്കുന്നത് ദൈവമാണെന്ന് പഠിപ്പിക്കുന്നു. 

ഇതില്‍നിന്നും നാം മനസ്സിലാക്കേണ്ടത് ജീവിതകാലമത്രയും രണ്ടുപേര്‍ ഒരുമിച്ച് വെറുതെ ജീവിക്കുന്നതല്ല ദാമ്പത്യം, മറിച്ച് മരണംവരെ പരസ്പരം സ്നേഹിച്ചും ആദരിച്ചും ജീവിക്കുന്നതാണ്! ഇങ്ങനെയാണ് അനാദിമുതലുള്ള ദൈവസ്നേഹത്തിലെ സൃഷ്ടിയുടെ ക്രമം കുടുംബങ്ങളില്‍ ക്രിസ്തു പുനസ്ഥാപിക്കുന്നത്.

3. കുടുംബം

"ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ!" (മര്‍ക്കോസ് 10, 9).  ദൈവത്തിന്‍റെ പദ്ധതിയിലുള്ള ദാമ്പത്യത്തിന്‍റെയും മനുഷ്യന്‍റെ ലൈംഗികതയുടെയും യഥാര്‍ത്ഥമായ അര്‍ത്ഥം അംഗീകരിക്കുന്നതിനുള്ള ഭീതിക്ക് കാരണമാകുന്ന എല്ലാത്തരം വ്യക്തിമാഹാത്മ്യവാദവും (Individualism) സങ്കുചിതമായ സ്വാര്‍ത്ഥതയെ മറച്ചുവയ്ക്കുന്ന നൈയ്യാമിക മനഃസ്ഥിതിയും (Legalism) മറികടക്കാന്‍  ക്രിസ്തു വിശ്വസികള്‍ക്ക് നല്കുന്ന ഉപദേശമാണ് മേലുദ്ധരിച്ചത്.

മാനുഷിക ചിന്താഗതിയില്‍ മൗഢ്യമെന്നു തോന്നാവുന്ന ക്രിസ്തുവിന്‍റെ പെസഹാരഹസ്യം (അവിടുത്തെ പീഡാസഹനവും കുരിശു മരണവും) വെളിപ്പെടുത്തുന്ന, പ്രതിനന്ദി പ്രതീക്ഷിക്കാത്ത, തിരികെ ഒന്നും ആഗ്രഹിക്കാത്ത, സ്നേഹത്തോട് മാത്രമേ, ജീവിതാന്ത്യംവരെ നിലനില്‍ക്കേണ്ടതും പ്രതിനന്ദി പ്രതീക്ഷാക്കാനാവാത്തതുമായ കലവറയില്ലാത്ത ദാമ്പത്യസ്നേഹത്തിന്‍റെ മാറ്റുരച്ചു നോക്കാനാവൂ!

ദൈവിക പദ്ധതിയില്‍ വിവാഹം യൗവനത്തിന്‍റെ രസകരമായൊരു സാങ്കല്പിക ലോകമല്ല, മറിച്ച് മനുഷ്യന്‍ ഏകാന്തതയില്‍ കെട്ടടങ്ങിപ്പോയേക്കാവുന്നത്ര അനിവാര്യമായൊരു സ്വപ്നവും ജീവിത പദ്ധതിയുമാണ്! ദൈവത്തിന്‍റെ ഈ പദ്ധതി അംഗീകരിക്കാന്‍ ഭീതിദരാകുന്നവരുടെ ഹൃദയങ്ങള്‍ മരവിച്ചു പോയേക്കാം.

അങ്ങനെ, അത്യന്തം ക്ലേശകരമായ വിവാഹാന്തസ്സിന്‍റെ സാമൂഹിക പശ്ചാത്തലത്തില്‍ വിശ്വസ്തമായും, സത്യസന്ധമായും, സ്നേഹത്തിലുമുള്ള ദൗത്യനിര്‍വ്വഹണത്തിനായി സഭ സ്ത്രീപുരുഷന്മാരെ ക്ഷണിക്കുകയാണ്.

 മറ്റുള്ളവരുടെ നേരെ ന്യായീകരണത്തിന്‍റെയോ വിധിപറയലിന്‍റെയോ വിരല്‍ ചൂണ്ടിക്കൊണ്ടല്ല സഭാ ദൗത്യം സ്നേഹത്തില്‍ നിര്‍വ്വഹിക്കുന്നത്. മറിച്ച് സഭ അമ്മയാണെന്ന അടിസ്ഥാന സ്വഭാവവും മനോഭാവവും നിലനിറുത്തിക്കൊണ്ട്, പരസ്പരം മുറിപ്പെട്ട ഭാര്യഭര്‍ത്താക്കന്മാരില്‍ കാരുണ്യത്തിന്‍റെയും അംഗീകാരത്തിന്‍റെയും സാന്ത്വനതൈലം പൂശിക്കൊണ്ടാണ്. മുറിപ്പെട്ടവര്‍ക്കും, സഹായം തേടുന്നവര്‍ക്കുമായി സദാ തുറന്നിട്ട വാതിലുകളുള്ള ഒരു മിഷന്‍ ആശുപത്രി പോലെയായിരിക്കണം സഭ. അങ്ങനെ സഹായം തേടുന്നവര്‍ക്കായി സ്നേഹമുള്ള കരങ്ങള്‍ നീട്ടിപ്പിടിക്കുക, അതുപോലെ ജീവിതവഴികളില്‍ വേദനിക്കുന്ന സഹോദരങ്ങള്‍ക്കൊപ്പം സാന്ത്വനമായി കൂടെനടക്കുക, അവരെ രക്ഷയുടെ നിര്‍ഝരിയിലേയ്ക്ക് നയിക്കുക! രക്ഷയുടെ നീരുറവയിലേയ്ക്ക് അവരെ കൂട്ടിക്കൊണ്ടുപോകുക!!  

സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ സാബത്തിനുവേണ്ടിയുള്ളതല്ല (മര്‍ക്കോസ് 2, 27) എന്ന ക്രിസ്തുവിന്‍റെ ആഹ്വാനം മറക്കാതെയാണ് സഭ ഇന്നും അടിസ്ഥാന മൂല്യങ്ങള്‍ പഠിപ്പിക്കുന്നതും സംരക്ഷിക്കുന്നതും. ആരോഗ്യവാന്മാര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ടാവശ്യം. ഞാന്‍ വന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ രക്ഷിക്കാനാണ് (മര്‍ക്കോസ് 2, 17), എന്ന് ക്രിസ്തു പറഞ്ഞിട്ടുള്ളത് ഇവിടെ അനുസ്മരണീയമാണ്. 

വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ ചിന്ത ഇവിടെ പ്രസക്തമാണ്. "തിന്മയും തെറ്റുകളും ഏപ്പോഴും ചെറുക്കേണ്ടവയും അപലപിക്കേണ്ടവയുമാണ്. എന്നാല്‍ തെറ്റില്‍ വീഴുകയും തെറ്റിപ്പോവുകയും ചെയ്യുന്ന മനുഷ്യരെ മനസ്സിലാക്കുകയും അവരെ സ്നേഹിക്കുകയും തുണയ്ക്കുകയും ചെയ്യേണ്ടതാണ്. അങ്ങനെ സഭ ഇക്കാലഘട്ടത്തെയും അതിലെ മനുഷ്യരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതാണ്." (John Paull II, Address to the Members of Italian Catholic Action, 30 December 1978). ഇങ്ങനെയുള്ള വ്യക്തികളെ സ്വീകരിക്കുകയും, അവരെ പിന്‍തുണയ്ക്കുകയും ചെയ്യേണ്ടത് സഭയുടെ ദൗത്യമാണ്. മറിച്ച് അവര്‍ക്കെതിരെ വാതില്‍ അടയ്ക്കുമ്പോള്‍ സഭ തന്നെത്തന്നെയും തന്‍റെ ദൗത്യത്തെയും വഞ്ചിക്കുകയാണ്. ജീവിതപാതയില്‍ പാലമാകേണ്ടവര്‍, മാര്‍ഗ്ഗതടസ്സമാകുവാനും ഇടയുണ്ട്. "വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവരും ഉത്ഭവിക്കുന്നത് ഒരുവനില്‍നിന്നുതന്നെ. അതിനാല്‍ അവരെ സഹോദരര്‍ എന്നു വിളിക്കാന്‍ അവിടുന്നു ലജ്ജിച്ചില്ല."  (ഹെബ്രായര്‍ 2, 11).    

                ഈ ചൈതന്യത്തില്‍ സിന‍ഡിന്‍റെ നാളുകളില്‍ സഭയെ നയിക്കുകയും കൂടെയുണ്ടായിരിക്കുകയും ചെയ്യണമേയെന്ന്, പരിശുദ്ധ കന്യകാനാഥയുടെയും, അവിടുത്തെ വിരക്ത പതിയായ വിശുദ്ധ യൗസേപ്പിതാവിന്‍റെയും മാദ്ധ്യസ്ഥ്യത്തില്‍ നമുക്ക് ദൈവത്തോട് പ്രാര്‍ത്ഥിക്കാം.

Source: Vatican Radio