News >> വാഴ്ത്തപ്പെട്ട ബദാനോയുടെ നാമധേയത്തില്‍ ആദ്യ ദേവാലയം

ഭോപ്പാല്‍(മധ്യപ്രദേശ്): തീവ്രവേദന യിലും സുസ്മേരവദനയായി മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും ജീവിതം സമര്‍പ്പിച്ച പെണ്‍കുട്ടിയുടെ നാമധേയത്തില്‍ ലോകത്തെ പ്രഥമ ദേവാ ലയം. ഇറ്റലിയിലെ സവോനയില്‍ ജനിച്ച കിയാര ബദാനോയുടെ പേരിലാണു ദേവാലയം.

1971ല്‍ ജനിച്ച ബദാനോ പൊതുജന സേവനത്തില്‍ ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. മറ്റുള്ളവരെ സഹായിക്കാന്‍ ലഭിക്കുന്ന അവസരങ്ങളൊന്നും ഈ പെണ്‍കുട്ടി നഷ്ടപ്പെടുത്തിയില്ല. കാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്നു സാധാരണപോലെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. കടുത്ത വേദനയനുഭവിക്കുമ്പോഴും മറ്റുള്ളവരെ ആ വേദന അറിയിക്കാതിരിക്കാന്‍ ഒട്ടേറെ ശ്രദ്ധാലുവായിരുന്നു. 

പതിനെട്ടാം വയസില്‍ ബദാനോ മരിച്ചു. 20 വര്‍ഷം കഴിഞ്ഞ് 2010ല്‍ വാഴ്ത്തപ്പെട്ടവളായി മാര്‍പാപ്പ പ്രഖ്യാപിച്ചു. 
മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ശിരോഞ്ചിലാണു പുതിയ ദേവാലയം. സാഗര്‍ രൂപതയുടെ മെത്രാന്‍ ബിഷപ് ആന്റണി ചിറയത്ത് ദേവാലത്തിന്റെ കൂദാശ നിര്‍വഹിച്ചു. വത്തിക്കാനില്‍നിന്നു പ്രത്യേക അനുമതി നേടിയാണു ദേവാലയത്തിനു ബദാനോയുടെ പേരു നല്‍കിയത്. സാധാരണ വിശുദ്ധരുടെ നാമത്തിലാണ് കത്തോലിക്ക ദേവാലയത്തിന്റെ കൂദാശ നടത്താറുള്ളത്.

വാഴ്ത്തപ്പെട്ട എന്ന വിശേഷണം വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്നതിനു തൊട്ടുമുമ്പുള്ള പദവിയാണ്. 2010-ല്‍ ബിഷപ് ചിറയത്ത് സവോനയിലെ സാസെല്ലോയില്‍ എത്തിയപ്പോഴാണ് കിയാര ബദാനോ എന്ന പുണ്യവതിയായ പെണ്‍കുട്ടിയുടെ ജീവിതകഥ മനസിലാക്കിയത്. ബദാനോയുടെ നാമധേയത്തില്‍ ദേവാലയം കൂദാശചെയ്യണമെന്നു അപ്പോഴാണ് നിശ്ചയിച്ചത്. 

യുവജനങ്ങള്‍ക്ക് ഈ കൊച്ചുപെണ്‍കുട്ടിയുടെ ജീവിതം മാതൃകയാകണം. എല്ലാവരേയും സമമായി കാണുന്ന, എല്ലാവരേയും സ്നേഹിക്കുക, മറ്റുള്ളവരുടെ ദുഃഖം സ്വന്തം വേദനയായി കരുതുക, സ്വന്തം ക്ളേശത്തിലും മറ്റൊരാള്‍ക്ക് സഹായമാകാനുള്ള കളങ്കമില്ലാത്ത മനസ്- വാഴ്ത്തപ്പെട്ട കിയാര ബദാനോയുടെ പ്രത്യേകതകള്‍ ഇവയൊക്കെയായിരുന്നുവെന്നു ബിഷപ് ചിറയത്ത് പറഞ്ഞു. Source: Deepika