News >> യുകെയില്‍ സീറോ മലബാര്‍ സഭയുടെ പ്രഥമ ദേവാലയം ആശീര്‍വദിച്ചു

പ്രസ്റണ്‍: യുകെയിലെ ലങ്കാസ്ററില്‍ സീറോ മലബാര്‍ സഭയ്ക്ക് അനുവദിച്ച പ്രഥമ ദേവാലയത്തിന്റെ ആശീര്‍വാദവും, പ്രസ്റണ്‍, ബ്ളാക്ക്പൂള്‍ എന്നിവിടങ്ങളില്‍ തുടങ്ങുന്ന ഇടവകകളുടെ ഉദ്ഘാടനവും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു. ഇവിടെ അജപാലന ശുശ്രുഷയ്ക്കായി ആരംഭിക്കുന്ന സി.എം.സി. സന്യാസിനി മഠവും മേജര്‍ ആര്‍ച്ച്ബിഷപ് ഉദ്ഘാടനം ചെയ്തു. 

സീറോ മലബാര്‍ സഭയുടെ ഭരണഘടനയ്ക്കു വിധേയമായി പാരമ്പര്യവും പൈതൃകവും വിശ്വാസവും സഭാസ്നേഹവും മതബോധനവും മുറുകെപിടിച്ച് മുന്നേറണമെന്ന് മാര്‍ ആലഞ്ചേരി യുകെയിലെ സഭാവിശ്വാസികളോട് ആഹ്വാനം ചെയ്തു.  സമൂഹത്തില്‍ നന്മയുടെ കിരണങ്ങളും സഹകരണവും വര്‍ഷിക്കാനും മാതൃകാജീവിതം നയി ക്കുന്ന വിശ്വാസപ്രഘോഷകരാകാനും ശ്രമിക്കണം. യൂറോപ്പില്‍ സീറോ മലബാര്‍ സഭയുടെ ചരിത്ര നിയോഗത്തിനു കാരണക്കാരായ ഫാ. മാത്യു ചൂരപ്പൊയ്കയിലും ലങ്കാസ്റര്‍ രൂപതയിലെ വിശ്വാസി സമൂഹവും അഭിനന്ദനമര്‍ഹിക്കുന്നു. 

രൂപതയെന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയായി പുതിയ സംവിധാനങ്ങള്‍ മാറുമെന്നാണു പ്രതീക്ഷ യെന്നും കര്‍ദിനാള്‍ പറഞ്ഞു.

വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ്, വിശുദ്ധ എവുപ്രാസ്യമ്മ എന്നിവരുടെ തിരുശേഷിപ്പുകള്‍ ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. 

പ്രസ്റണിലെ സെന്റ് അല്‍ഫോ ന്‍സ ദേവാലയത്തില്‍ നടന്ന ശുശ്രൂഷകളില്‍ ലങ്കാസ്റര്‍ ബിഷപ് മൈക്കല്‍ കാംബല്‍, വികാരി ഫാ. മാത്യു ചൂരപൊയ്കയില്‍, ഫാ. തോമസ് പാറയടി തുടങ്ങി അറുപതോളം വൈദികരും സന്യാസിനികളും നൂറുകണക്കിനു വിശ്വാസികളും പങ്കെ ടുത്തു.Source: Deepika