News >> അജപാലകര്‍ പ്രവാചകദൌത്യം നിര്‍വഹിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

വത്തിക്കാനില്‍ നിന്നു ഫാ. ജോസഫ് സ്രാമ്പിക്കല്‍

തന്റെ കാലഘട്ടത്തില്‍ ജറെമിയാ പ്രവാചകന്‍ പ്രവാചകദൌത്യം നിര്‍വഹിച്ചതുപോലെ ഈ കാലഘട്ടത്തില്‍ അജപാലകര്‍ വ്യക്തിപരമായ സാക്ഷ്യത്തിലൂടെയും ജനത്തെ ദൈവവചനത്താല്‍ സഹായിച്ചുകൊണ്ടും പ്രവാചകദൌത്യം നിര്‍വഹിക്കണമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇന്നലെ രാവിലെ ഒമ്പതിന് സിനഡ് ഹാളില്‍ നടപടിക്രമങ്ങളുടെ തുടക്കത്തില്‍ യാമപ്രാര്‍ഥനയ്ക്കിടയ്ക്കു മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ജറെമിയാ പ്രവാചകന്റെ പുസ്തകം 22-ാം അധ്യായം മൂന്നാം വാക്യത്തെ അടിസ്ഥാനമാക്കിയാണു വചനസന്ദേശം നല്‍കിയത്. 

പ്രവാചക ദൌത്യം ഏറ്റെടുക്കുന്നവര്‍ സഹിക്കാന്‍ തയാറാകണം. ജറമിയാ പ്രവാചകന്റെ ജീവിതം അദ്ദേഹം നല്‍കിയ സന്ദേശത്തിന്റെ പ്രതീകമാണ്. സഹനവും നാശവും ഏറ്റെടുക്കേണ്ടതായി വന്നു. മൂന്നു അടയാളങ്ങള്‍ തന്റെ ജീവിതത്തില്‍ സ്വീകരിക്കാനായി പ്രവാചകനോട് ദൈവം ആവശ്യപ്പെടുന്നു. വിവാഹം കഴിക്കരുത്, മൃതസംസ്കാരങ്ങളില്‍ പങ്കെടുക്കരുത്, വിരുന്നുകളില്‍ പങ്കെടുക്കരുത്. വധുവായ ഇസ്രായേല്‍ യഹോവയുടെ സ്നേഹം തിരസ്കരിക്കുന്നതുകൊണ്ടു പ്രവാചകന്‍ മണവാട്ടിയുടെ അഗാധമായ സ്നേഹം അനുഭവിക്കരുത്. ദൈവം ഏകാന്തത അനുഭവിക്കുന്നതുകൊണ്ടു പ്രവാചകന്‍ ഏകാന്തത അനുഭവിക്കണം. ക്രിസ്തീയ കാലഘട്ടത്തില്‍ ബ്രഹ്മചര്യം ഒരു അടയാളമായി നില്‍ക്കുന്നു. 

ഇസ്രായേല്‍ ജനത്തോടുള്ള എല്ലാ വികാരങ്ങളും യഹോവയ്ക്കു നഷ്ടപ്പെട്ടിരിക്കുന്നതിനാല്‍ പ്രവാചകന്‍ വിലപിക്കാനോ, മരിച്ചവരോട് കരുണകാണിക്കാനോ പാടില്ല. ഇസ്രായേല്‍ക്കാര്‍ മരിക്കുമ്പോള്‍ ആരും വിലപിക്കാന്‍ ഉണ്ടാകില്ല. ഇസ്രായേല്‍ക്കാരുടെ ഇടയില്‍ ആഘോഷിക്കാനായി ഒന്നും ഇല്ലാത്തതിനാല്‍ പ്രവാചകന്‍ ഒരാഘോഷത്തിലും പങ്കുചേരുവാനും പാടില്ല. ഭീകരമായ ജീവിതം നയിക്കുവാനാണ് പ്രവാചകന്‍ വിളിക്കപ്പെട്ടത്. ഇതേക്കുറിച്ച് പ്രവാചകന്‍ വിലപിക്കുന്നു. പ്രവാചകനാകുക എളുപ്പമുള്ള കാര്യമല്ല. ഈ കാലഘട്ടത്തിലെ സഭയുടെ അജപാലകരും തങ്ങളുടെ ജീവിതത്തില്‍ ജറെമിയാ പ്രവാചകനെപ്പോലെ സഹനവും ശൂന്യവത്കരണവും അനുഭവിക്കണം. ഫ്രാന്‍സീസ് മാര്‍പാപ്പയുടെ സുവിശേഷാനന്ദം എന്ന ശ്ളൈഹിക പ്രബോധനത്തിന്റെ 49-ാം ഖണ്ഡിക ഉദ്ധരിച്ചുകൊണ്ടാണു മാര്‍ ആലഞ്ചേരി തന്റെ വചനസന്ദേശം അവസാനിപ്പിച്ചത്. ഹംഗറിയിലെ ഏസ്റര്‍ഗോം ബുദാപെസ്റ് ആര്‍ച്ചുബിഷപ്പും സിനഡിന്റെ ജനറല്‍ റിലേറ്ററുമായ കര്‍ദിനാള്‍ പീറ്റര്‍ എര്‍ഡോ അവതരിപ്പിച്ച ആമുഖപ്രമേയം വലിയ ആവേശത്തോടെയാണു സിനഡ് പിതാക്കന്മാരും ലോകവും സ്വീകരിച്ചത്. 

കാണുക, അനുകമ്പയുണ്ടാ കു ക, പഠിപ്പിക്കുക തുടങ്ങി ഈശോയുടെ ഗുണങ്ങള്‍ സിനഡ് പിതാക്കന്മാര്‍ക്കും സഭയിലെ അജപാലകര്‍ക്കും വേണം. ഈശോ എപ്പോഴും ഹൃദയത്തിന്റെ കണ്ണുകള്‍കൊണ്ടാണു കാണുക. ഈശോ ആശയവിനിമയത്തില്‍ അഗ്രഗണ്യനാണ്. ദൈവത്തില്‍ നിന്നുള്ള അടയാളങ്ങളും മനുഷ്യരുടെ ചരിത്രത്തിലെ അടയാളങ്ങളും കേള്‍ക്കാനാണ് സിനഡും സഭയും വിളിക്കപ്പെട്ടിരിക്കുന്നത്.

വിവാഹത്തിന്റെയും കുടുംബത്തിന്റെയും യഥാര്‍ഥ അര്‍ഥം അവഗണിക്കുന്നതാണ് ഈ കാലഘട്ടത്തിന്റെ പ്രശ്നം. വിവാഹത്തിന്റെ സഭാത്മകവും ആധ്യാത്മികവുമായ സ്വഭാവങ്ങള്‍ വിവാഹത്തിനൊരുങ്ങുന്നവരെ പഠിപ്പിക്കണം. അജപാലകരും വിശുദ്ധരായ അല്മായ വിശ്വാസികളും യുവദമ്പതികളെ അനുയാത്രചെയ്യുകയും സഹായിക്കുകയും ചെയ്യണം. 

ക്രിസ്തീയകുടുംബങ്ങള്‍ സുവിശേഷാനുസൃതമായ ജീവിതത്തിലൂടെയും സുവിശേഷപ്രഘോഷണത്തിലൂടെയും സത്യത്തിനും സ്നേഹത്തിനും സാക്ഷ്യം നല്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. സമകാലീനസഭയില്‍ കുടുംബകൂട്ടായ്മകള്‍ക്കും അല്മായരുടെ അപ്പോസ്റലേറ്റിനും നിര്‍ണായകമായ സ്ഥാനമാണുള്ളത്. സ്നേഹത്തോടെ സത്യം പറയുക എന്നതാണ് ഏറ്റവും വലിയ കാരുണ്യപ്രവൃത്തി. ഇതിലൂടെ അനുകമ്പയ്ക്കും അപ്പുറത്തേയ്ക്കു നമ്മള്‍ പോകുകയാണ്. കരുണാമസൃണമായ സ്നേഹം മാനസാന്തരത്തിലേക്കു ക്ഷണിക്കുന്നു. പശ്ചാത്താപവും മാനസാന്തരവും പാപമോചനം ലഭിക്കുവാനുള്ള അടിസ്ഥാന വ്യവസ്ഥകളാണ്. 

സിനഡിന്റെ രണ്ടാമത്തെ പൊതുസമ്മേളനത്തില്‍ തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ സിനഡിനെ അഭിസംബോധന ചെയ്തു. ഇന്നലെ മൂന്നാം പൊതുസമ്മേളനവും ഭാഷാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളുടെ ഒന്നാം സമ്മേളനവും നടന്നു. ഇന്ന് ഭാഷാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളുടെ രണ്ടും മൂന്നും സമ്മേളനങ്ങള്‍ നടക്കും. Source: Deepika