News >> മദ്ധ്യപൂര്‍വ്വദേശത്തിനു വേണ്ടി പാപ്പായുടെ അഭ്യര്‍ത്ഥന


  മദ്ധ്യപൂര്‍വ്വദേശത്ത് സംഘര്‍ഷങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ സ്വാര്‍ത്ഥതാല്പര്യം വെടിഞ്ഞ് സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് അവര്‍ക്ക് ഫലപ്രദമായ സഹായമേകാന്‍ മാര്‍പ്പാപ്പാ അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു.

     വത്തിക്കാനില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച(04/10/15)ഉദ്ഘാടനം ചെയ്യപ്പെട്ട മെത്രാന്മാരുടെ സിനഡിന്‍റെ പതിനാലാം സാധാരാണപൊതുയോഗത്തിന്‍റെ ആറാം ദിനമാ യിരുന്ന വെള്ളിയാഴ്ചത്തെ (09/10/15) പൊതുസമ്മേളന തുടക്കത്തിലാണ് ഫ്രാന്‍സിസ് പാപ്പാ മദ്ധ്യപൂര്‍വ്വദേശത്തിനു വേണ്ടിയുള്ള തന്‍റെ അഭ്യര്‍ത്ഥന നവീകരിച്ചത്.

     നിലവിലുള്ള സംഘര്‍ഷങ്ങള്‍ക്കറുതി വരുത്തുന്നതിന് ബന്ധപ്പെട്ടവര്‍ തങ്ങളുടെ ക്ഷണിക താല്പര്യങ്ങള്‍ക്കപ്പുറത്തേക്ക് സ്വന്തം ചക്രവാളങ്ങളെ വ്യാപിപിക്കുന്നതിന് ഫലപ്രദമായ സഹായമേകുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ അന്താരാഷ്ട്രസമൂഹത്തോട് താന്‍ മെത്രാന്മാരുടെ സിനഡിനോടു ചേര്‍ന്ന് ഹൃദയംഗമമായി അഭ്യര്‍ത്ഥിക്കുകയാണെന്ന് പാപ്പാ പറഞ്ഞു.

     ഈ സിനഡു സമ്മേളനത്തിന്‍റെ പൊതുയോഗങ്ങളില്‍ (GENERAL CONGREGATIONS)   നാലാമത്തേതായിരുന്ന വെള്ളിയാഴ്ചത്തെ ആദ്യപൊതുയോഗത്തിന്‍റെ ആരംഭത്തില്‍ നടന്ന മൂന്നാം യാമ പ്രാര്‍ത്ഥന മദ്ധ്യപൂര്‍വ്വദേശത്തിന്‍റെ അനുരഞ്ജനത്തിനും സമാധാനത്തിനുംവേണ്ടി സമര്‍പ്പിക്കാന്‍ മാര്‍പ്പാപ്പാ സനിഡുപിതാക്കന്മാരെ ക്ഷണിക്കുകയും ചെയ്തു.

     സിറിയയിലും ഇറാക്കിലും ജറുസലേമിലും ജോര്‍ദ്ദാന്‍റെ പശ്ചിമതീരത്തും , അനേകം നിരപരാധികളായ പൗരന്മാരെ ഇരകളാക്കുകയും  വന്‍ മാനവികപ്രതിസന്ധിയുളവാക്കുകയും ചെയ്തുകൊണ്ട് അക്രമപ്രവര്‍ത്തനങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നതില്‍ പാപ്പാ ആശങ്ക പ്രകടിപ്പിച്ചു. യുദ്ധത്തിന്‍റെ ഫലം നാശമാണെന്നും അത് ജനങ്ങളുടെ യാതനകള്‍ വര്‍ദ്ധമാനമാക്കുകയാണെന്നും പറഞ്ഞ പാപ്പാ സമാധാനം തിരഞ്ഞെടുത്താല്‍ മാത്രമെ പ്രത്യാശയും പുരോഗതിയും ഉണ്ടാകുകയുള്ളുവെന്ന് പ്രസ്താവിച്ചു.

     ആഫ്രിക്ക ഭൂഖണ്ഡത്തിലും സംഘര്‍ഷവേദികളായിരിക്കുന്ന പ്രദേശങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

     സിനഡുസമ്മേളനത്തിന്‍റെ രണ്ടു പൊതുയോഗങ്ങളാണ് അതായത് 4ഉം 5ഉം പൊതുയോഗങ്ങളാണ്, യഥാക്രമം, വെള്ളിയാഴ്ച രാവിലെയും വൈകുന്നേരവുമായി നടന്നത്.  ഭാഷാടിസ്ഥാനത്തിലുള്ള ചെറുഗണങ്ങളുടെ (CIRCOLI MINORES ന്‍റെ), 6 മുതല്‍ 8 വരെ തിയതികളില്‍ നടന്ന ചര്‍ച്ചകളില്‍ നിന്നുരിത്തിരിഞ്ഞ കാര്യങ്ങള്‍ നാലാം പൊതുയോഗത്തില്‍ അവതരിപ്പിക്കപ്പെട്ടു.

Source: Vatican Radio