News >> യേശുവിനെപ്പോലെ വീക്ഷിക്കാന്‍ പഠിക്കുക


നമുക്ക് യേശുവില്‍ ദൃഷ്ടിയുറപ്പിക്കാം; യേശുവിനെപ്പോലെ വീക്ഷിക്കാനും പഠിക്കാം.  അര്‍ജന്‍റീനയിലെ സന്ത്യാഗൊ ഡെല്‍ എസ്തേരോ എന്ന നഗരത്തില്‍‍ ഒക്ടോബര്‍ 10 മുതല്‍ 12 വരെ നടന്ന മിഷനറി ഗ്രൂപ്പുകളുടെ നാലാമത് ദേശീയ സമ്മേളനത്തിനയച്ച സന്ദേശം വഴിയാണ് പാപ്പാ ഫ്രാന്‍സിസ് ഈ ഉദ്ബോധനം നല്കിയത്.

മിഷനറി പ്രവര്‍ത്തനം എന്നാല്‍ യേശുവിനോടും ദൈവജനത്തോടുമുള്ള അതീവ താത്‌പര്യമാണെന്നും അതിനാല്‍ യേശുവില്‍ നമ്മുടെ ദൃഷ്ടിയുറപ്പിക്കാമെന്നും, യേശു കാണുന്നതുപോലെ ഈ ലോകത്തെ നോക്കികാണാന്‍ പഠിക്കാമെന്നും പാപ്പാ അവരെ ഓര്‍മ്മിപ്പിച്ചു. മാതാപിതാക്കളില്‍നിന്നോ, അദ്ധ്യാപകരില്‍നിന്നോ ആദ്യമായി യേശുവിനെ അറിഞ്ഞതിന്‍റെയും കണ്ടുമുട്ടിയതിന്‍റെയും ആനന്ദം മറക്കരുതെന്നും പ്രാര്‍ത്ഥന മുടക്കരുതെന്നും പരസ്പരം പ്രാര്‍ത്ഥനയില്‍ പിന്‍തുണയ്ക്കണമെന്നും പാപ്പാ നിര്‍ദ്ദേശിച്ചു.

നാം കേട്ടിട്ടില്ലാത്തതും കണ്ടിട്ടില്ലാത്തതുമായവ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുവാന്‍ നമുക്ക് കഴിയില്ലെന്നും അതിനാല്‍ ഒരു മനുഷ്യനായി പിറന്ന് നമ്മുടെ കുറവുകള്‍ ഏറ്റെടുത്ത്, അനുദിനം നമ്മുടെ കൈപിടിച്ച് കൂടെ നടക്കുന്ന യേശുവിനെ ഒരു മിഷനറി അറിയുകയും വീക്ഷിക്കുകയും ചെയ്യണമെന്ന്, ഏകദേശം മുവായിരത്തോളം പേര്‍ പങ്കെടുത്ത ഈ സമ്മേളനത്തിനയച്ച സന്ദേശത്തില്‍ പാപ്പാ ചൂണ്ടിക്കാട്ടി. 

Source: Vatican Radio