News >> അജപാലന ശുശ്രൂഷ ലഭിക്കുന്ന കുടുംബങ്ങള്‍ വെല്ലുവിളികളെ മറികടക്കും: മാര്‍ ആലഞ്ചേരി

ഫാ. ജോസഫ് സ്രാമ്പിക്കല്‍

വത്തിക്കാന്‍ സിറ്റി: ലൈംഗിക അരാജകത്വത്തിനുള്ള ശക്തമായ മറുപടി ആത്മീയതയാണെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇന്നലെ വൈകുന്നേരം അഞ്ചിനു കുടുംബത്തിനുവേണ്ടിയുള്ള റോമന്‍ സിനഡിന്റെ ഒമ്പതാമതു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 സഭയുടെ അജപാലന അനുധാവനത്തില്‍ വന്ന പരാജയമാണു പല രാജ്യങ്ങളിലെയും ക്രൈസ്തവ കുടുംബങ്ങളുടെ തകര്‍ച്ചയുടെ അടിസ്ഥാനകാരണം. കുട്ടികളെയും യുവജനങ്ങളെയും ദമ്പതികളെയും മാതാപിതാക്കളെയും അജപാലകര്‍ തുടര്‍ച്ചയായി അനുധാവനം ചെയ്യുന്നതുവഴിയാണു കുടുംബങ്ങളുടെ പുനരധിവാസം സാധ്യമാകുന്നത്. സഭയുടെ അജപാലന ശുശ്രൂഷ ലഭിക്കുന്ന കുടുംബങ്ങള്‍ക്കു കാലത്തിന്റെ വെല്ലുവിളികളെ മറികടക്കാനാകുമെന്നാണു ഭാരതത്തിലെ സഭയില്‍ തന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു. 

അടുത്ത കാലം വരെ അജഗണക്ഷേമത്തെക്കാള്‍ അധികാരവിനിയോഗമായിരുന്നു അജപാലകരുടെ സമീപനം. മെത്രാന്‍മാരുടെയും വൈദികരുടെയും സന്യസ്തരുടെയും അല്മായ നേതാക്കളുടെയും ഈ രംഗത്തെ മാനസാന്തരം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇതിലൂടെയാണു കുടുംബ പ്രേഷിതത്വത്തെ നവീകരിക്കേണ്ടതെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു. 

മതേതരരാജ്യങ്ങള്‍ വ്യക്തിസ്വാതന്ത്യ്രത്തിന്റെ പേരില്‍ സൃഷ്ടിക്കുന്ന പല നിയമങ്ങളും ലൈംഗിക, ദാമ്പത്യ ജീവിതത്തില്‍ വിവിധങ്ങളായ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നുണ്ട്. ലൈംഗികതയെ ധാര്‍മികതയുടെ ഭാഗമല്ലാതാക്കുകയും, വിവാഹപൂര്‍വബന്ധം, വിവാഹത്തിനു പുറത്തുള്ള ബന്ധം, വ്യഭിചാരം, സ്വവര്‍ഗ ലൈംഗികത, അശ്ളീല വെബ്സൈറ്റുകളുടെ ഉപയോഗം തുടങ്ങിയവയെ മനുഷ്യന്റെ ആവശ്യകതയുടെ ഭാഗമായി അവതരിപ്പിക്കുന്ന ആധുനികതയുടെ കപടസംസ്കാരത്തെ ക്രൈസ്തവര്‍ ചെറുത്തുനില്‍ക്കണം. ലൈംഗികതയുടെ അര്‍ഥവും ആഴവും പരിമിതികളും ദൈവമക്കള്‍ക്ക് മനസിലാക്കികൊടുക്കുക എന്ന ഗൌരവമായ ദൌത്യമാണ് സഭയ്ക്കുള്ളത്. ഇതിനായി നാല് കാര്യങ്ങള്‍ നിര്‍ദേശിക്കുന്നു. 
1. കുടുംബങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെയും 'മനുഷ്യജീവന്‍' എന്ന ചാക്രികലേഖനത്തിന്റെയും അന്തസത്ത ഉള്‍ക്കൊണ്ട് വൈകാരിക പക്വതയിലേക്ക് നയിക്കുന്ന നവ ലൈംഗിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭ്യമാക്കുക. 

2. മാനുഷിക നന്മയുടെ മറവില്‍ ലൈംഗികതയില്‍ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ ഗവേഷണങ്ങളുടെ പിന്നിലെ കച്ചവടതാത്പര്യത്തെ വെളിച്ചത്തുകൊണ്ടുവന്ന്, ക്രൈസ്തവപാരമ്പര്യത്തില്‍ ഊന്നിയ ഗവേഷണത്തിലൂടെ ലൈംഗികതയുടെ ദൈവികലക്ഷ്യത്തെ ഉയര്‍ത്തിപ്പിടിക്കുക. 
3. ലൈംഗികമായി ഉപയോഗിക്കപ്പെട്ടവരെയും ലൈംഗികവൈകൃതങ്ങള്‍ക്കടിമപ്പെട്ടവരെയും ഒരു അമ്മയുടെ വാത്സല്യത്തോടെയും ഒരു അധ്യാപകന്റെ ദിശാ ബോധത്തോടെയും സര്‍വോപരി സൌഖ്യദായകനായ മിശിഹായുടെ രൂപാന്തരപ്പെടുത്തുന്ന സ്പര്‍ശനത്തിലൂടെയും സഭ അനുധാവനം ചെയ്യണം. ദൈവകൃപയിലൂടെയും ദൈവവുമായുള്ള ആനന്ദകരമായ അടുപ്പത്തിലൂടെയും മാത്രമാണ് ലൈംഗിക അടിമത്തില്‍ നിന്നുള്ള മോചനം സാധ്യമാകുന്നുത്. 
4. ലൈംഗികതയുടെ ആത്മീയവശത്തെയും സാധ്യതകളെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലൈംഗികതയെ ഉദാത്തവത്കരിക്കുക.

വിശ്വാസജീവിതത്തിലെ പ്രതിസന്ധിയാണ് കുടുംബജീവിതത്തിലെ പ്രതിസന്ധികളുടെ അടിസ്ഥാനകാരണം. ആത്മീയ അനുഭൂതിയില്‍ ആനന്ദം കണ്െടത്താത്തവര്‍ ജഡികസന്തോഷങ്ങളുടെ പിന്നാലെ പോകുമെന്ന വിശുദ്ധ തോമസ് അക്വിനാസിന്റെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. സഭയുടെ മതബോധനത്തിലൂടെയും വിദ്യാലയങ്ങളിലെ പാഠ്യപദ്ധതികളിലൂടെയും സാമൂഹികസമ്പര്‍ക്ക മാധ്യമങ്ങളിലൂടെയുമാണ് നവ ലൈംഗിക വിദ്യാഭ്യാസം നല്കേണ്ടത്. നവ ലൈംഗിക വിദ്യാഭ്യാസം കൊണ്ട് അര്‍ഥമാക്കുന്നതു സ്നേഹവും ജീവനും നല്‍കുന്ന കുടുംബബന്ധങ്ങള്‍ പരിശീലിക്കുന്നതാണെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.
Source: Deepika