News >> കോളജുകളില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനു സര്‍ക്കാര്‍ മാര്‍ഗരേഖ
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജ് കാമ്പസുകളുടെയും ഹോസ്റലുകളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ചു. ഇതുപ്രകാരം യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ കാമ്പസിലെ എല്ലാ ആഘോഷങ്ങള്‍ക്കും സ്ഥാപന മേധാവിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
പരിപാടിയുടെ വിശദാംശങ്ങള്‍, ഫണ്ടിന്റെ സ്രോതസ്, പ്രതീക്ഷിക്കുന്ന ചെലവ്, പങ്കെടുക്കുന്ന അതിഥികള്‍ തുടങ്ങിയവ പരിപാടിക്ക് അഞ്ചു പ്രവൃത്തിദിവസം മുമ്പ് ബന്ധപ്പെട്ട സ്റാഫ് അഡ്വൈസര്‍ മുഖാന്തിരം സ്ഥാപന മേധാവിയെ അറിയിച്ചിരിക്കണം. കോളജുകളിലെ ആഘോഷങ്ങള്‍ക്ക് അച്ചടക്കസമിതി മേല്‍നോട്ടവും നിരീക്ഷണവും നിര്‍വഹിക്കും. സ്ഥാപന മേധാവി അധ്യക്ഷനായും സ്റാഫ് അഡ്വൈസര്‍, വകുപ്പ് അധ്യക്ഷന്മാര്‍, അച്ചടക്ക സമിതി അംഗങ്ങള്‍ എന്നിവര്‍ അംഗങ്ങളായുമുള്ള സമിതി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.
കോളജില്‍ എല്ലാ വിദ്യാര്‍ഥികളും തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം. കോളജ് യൂണിയന്‍ ഓഫീസുകളുടെ പ്രവൃത്തിസമയം അധ്യയന ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെയായി നിജപ്പെടുത്തി. എന്നിരുന്നാലും ആഘോഷ ദിവസങ്ങളില്‍ പ്രവര്‍ത്തനം രാത്രി 9 വരെ ദീര്‍ഘിപ്പിക്കാന്‍ സ്ഥാപന മേധാവിക്ക് അധികാരമുണ്ടായിരിക്കും. മധ്യവേനലവധിക്കാലത്ത് യൂണിയന്‍ ഓഫീസിന്റെ താക്കോല്‍ സ്ഥാപന മേധാവിയുടെ അധീനതയില്‍ സൂക്ഷിക്കണം. സ്ഥാപന മേധാവിയോ, കോളജ് കൌണ്‍സില്‍ നിയോഗിക്കുന്ന സമിതിയോ യൂണിയന്‍ ഓഫീസ് ഇടയ്ക്കിടെ സന്ദര്‍ശിക്കും.
ആഘോഷ സമയത്തു കോളജ് കാമ്പസിലും ഹോസ്റലിലും യാതൊരുവിധ വാഹനങ്ങളും ഉപയോഗിക്കാന്‍ അനുവദിക്കില്ല. വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ക്കു പാര്‍ക്കിംഗ്സ്ഥലം വരെ പ്രവേശനം അനുവദിക്കും. അതിനപ്പുറത്തേക്ക് പ്രവേശനം കര്‍ശനമായി നിയന്ത്രിക്കും. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് കോളജ് അധികൃതര്‍ സുരക്ഷ ഒരുക്കണം. ഇതിനുള്ള ചെലവ് പി.ടി.എ. ഫണ്ടില്‍നിന്നോ കോളജ് ഫണ്ടില്‍ നിന്നോ കണ്െടത്തണം.
കോളജ് കാമ്പസിന്റെയും ഹോസ്റലിന്റെയും സുരക്ഷാ ചുമതലയ്ക്കു കഴിയുന്നത്ര വിമുക്തഭടന്‍മാരെ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റലുകള്‍ നിരീക്ഷിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായി അഞ്ച് അംഗങ്ങളുള്ള പ്രത്യേക സമിതികളെ കോളജ് കൌണ്‍സില്‍ നിയോഗിക്കണം. ഹോസ്റല്‍ വാര്‍ഡനും ഉള്‍പ്പെടുന്ന ഈ സമിതിയുടെ അധ്യക്ഷന്‍ സ്ഥാപന മേധാവിയായിരിക്കും. ഹോസ്റലുകളില്‍ ആയുധം സൂക്ഷിക്കുക, ഹോസ്റലിലും കാമ്പസിലും മദ്യവും ലഹരി മരുന്നും ഉപയോഗിക്കുക തുടങ്ങിയ പരാതികള്‍ അന്തേവാസികളില്‍ നിന്നോ പൊതുജനങ്ങളില്‍ നിന്നോ ലഭിച്ചാല്‍ നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. ഹോസ്റലുകള്‍ക്കായുള്ള സമിതി ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. പ്രവേശന കവാടത്തിന് അടുത്തായി സുരക്ഷാ ജീവനക്കാര്‍ക്കുള്ള മുറി ഒരുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കോളജ് ഹോസ്റലിന്റെയും പ്രവേശന കവാടത്തിലും പുറത്തേക്കുള്ള വഴിയിലും നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണം. യഥാര്‍ഥ ആവശ്യങ്ങള്‍ക്കു മാത്രമേ പൂര്‍വവിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ക്കു കോളജ് കാമ്പസില്‍ പ്രവേശനം അനുവദിക്കൂ. യാതൊരു കാരണവശാലും ഇവരെ ക്ളാസ് മുറികളിലും ഹോസ്റലിലും കയറാന്‍ അനുവദിക്കില്ല.
ഡിജെ, സംഗീത പരിപാടികള്‍ തുടങ്ങിയ പുറംഏജന്‍സികളുടെയും പ്രഷണല്‍ സംഘങ്ങളുടെയും പരിപാടികള്‍ കാമ്പസില്‍ അനുവദിക്കില്ല. ഫണ്ട് ദുര്‍വിനിയോഗത്തിലേക്ക് നയിക്കുമെന്നതിനാല്‍ ഇത്തരം പരിപാടികള്‍ക്കായി വിദ്യാര്‍ഥികളില്‍ നിന്നു ധനസമാഹരണവും അനുവദിക്കില്ല. ടെക്നിക്കല്‍ ഫെസ്റിവലുകള്‍ സാങ്കേതിക പ്രവര്‍ത്തനങ്ങളില്‍ ഒതുക്കി നിര്‍ത്തണം. വിദ്യാര്‍ഥികളുടെ പരിപാടികള്‍ക്കു നിയന്ത്രണമില്ല. വിദ്യാര്‍ഥികളുടെ കാര്‍ റേസ്, ആനയെ ഉപയോഗിച്ച് ഘോഷയാത്ര തുടങ്ങിയവ കാമ്പസിലും ഹോസ്റലിലും അനുവദിക്കില്ല.
വിദ്യാര്‍ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി എല്ലാ ആഘോഷങ്ങളും മുന്‍കൂട്ടി പോലീസിനെ അറിയിക്കണം. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹരിക്കാന്‍ കൌണ്‍സലിംഗ്/സോഷ്യല്‍ വര്‍ക്ക് സര്‍വീസ് തുടങ്ങിയവ ഏര്‍പ്പെടുത്തണം. വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും കൌണ്‍സലിംഗ് സംഘടിപ്പിക്കാം. റാഗിംഗ് വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. എന്‍എസ്എസ്, എന്‍സിസി, യോഗ, കായികമത്സരങ്ങള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കണം.
കാമ്പസില്‍ വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് അധ്യാപകരുടെ സാന്നിധ്യം നിര്‍ബന്ധമാണ്. പരിപാടികള്‍ രാത്രി 9-തിനപ്പുറം ദീര്‍ഘിപ്പിക്കാന്‍ പാടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മെന്‍സ് ഹോസ്റലിന്റെ മാതൃകയില്‍ മറ്റു കോളജുകളിലെ ഹോസ്റലുകളുടെ പ്രവര്‍ത്തനം പരിഷ്കരിക്കാനും മാര്‍ഗനിര്‍ദേശമുണ്ട്. ബദല്‍മാര്‍ഗമെന്ന നിലയില്‍ ഹോസ്റല്‍ മെസ് കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാം. എല്ലാ കോളജുകളിലും പരാതിപരിഹാര സെല്‍ നിര്‍ബന്ധമായും രൂപീകരിച്ചിരിക്കണം. കോളജുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കണം. ഇതില്‍ ഒരു പെട്ടി പോലീസിനുള്ള പരാതികള്‍ നിക്ഷേപിക്കാനുള്ളതാവണം. ജില്ലാതലത്തിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈല്‍ നമ്പര്‍ ഈ പെട്ടിയില്‍ രേഖപ്പെടുത്തിയിരിക്കണം. ഹോസ്റല്‍ നയം സംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും.
Source: Deepika