News >> സ്നേഹം രക്ഷയുടെ താക്കോല്‍:പാപ്പാ.
ദൈവം നമുക്കേകുന്ന സൗജന്യരക്ഷയുടെ താക്കോല്‍ സ്നേഹമാണെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
വത്തിക്കാനില്‍ വ്യാഴാഴ്ച രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ സുവിശേഷചിന്തകള്‍ പങ്കുവയ്ക്കുകയായിരുന്നു ഫ്രാന്‍ സിസ് പാപ്പാ.
"നിയമജ്ഞരേ നിങ്ങള്‍ക്കു ദുരിതം. നിങ്ങള്‍ വിജ്ഞാനത്തിന്‍റെ താക്കോല്‍ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു പ്രവേശിച്ചില്ല, പ്രവേശിക്കാന്‍ വന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തു".ലൂക്കായുടെ സുവിശേഷത്തിലെ ഈ വാക്കുകള്‍ അടങ്ങിയ പതിനൊന്നാം അദ്ധ്യായം 47 മുതല്‍ 54 വരെയുള്ള വാക്യങ്ങള്‍ ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.
ദൈവത്തിന്‍റെ ചക്രവാളങ്ങളെയും അവിടത്തെ സ്നേഹത്തെയും ചെറുതാക്കിക്കളയുന്ന നിയമജ്ഞര്‍ക്കെതിരെ - വാതിലടച്ച് സ്നേഹത്തിന്‍റെ താക്കോലെടുത്തു മാറ്റുന്നവര്‍ക്കെതിരെ - ജാഗ്രതപാലിക്കാനുള്ള ആഹ്വാനം പാപ്പായുടെ ഈ സുവിശേഷ പ്രഭാഷണത്തില്‍ മുഴങ്ങി.
വാതിലടച്ച് സ്നേഹത്തിന്‍റെ താക്കോലെടുത്തു മാറ്റുന്നവര്‍ ദൈവം നല്കുന്ന സൗജന്യദാനമായ രക്ഷയ്ക്ക് യോഗ്യരല്ല എന്ന വസ്തുത പാപ്പാ വ്യക്തമാക്കി.
സ്നേഹത്തിന്‍റെ ചക്രവാളങ്ങളെന്തെന്ന് ഗ്രഹിക്കാനുള്ള അനുഗ്രഹം കര്‍ത്താവ് നല്കിയെന്നു പ്രഖ്യാപിക്കുന്ന ആവിലായിലെ വിശുദ്ധ ത്രേസ്യായുടെ തിരുന്നാള്‍ ഒക്ടോബര്‍ 15 -നാചരിക്കപ്പെടുന്നതും ആ വിശുദ്ധയുടെ അഞ്ചാം ജന്മശതാബ്ദി ഇക്കൊല്ലം ആഘോഷിക്കപ്പെടുന്നതും പാപ്പാ അനുസ്മരിക്കുകയും ചെയ്തു.
Source: Vatican Radio