News >> മെത്രാന്മാരുടെ സിനഡ്
ഈ മാസം 4-നാരംഭിച്ച സിനഡുയോഗത്തിന്‍റെ പത്തും പതിനൊന്നും പൊതു സംഘങ്ങള്‍ ( GENERAL CONGREGATIONS) വ്യാഴാഴ്ച(15/10/15) മാര്‍പ്പാപ്പായുടെ സാന്നിധ്യത്തില്‍ നടന്നു. ബുധനാഴ്ച രാവിലെ താന്‍ വത്തിക്കാനില്‍ പ്രതിവാര പൊതുകൂടിക്കാഴ്ച അനുവദിക്കുകയായിരുന്നതിനാല്‍ ആസമയത്തു നടന്ന എട്ടാമത്തെ പൊതുസംഘ ത്തില്‍ ഫ്രാന്‍സിസ് പാപ്പാ സന്നിഹിതനായിരുന്നില്ല. അതില്‍ 264 സിനഡുപിതാക്കന്മാര്‍ പങ്കെടുത്തു. അന്നു വൈകുന്നേരം നടന്ന ഒമ്പതാമത്തെ പൊതുസംഘത്തില്‍ ഫ്രാന്‍സിസ് പാപ്പായ്ക്കൊപ്പം 238 സിനഡുപിതാക്കന്മാര്‍ സംബന്ധിച്ചു. ഭാഷാടിസ്ഥാനത്തില്‍ തിരിക്കപ്പെട്ടിരിക്കുന്ന 13 ചെറുസംഘങ്ങളുടെ അഥവാ, CIRCULI MINORES ന്‍റെ തിങ്കള്‍ ചൊവ്വ ദിനങ്ങളില്‍ നടന്ന 6 ഉം 7 ഉം 8 ഉം 9 ഉം യോഗങ്ങളില്‍ നിന്നുരുത്തിരിഞ്ഞ കാര്യങ്ങള്‍ ബുധനാഴ്ചത്തെ ആദ്യ പൊതുസംഘ ത്തില്‍ അവതരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള സമയത്ത് സിനഡിന്‍റെ പ്രവര്‍ത്തനരേഖയുടെ മൂന്നാം ഭാഗത്തെ അധികരിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. കുട്ടികളെ ദത്തെടുക്കല്‍, അവരെ വളര്‍ത്താന്‍ ഏല്പിക്കല്‍, വിവാഹത്തിന്‍റെ അസാധുത്വം, അതിനുള്ള കാരണങ്ങളിലൊന്നായ വിശ്വാസത്തിന്‍റെ അഭാവം, വിവാഹമെന്ന കൂദാശയ്ക്കണയുന്നതിന് ഉചിതമായ ഒരുക്കത്തിന്‍റെ ആവശ്യകത, കുടുംബത്തെ അലട്ടുന്ന പ്രശ്നങ്ങള്‍, അവ പരിഹരിക്കുന്നതിന് നല്ലസമറായക്കാരന്‍റെ മനോഭാവത്തോടെ വൈദികര്‍ അണയുന്നതിന് അവര്‍ക്ക് ഉചിതമായ പരിശീലനമേകേണ്ടതിന്‍റെ ആവശ്യകത തുടങ്ങിയവ ചര്‍ച്ചാവിഷയങ്ങളായി. ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഒമ്പതാം പൊതുസംഘത്തില്‍ നടന്ന വിചിന്തനങ്ങളില്‍ ഒന്ന് വിവാഹമോചനത്തിനു ശേഷം പുനര്‍വിവാവാഹം ചെയ്തവര്‍ പാപസങ്കീര്‍ത്തന കൂദാശയ്ക്കണയുകയും ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചായിരുന്നു. യുവജനത്തെ ഉചിതമായരീതിയില്‍ വിവാഹത്തിനൊരുക്കുക, വിവാഹമോചനങ്ങള്‍ ഒഴിവാക്കുക, വിവാഹമെന്ന വിളിയെ പക്വതയോടെ സമീപിക്കുക, വിവാഹജീവിതത്തില്‍ പാരജയപ്പെട്ടവര്‍ക്ക് താങ്ങാകുക എന്നിവയും കുടിയേറ്റക്കാരുടെ കുടുംബങ്ങളുടെയും ഭീകരാക്രമണത്തിനിരകളായ കുടുംബങ്ങളുടെയും അവസ്ഥയും പരാമര്‍ശവിഷയങ്ങളായി.Source: Vatican Radio