News >> കരുണയിലൂടെ സ്നേഹമായ ദൈവം മനുഷ്യനെ നീതീകരിക്കുന്നു: സിനഡ്
ഫാ.ജോസഫ് സ്രാമ്പിക്കല്‍
വത്തിക്കാന്‍ സിറ്റി: ദൈവം സ്നേഹമാണെന്നും തന്റെ കരുണയിലൂടെയാണു ദൈവം മനുഷ്യനെ നീതീകരിക്കുന്നതെന്നും കുടുംബത്തെക്കുറിച്ചുള്ള വത്തിക്കാന്‍ സിനഡില്‍ മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി.
അതുകൊണ്ടുതന്നെ കരുണ, സത്യം, കൃപ, നീതി ഇവ തമ്മില്‍ വൈരുധ്യങ്ങളില്ല. ദൈവകരുണയുടെ ശക്തി കുടുംബങ്ങളിലാണു പ്രകടമാകേണ്ടത്. നൈയാമിക ധ്വനിയുള്ള വാക്കുകളുടെ ഉപയോഗം കുറച്ച് കൃപ, ആശീര്‍വാദം, ജീവിത ഉടമ്പടി തുടങ്ങിയ വാക്കുകളാണു കുടുംബത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ സഭ ഉപയോഗിക്കേണ്ടത്. അതുപോലെ സഭ പിന്തുടരേണ്ടതു പുരുഷന്റെയും സ്ത്രീയുടെയും കൂട്ടായ്മയെക്കുറിച്ചു പറയുന്ന ഉല്പത്തി പുസ്തകത്തില്‍ ആരംഭിച്ച് ഈശോയുടെ ജീവിതത്തിലൂടെ മകുടമണിയിക്കുന്ന ദൈവത്തിന്റെ ബോധനരീതിയാണ്.
കുടുംബത്തിന്റെ സുവിശേഷം ഒരു ഭാരമല്ല മറിച്ചു സ്വാതന്ത്യ്രത്തിലും സന്തോഷത്തിലും ജീവിക്കാനുള്ള വിളിയാണ്. കത്തോലിക്കര്‍ക്കു മാത്രമല്ല മനുഷ്യവംശത്തിനുതന്നെ പ്രത്യാശയുടെ ഉറവിടമാണത്. അതുകൊണ്ടു വിവേകത്തോടും ജ്ഞാനത്തോടെയുമുള്ള വ്യക്തിപരമായ പരിപാലന അജപാലകര്‍ കുടുംബങ്ങള്‍ക്കു നല്കണം.
വിവിധ സംസ്കാരങ്ങള്‍ക്കനുയോജ്യമായ വേദപാഠപദ്ധതികള്‍ ഉണ്ടാകണം, വിവാഹമെന്ന കൂദാശ സ്വീകരിക്കാന്‍ യുവാക്കള്‍ക്കനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ സഭ കൂടുതലായി പഠിക്കണം. നസ്രത്തിലെ കുടുംബത്തിന്റെ രഹസ്യത്തിലേക്കു പ്രവേശിക്കാന്‍ കുടുംബങ്ങളെ സഹായിക്കാന്‍ കാര്യക്ഷമവും ഗ്രാഹ്യവുമായ മാര്‍ഗം സഭ സ്വീകരിക്കണം. ദൈവത്തിന്റെ മഹത്വം അനുഭവിക്കാന്‍ വേണ്ടിയുള്ള അനുയോജ്യ സ്ഥലമാണു കുടുംബം. അടിസ്ഥാനമൂല്യം പഠിക്കുന്ന വിദ്യാലയമാണത്.
പ്രാര്‍ഥനയുടെ ജീവിതവും പരിസ്ഥിതി കാര്യങ്ങളില്‍ താത്പര്യവും സ്നേഹത്തില്‍ പങ്കുവയ്പും നടത്തി സാക്ഷ്യം വഹിക്കാനായി കുടുംബങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നു. വിവാഹമെന്ന ക്രിസ്തീയ കൂദാശ എന്താണെന്നു വിശ്വാസികളെ പഠിപ്പിക്കണം. താത്കാലികതയുടെ സംസ്കാരത്തെ ചെറുക്കേണ്ടതു വിവാഹമെന്ന കൂദാശയുടെ സൌന്ദര്യം ഉയര്‍ത്തിപ്പിടിച്ചാണ്. ക്രിസ്തീയ സമൂഹം പ്രത്യേകമായ ശ്രദ്ധയോടെ കുടുംബജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും അനുഗമിക്കണം.
ബുധനാഴ്ച നടന്ന പൊതുദര്‍ശനത്തിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലും റോമിലും അടുത്ത കാലത്തുണ്ടായ ഉതപ്പുകള്‍ക്കു മാപ്പുചോദിച്ചു. ഉതപ്പു മൂലം ലോകത്തിനു ദുരിതം എന്ന സുവിശേഷഭാഗം വ്യാഖ്യാനിക്കുന്നതിനു മുമ്പാണു മാര്‍പാപ്പ മാപ്പു ചോദിച്ചത്.
ഇന്നലെ സിനഡിന്റെ പത്തും പതിനൊന്നും പൊതുസമ്മേളനങ്ങളാണു നടന്നത്. ഇന്നു പന്ത്രണ്ടാം പൊതുസമ്മേളനത്തില്‍ കത്തോലിക്കേതര ക്രിസ്തീയ സഭകളുടെ പ്രതിനിധികള്‍ സംസാരിക്കും. ഉച്ചകഴിഞ്ഞു 4.30ന് തുടങ്ങുന്ന പതിമൂന്നാം പൊതുസമ്മേളനത്തില്‍ മെത്രാന്മാരല്ലാത്ത സിനഡ് പ്രതിനിധികള്‍ സിനഡിനെ അഭിസംബോധനചെയ്യും.
നാളെ 9.30 മുതല്‍ 12.30വരെ, പോള്‍ ആറാമന്‍ മാര്‍പാപ്പ മെത്രാന്‍ സിനഡ് തുടങ്ങിയതിന്റെ സുവര്‍ണ ജുബിലി ആഘോഷങ്ങള്‍ പോള്‍ ആറാമന്‍ ഹാളില്‍ നടക്കും. ഉച്ചകഴിഞ്ഞ് 4.30 മുതല്‍ ഭാഷാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളുടെ പത്താം സമ്മേളനം നടക്കും.
Source: Deepika