News >> വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ തീക്ഷ്ണതയുള്ള പ്രേഷിതന്‍: മാര്‍ ജോര്‍ജ് ഞരളക്കാട്ട്
രാമപുരം: പ്രേഷിത പ്രവര്‍ത്തനരംഗത്തു വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തീക്ഷ്ണതയും ആവേശവും തലമുറകള്‍ക്കു മാതൃകയാണെന്നു തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടനുബന്ധിച്ചു രാമപുരം ഫൊറോന പള്ളിയില്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നിറഞ്ഞ കാലഘട്ടത്തില്‍ ശാരീരിക ബലഹീനതകള്‍ മറന്ന് ആവേശത്തോടെ സുവിശേഷവേല ചെയ്ത കുഞ്ഞച്ചന്‍ തളരാത്ത പ്രേഷിതനായിരുന്നു. പ്രാര്‍ഥനയായിരുന്നു കുഞ്ഞച്ചന്റെ ശക്തി. പ്രാര്‍ഥനയിലൂടെ പരിശുദ്ധാത്മാവിന്റെ അനുഗ്രഹം ലഭിച്ചതാണ് നല്ല ഇടയന്‍ എന്ന നിലയില്‍ പ്രേഷിതവേല ചെയ്യാന്‍ കുഞ്ഞച്ചനു പ്രചോദനമായത്. പാര്‍ശ്വവത്കരിക്കപ്പെട്ട ദളിത് സമൂഹത്തിന്റെ സര്‍വതോമുഖമായ പുരോഗതിയാണു കുഞ്ഞച്ചന്‍ ലക്ഷ്യമിട്ടതെന്നും മാര്‍ ഞരളക്കാട്ട് പറഞ്ഞു.
രാവിലെ 5.30 മുതല്‍ തുടര്‍ച്ചയായി പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. മാര്‍ ജോര്‍ജ് ഞരളക്കാട്ട് നേര്‍ച്ചഭക്ഷണം വെഞ്ചരിച്ചു. റവ. ഡോ. കുര്യന്‍ മാതോത്ത്, റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, റവ. ഡോ. ജോസഫ് മലേപ്പറമ്പില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പള്ളിമൈതാനത്ത് പ്രത്യേകം തയാറാക്കിയ കൌണ്ടറുകളിലായി നേര്‍ച്ചഭക്ഷണം വിതരണം ചെയ്തു. ഇടതടവില്ലാതെ നേര്‍ച്ചഭക്ഷണം വിതരണം ചെയ്യാന്‍ അഞ്ഞൂറു വോളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കിയിരുന്നു.
പതിനായിരങ്ങള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് നേര്‍ച്ചഭക്ഷണം കഴിച്ചതായി വൈസ് പോസ്റുലേറ്റര്‍ റവ. ഡോ. കുര്യന്‍ മാതോത്ത് അറിയിച്ചു.
Source: Deepika