News >> ദത്തെടുക്കല്‍: പുതിയ മാര്‍ഗരേഖ ആശങ്കാജനകമെന്നു സിബിസിഐ
പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി: ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര വനിതാ, ശിശുക്ഷേമ മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗരേഖയിലെ ചില വകുപ്പുകള്‍ ആശങ്കാജനകമാണെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി. കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിലപാടുകള്‍ മനുഷ്യജീവന്റെ അന്തസിനും പ്രധാന മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്നു സിബിസിഐ സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് ഡോ. ആല്‍ബര്‍ട്ട് ഡിസൂസയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചൂണ്ടിക്കാട്ടി.
മദര്‍ തെരേസ രൂപം നല്‍കിയതും പരക്കേ അംഗീകരിക്കപ്പെട്ടതുമായ രാജ്യത്തെ നിലവിലുള്ള ദത്തെടുക്കല്‍ മൂല്യങ്ങള്‍ക്കും തത്ത്വങ്ങള്‍ക്കും കടകവിരുദ്ധമായ പലതും പുതിയ മാര്‍ഗരേഖയില്‍ ഉണ്െടന്നു സിബിസിഐയുടെ നിയമ, പൊതുതാത്പര്യ വ്യവഹാരങ്ങള്‍ക്കായുള്ള സമിതി ചൂണ്ടിക്കാട്ടി. മനുഷ്യജീവന്റെ അന്തസും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതിനു കഴിയാത്ത തരത്തിലാണു കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖയെന്ന മിഷനറീസ് ഓഫ് ചാരിറ്റിയുടെ അഭിപ്രായം സിബിസിഐ പൂര്‍ണമായും ശരിവച്ചു. ഒറ്റയ്ക്കു കഴിയുന്ന ഏതെങ്കിലുമൊരു പുരുഷനോ സ്ത്രീയോ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ അനുവദിക്കുന്ന നടപടികള്‍ തീര്‍ത്തും അസ്വീകാര്യമാണ്. ദത്തെടുക്കലിന്റെ ഉദ്ദേശം തന്നെ പരാജയപ്പെടുത്തുന്നതും ദത്തെടുക്കപ്പെടുന്ന കുട്ടിക്കു പലതരത്തിലുള്ള അപകടസാധ്യതകള്‍ ഉണ്ടാക്കുന്നതുമാണിത്.
ദത്തെടുക്കുന്നയാള്‍ക്കു ആറു കുട്ടികളെ കാണിച്ചു കൊടുത്ത് ഇഷ്ടമുള്ള കുട്ടിയെ സ്വീകരിക്കാമെന്ന വ്യവസ്ഥയും ഇതേപോലെ തന്നെ അപകടകാരിയാണ്. കുട്ടികള്‍ക്കു മനുഷ്യത്വപരമായ അന്തസ് നിഷേധിച്ചുകൊണ്ടു ഇഷ്ടമുള്ളതു തെരഞ്ഞെടുക്കുന്ന വെറുമൊരു ചരക്കുകൈമാറ്റത്തിന്റെ തലത്തിലേക്കു തരംതാഴുന്നതുമാണ് ഈ വ്യവസ്ഥയെന്നു സിബിസിഐ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗരേഖയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയമവിദഗ്ധരുടെ സമിതിയെ സിബിസിഐ ആസ്ഥാനത്തു നടന്ന യോഗത്തില്‍ തെരഞ്ഞെടുത്തു. നൂറുകണക്കിനു സന്യാസ, സന്യാസിനികളുടെ നേതൃത്വത്തില്‍ ആത്മസമര്‍പ്പണത്തോടെ രാജ്യത്താകെ പ്രവര്‍ത്തിക്കുന്ന ദത്തെടുക്കല്‍ കേന്ദ്രങ്ങളുടെ നല്ല ലക്ഷ്യവും അന്തസും പരിപാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നിയമവിദഗ്ധരുടെ സമിതി സമര്‍പ്പിക്കുമെന്നു സിബിസിഐ വക്താവ് ഫാ. ഗ്യാന്‍പ്രകാശ് ടോപ്നോ അറിയിച്ചു. സ്നേഹത്തോടെയും കരുതലോടെയും അന്തസോടെയും കുട്ടികളെ പരിപാലിക്കാന്‍ കഴിയുന്ന തരത്തില്‍ ദത്തെടുക്കല്‍ പ്രക്രിയ നടപ്പാക്കേണ്ടതു അനിവാര്യമാണെന്നു സിബിസിഐ സമിതി ഓര്‍മിപ്പിച്ചു.
Source: Deepika