News >> സഭാപഠനത്തിലും അജപാലനത്തിലും ഏകസത്യമാണു വെളിപ്പെടേണ്ടത്: സിനഡ്

ഫാ. ജോസഫ് സ്രാമ്പിക്കല്‍

വത്തിക്കാന്‍ സിറ്റി: വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള സഭയുടെ പഠനത്തില്‍ ഒരു സത്യം, അജപാലനത്തില്‍ മറ്റൊരു സത്യം എന്നിങ്ങനെ ഇരട്ട സത്യങ്ങളില്ലെന്നു വത്തിക്കാന്‍ സിനഡില്‍ സഭാ മേലധ്യക്ഷന്‍മാര്‍. മനുഷ്യനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള മിശിഹായുടെ സത്യം കരുണയോടെ സാക്ഷ്യപ്പെടുത്തികൊണ്ട് അനേകം വ്യക്തികളുടെ കാത്തിരിപ്പിന് ഉത്തരം കൊടുക്കാനാണു സഭ വിളിക്കപ്പെട്ടിരിക്കുന്നത്. തുറവിയുള്ള, ശ്രവിക്കാന്‍ മനസുള്ള നന്നായി പരിശീലനം ലഭിച്ച അജപാലകരെ കുടുംബങ്ങള്‍ക്കു പ്രത്യേകിച്ചു പ്രതിസന്ധിയിലായിരിക്കുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമുണ്ട്. ഇത്തരം കുടുംബങ്ങളെ ആരും ഒറ്റപ്പെടുത്താന്‍ പാടില്ല. 

ആധുനികലോകത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കാതെ സഭ സ്നേഹത്തില്‍ സത്യം സംസാരിക്കണം. വിവേകവും ആത്മീയ വിവേചനവും സ്നേഹത്തില്‍ സത്യം സംസാരിക്കാന്‍ ആവശ്യമാണ്.

സഭയുടെ പഠനങ്ങളല്ല, വ്യത്യസ്ത കാരണങ്ങളാല്‍ സഭാ ജീവിതത്തിന്റെ വരമ്പുകളില്‍ ജീവിക്കുന്നവരോടുള്ള സഭയുടെ മനോഭാവമാണു മാറേണ്ടത്. ക്രിസ്തീയ വ്യക്തിത്വം എപ്പോഴും നിലനിര്‍ത്തിക്കൊണ്ട് എല്ലാവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കണം. ക്രിസ്തീയ സമൂഹത്തിനു മുഴുവനായും ഒരു മാനസാന്തരത്തിന്റെയും നവസുവിശേഷവത്കരണത്തിന്റെയും ആവശ്യകതയുണ്ട്. വിവാഹങ്ങള്‍ പരാജയപ്പെടുന്നത് ഒഴിവാക്കാന്‍ വിവാഹവാഗ്ദാനം ചെയ്തവരെ മെച്ചപ്പെട്ട രീതിയില്‍ വിവാഹത്തിനായി ഒരുക്കണം. അതിനായി ആധുനിക സമ്പര്‍ക്ക ഉപാധികള്‍ ഉപയോഗിക്കണം. കുടുംബങ്ങളെ കേള്‍ക്കാന്‍, അനുധാവനം ചെയ്യാന്‍, ഉപദേശിക്കാന്‍ അജപാലകര്‍ ഉണ്ടാകണം. വിശുദ്ധിയിലേക്കുള്ള സാര്‍വത്രിക ദൈവവിളിയില്‍ ഏറ്റവും ഉന്നതമായ വഴികളിലൊന്നാണു വിവാഹമെന്ന് പലര്‍ക്കും അറിവില്ല. അതിനു കാരണം ഒരുപക്ഷേ അതൊരു സ്വാഭാവികയാഥാര്‍ഥ്യം ആയതാകാം. ദമ്പതികള്‍ എങ്ങനെയെങ്കിലും ജീവിച്ച് തൃപ്തിപ്പെടാതെ സത്യത്തിലും, ശരിയായര്‍ഥത്തിലും പ്രാര്‍ഥനയുടെ ഒരു കൂട്ടായ്മയായി മാറുകയും ജീവിതത്തിലൂടെയും മാതൃകയിലൂടെയും കുടുംബത്തിന്റെ സുവിശേഷത്തിന്റെ പ്രഘോഷകരായി മാറുകയും ചെയ്യണം. 

Source: Deepika