News >> മാര്‍ ആന്റണി കരിയില്‍ ഇന്ന് അഭിഷിക്തനാകും
ഡെന്നിസ് ജേക്കബ്
ബംഗളൂരു: ബംഗളൂരുവിലെ ജില്ലകള്‍കൂടി ഉള്‍പ്പെടുത്തി വിശാലമായ മാണ്ഡ്യ രൂപതയുടെ ഇടയനായി റവ.ഡോ. ആന്റണി കരിയില്‍ സിഎംഐ ഇന്ന് അഭിഷിക്തനാകും. മൈസൂരു ഹിങ്കല്‍ ഇന്‍ഫന്റ് ജീസസ് കത്തീഡ്രലിലാണ് മെത്രാഭിഷേക ചടങ്ങുകള്‍ നടക്കുന്നത്. ഉച്ചകഴിഞ്ഞു രണ്ടിന് ബിഷപ്പുമാര്‍ക്കു സ്വീകരണം നല്കും.
മെത്രാഭിഷേക ശുശ്രൂഷയില്‍ തലശേരി അതിരൂപത മെത്രാപ്പോലീത്തയും മാണ്ഡ്യ മുന്‍ മെത്രാനുമായ മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. അപ്പസ്തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ.സാല്‍വത്തോറെ പെനാക്കിയോ, ബംഗളൂരു ആര്‍ച്ച്ബിഷപ് ഡോ.ബര്‍ണാഡ് മോറസ് എന്നിവര്‍ സഹകാര്‍മികരാകും. ചടങ്ങില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി നാല്പതിലേറെ മെത്രാന്മാര്‍ പങ്കെടുക്കും. ദിവ്യബലിക്ക് മാര്‍ ആന്റണി കരിയില്‍ നേതൃത്വം നല്കും.
വൈകുന്നേരം അഞ്ചിനു നടക്കുന്ന അനുമോദന സമ്മേളനം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ.ബര്‍ണാഡ് മോറസ് അധ്യക്ഷതവഹിക്കും. കര്‍ണാടക ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി, റവന്യൂമന്ത്രി വി. ശ്രീനിവാസ പ്രസാദ്, മൈസൂരു ബിഷപ് ഡോ.തോമസ് ആന്റണി വാഴപ്പിള്ളി, എറണാകുളം- അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത്, അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ റാഫേല്‍ തട്ടില്‍, പുത്തൂര്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ്, സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. പോള്‍ ആച്ചാണ്ടി, എംഎസ്ടി ഡയറക്ടര്‍ ജനറല്‍ ഫാ. കുര്യന്‍ അമ്മനത്തുകുന്നേല്‍, പ്രതാപസിംഹ എംപി, എംഎല്‍എമാരായ ജി.ടി. ദേവഗൌഡ, വാസു തുടങ്ങിയവര്‍ പ്രസംഗിക്കും. ചടങ്ങില്‍ മത, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. കേരളത്തില്‍നിന്നുള്ള മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.
Source: Deepika