News >> ഫാസിസ്റ് പ്രവണതകള്‍ക്കെതിരേ ജാഗ്രത വേണം: കെസിബിസി ഐക്യജാഗ്രതാ സമിതി
കൊച്ചി: ഫാസിസ്റ് പ്രവണത രാഷ്ട്രിയ, സാമുദായിക പ്രസ്ഥാനങ്ങളുടെ മുഖ്യധാരാ സ്വഭാവമായി മാറുന്നതിനെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ഐക്യജാഗ്രതാ സമിതി ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് ആഹ്വാനംചെയ്തു. കെസിബിസി ഐക്യജാഗ്രതാ സമിതിയുടെ മേഖലാ, സംസ്ഥാന ഭാരവാഹികളുടെ സമ്മേളനം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാദേശിക, ദേശീയതലങ്ങളില്‍ ശക്തി പ്രാപിക്കുന്ന സാംസ്കാരിക തീവ്രവാദവും അസഹിഷ്ണുതയും സമാധാനപൂര്‍ണമായ സാമൂഹ്യജീവിതത്തിനും ഭാരതത്തിന്റെ പൌരാണിക പാരമ്പര്യങ്ങള്‍ക്കും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതര ജനാധിപത്യത്തിനും പൌരസ്വാതന്ത്യ്രത്തിനും കടുത്ത ഭീഷണി ഉയര്‍ത്തുന്നുണ്ട്. രാഷ്ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി സമുദായങ്ങള്‍ തമ്മില്‍ ശത്രുതയും സ്പര്‍ധയും വളര്‍ത്തുന്നതിനു ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമം നടത്തുന്നതു തിരിച്ചറിയാനുള്ള പക്വത സമൂഹത്തിനുണ്ടാകണം. ഭരണത്തിന്റെ നേതൃതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും ഭീഷണികളും അവകാശവാദങ്ങളുമുയര്‍ത്തി ജനങ്ങളില്‍ ബോധപൂര്‍വം ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും ബിഷപ് പറഞ്ഞു.
'സഭയും സമൂഹവും നേരിടുന്ന കാലിക പ്രശ്നങ്ങളും പ്രതിവിധികളും' എന്ന വിഷയത്തില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ.വി.വി. ജോഷി, 'വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും പ്രതിവിധികളും' എന്ന വിഷയത്തില്‍ അധ്യാപക ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കന്‍, 'സഭയും രാഷ്ട്രീയവും കേരളത്തിന്റെ പശ്ചാത്തലത്തില്‍' എന്ന വിഷയത്തില്‍ എറണാകുളം-അങ്കമാലി അതിരൂപത പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, 'സമരത്തിന്റെ പുതിയ മുഖങ്ങളും പാഠങ്ങളും' എന്ന വിഷയത്തില്‍ വരാപ്പുഴ അതിരൂപത പാസ്ററല്‍ കൌണ്‍സില്‍ ജോയിന്റ് സെക്രട്ടറി അഡ്വ.ഷെറി ജെ. തോമസ് എന്നിവര്‍ പ്രബന്ധാവതരണം നടത്തി.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വര്‍ഗീസ് വള്ളിക്കാട്ട്, പിഒസി അസിസ്റന്റ് ഡയറക്ടര്‍ റവ.ഡോ.ജോര്‍ജ് കുരുക്കൂര്‍, കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.സാജു കുത്തോടിപുത്തന്‍പുരയില്‍, സീറോ മലബാര്‍ സഭാ വക്താവ് ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, കേരള കാത്തലിക് ഫെഡറേഷന്‍ പ്രസിഡന്റ് ഷാജി ജോര്‍ജ്, കമ്മീഷന്‍ മേഖലാ ഡയറക്ടര്‍ ഫാ. കോശി ചിറക്കരോട്ട്, സാബു ജോസ് എന്നിവര്‍ പ്രസംഗിച്ചു.
സ്വതന്ത്രമായി ചിന്തിക്കുകയും എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ ശാരീരികമായി ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്ന സാംസ്കാരിക ഫാസിസവും സമൂഹത്തിന്റെ ബഹുസ്വരതയെ നിഷേധിക്കുന്ന അവകാശവാദങ്ങളും തള്ളിക്കളയാന്‍ സമൂഹം തയാറാവണമെന്നും ഇത്തരം പ്രവണതകള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.
Source: Deepika